മകനെ പഴംകൊണ്ടും, മരുമകനെ താക്കോലുകൊണ്ടും എറിയണം: മക്കൾക്ക് നിസ്സാരം എന്തെങ്കിലുംനൽകി തൃപ്തരാക്കാം. എന്നാൽ മരുമക്കൾക്ക് (സഹോദരീ പുത്രന്മാർ) സ്വത്ത് മുഴുവനും നൽകേണ്ടിവരും. മരുമക്കത്തായം നിലനിന്നിരുന്ന വീടുകളിൽ ചെയ്തിരുന്നതാണിത്. താക്കോൽ എന്നത് പണപ്പെട്ടിയുടേത് എന്നർത്ഥം.
പെണ്ണിന്റെകണ്ണ് മോളിലും കൈയുപിന്നിലും: അടിച്ചുവാരുമ്പോൾ മുകളിൽ മാറാലയുണ്ടോ എന്ന്ശ്രദ്ധിക്കണം. മുറിക്കകത്തുകടക്കുമ്പോൾ കൈ പിറകിൽ പിടിച്ച് വാതിലടക്കണം. മുറിക്കകത്തേക്ക് പരപുരുഷന്റെ പ്രവേശനം നിഷേധിക്കലും ആണ് ഉദ്ദേശ്യം.
അത്താഴം മുടക്കി പത്തായം നിറക്കരുത്: പട്ടിണികിടന്ന് സമ്പാദിക്കരുത്.
ചത്താലേ അറിയൂ ചെട്ട്യാരുടെനേട്ടം. : സ്വത്ത് സമ്പാദിച്ചതെല്ലാം ജീവിച്ചിരിക്കുമ്പോൾ ആരേയും അറിയിക്കാതെ രഹസ്യമാക്കിവെക്കും. ആളുമരിച്ചാലേ ഇതെല്ലാം അറിയൂ.
തനിപ്പൊന്നിനു തീപ്പേടിയില്ല: മായംചേർക്കാത്തപൊന്ന് തീയോടടുക്കുമ്പോൾ യാഥാർത്ഥ്യം വെളിപ്പെടും. പക്ഷേ തനിപ്പൊന്നിന് ആപേടിവേണ്ട. യഥാർത്ഥ മഹത്തുക്കൾക്ക് ശത്രുക്കളെ ഭയക്കാനില്ല.
ഇരിക്കുമ്പോ ഇരുമ്പുതിന്നണം: ജീവിച്ചിരിക്കുമ്പോൾനല്ല പോഷകാഹാരം കഴിക്കണം.
അപ്പത്തിൽ നെയ്യേറില്ല: നല്ലവസ്തുക്കൾ (സ്വഭാവങ്ങൾ) എത്രകൂടിയാലും കുഴപ്പമില്ല. നെയ്യേറുന്തോറും അപ്പത്തിന് ഗുണംകൂടും. നന്മ ഏറുന്തോറും മനുഷ്യർക്ക് ഗുണവും കൂടും.
കഴുതയെ തേച്ചാലേ കുതിരയാകുമോ: ദുർജ്ജനങ്ങളെ നന്നാക്കാൻ ശ്രമിക്കുന്നത് പാഴ്പ്ണി.
കാകൻ കാകൻ പികം പികം: കാക്കയും കുയിലും.നോക്കുമ്പോൾ ഒരുപോലെ പക്ഷേ ശബ്ദം കേട്ടാൽ മാറ്റം വ്യക്തമാകും. ഒന്ന് കർണ്ണകഠോരം, മറ്റേത് മണിനാദം. ബാഹ്യരൂപത്തിൽ തിരിച്ചറിയാത്തവരെ അവരുടെ സ്വഭാവത്താലും പെരുമാറ്റത്താലും മനസ്സിലാക്കാം.
”കാകഃ കൃഷ്ണഃ പിക കൃഷ്ണഃ
കോഭേദഃ പികാ കാകയോഃ
വസന്ത കാലേ സംപ്രപ്‌തേ
കാകഃ കാകഃ പികഃ പികഃ”
വിളഞ്ഞ കതിർ വളയും: നെല്ലിന്റെ ഭാരത്താൽ ചെടിവളയും വിനയം യഥാർത്ഥ മഹത്തത്ത്വത്തിന്റെ ലക്ഷണമാണ്.
വെള്ളംകുഴിതേടും വിധി ബുദ്ധിതേടും.
അനുഭവമാണ് ജീവിതത്തിലെ അദ്ധ്യാപകൻ. വിധിപോലെ ദുരന്തങ്ങൾ വന്നു ചേരവെ ബുദ്ധിയാൽ പ്രതിവിധിതേടുന്നത് മനുഷ്യധർമ്മം.
കൊള്ളുന്നതുവരെ കൊണ്ടാട്ടം. കൊണ്ടു കഴിഞ്ഞാൽ തീണ്ടാട്ടം.
കാര്യം സാധിക്കുന്നതുവരെ സ്‌നേഹവും ബഹുമാനവും സാധിച്ചു കഴിഞ്ഞാൽ പിന്നെ കണ്ട ഭാവംപോലുമില്ല. ~ഒരു തരം ദുഃസ്വഭാവം.
















