തെരുവനായകളുടെ വിഹാരകേന്ദ്രമായി ഇരിങ്ങാലക്കുട ബസ് സ്റ്റാന്‍ഡ്
ഇരിങ്ങാലക്കുട: നാട്ടുകാര്‍ക്ക് ഭീതി വിതച്ച് ബസ് സ്റ്റാന്‍ഡിലും പരിസര പ്രദേശങ്ങളിലും തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമാകുന്നു. അതിരാവിലെയാണ് ബസ് സ്റ്റാന്റ് പരിസരത്താണ് തെരുവ് നായകള്‍ കൂട്ടമായി താവളമടിച്ചിരിക്കുന്നത്. പരിസരമാകെ നായ്ക്കളുടെ വിഹാര കേന്ദ്രമായി മാറിയ നിലയാണ്. ദൂര സ്ഥലങ്ങളിലേയ്ക്ക് പോകുന്നതിനായി ബസ് സ്റ്റാന്‍ഡില്‍ എത്തുന്നവരെയും സ്കൂള്‍ വിദ്യാര്‍ത്ഥികളെയും മിക്കപ്പോഴും സ്വാഗതം ചെയ്യുന്നത് ഇവിടെ താവളമടിച്ചിരിക്കുന്ന നായ്ക്കളാണ്. സംഘം ചേര്‍ന്ന് റോഡില്‍ തമ്പടിക്കുന്ന നായ്ക്കൂട്ടത്തെ മറികടന്ന് പോകണമെന്നുള്ളത് വിദ്യാര്‍ത്ഥികള്‍ക്കും ഇരുചക്ര വാഹന യാത്രക്കാര്‍ക്കും ഏറെ ഭീതിജനകമായ കാര്യമായിരിക്കുന്നു. നായകളുടെ വിശ്രമമാകട്ടെ ബസ് സ്റ്റാന്‍ഡ് കെട്ടിടത്തിന്റെ വരാന്തകളിലും. നായ്ക്കളുടെ വംശവര്‍ധന തടയാനും പേവിഷ പ്രതിരോധകുത്തിവയ്പ് എടുക്കാനും കേന്ദ്രസര്‍ക്കാര്‍ മാതൃകാപദ്ധതി ആവിഷ്കരിച്ചെങ്കിലും കൃത്യമായി നടപ്പിലാക്കാത്തതാണ് ഇപ്പോഴുള്ള ഈ അവസ്ഥയ്ക്ക് കാരണം .കേന്ദ്രത്തിന്റെ പദ്ധതിപ്രകാരം ഒരു നായക്ക് 445 രൂപയാണ് അനുവദിച്ചിട്ടുള്ളത്. ഇതില്‍ 50 ശതമാനം കേന്ദ്രം നല്‍കും. ബാക്കി തദ്ദേശസ്ഥാപനമാണ് കണ്ടെത്തേണ്ടത്. പദ്ധതി പ്രകാരം തെരുവുനായകളെ വിവിധ വാര്‍ഡുകളില്‍ നിന്ന് ശസ്ത്രക്രിയ കേന്ദ്രത്തിലേക്ക് എത്തിക്കുകയും ശസ്ത്രക്രിയയ്ക്കും തുടര്‍ പരിചരണത്തിനും പേവിഷ ബാധയ്ക്ക് എതിരായ പ്രതിരോധ കുത്തിവയ്പ്പ് നടത്തി, തിരിച്ചറിയുന്നതിനായി ഇടതു ചെവിയില്‍ അടയാളം പതിച്ച ശേഷം അവയുടെ ആവാസ കേന്ദ്രത്തിലേക്ക് തന്നെ തിരിച്ചുവിടുകയും ചെയ്യുന്നതായിരുന്നു പദ്ധതി.
സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക അനുമതി പ്രകാരം ബെംഗളൂരു ആസ്ഥാമായ എന്‍ ജിഒയുടെ സഹകരണത്തോടെയായിരുന്നു എ.ബി.സി പദ്ധതിക്ക് തുടക്കം കുറിച്ചത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ് പദ്ധതി നടപ്പിലാക്കേണ്ടതെങ്കിലും ഇതുമായി ബന്ധപ്പെട്ടുള്ള കേന്ദ്ര സര്‍ക്കാരിന്റെ കടുത്ത നിബന്ധനകളാണ് എ.ബി.സി പദ്ധതി വിജയകരമായി നടപ്പിലാക്കാന്‍ കഴിയാതെ വന്നതെന്നുമുള്ള ആക്ഷേപവും നിലനില്‍ക്കുന്നുണ്ട്. നായ്ക്കളെ കൊല്ലാന്‍ പാടില്ലെന്ന സുപ്രിംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് വംശവര്‍ധന തടയാന്‍ പദ്ധതി തയ്യാറാക്കിയത്. എന്നാല്‍ ഈ പദ്ധതി കാര്യക്ഷമമായി നടപ്പിലായില്ല. എന്നാല്‍ അടുത്തിടെ വിവിധ പ്രദേശങ്ങളില്‍ നടന്ന നായ്ക്കളുടെ ആക്രമണം ജനങ്ങളില്‍ ഭീതി പടര്ത്തിയിരിക്കുകയാണിപ്പോള്. എത്രയുംവേഗം അധികൃതര്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നാണ് പൊതുജനങ്ങളുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: