പേരാമ്പ്ര: ഭരണ സമിതിയുടെയും ബാങ്ക് ഉദ്യോഗസ്ഥരുടെയും കെടുകാര്യസ്ഥതയും അഴിമതിയും, സാമ്പത്തിക തിരിമറിമൂലവും പ്രതിസന്ധി നേരിടുന്ന നൊച്ചാട് പഞ്ചായത്തിലെ കല്‍പത്തൂര്‍ സഹകരണ ബാങ്കിന് കെഡിസി ബാങ്കിന്റെ സഹായത്തോടെ സാമ്പത്തിക സഹായം നല്‍കാനുള്ള സര്‍ക്കാര്‍ നീക്കം അപനീയമാണെന്ന് യുവമോര്‍ച്ച അഭിപ്രായപ്പെട്ടു. ബാങ്കിന്റെ വെബ് സൈറ്റ് ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിലാണ് സഹകരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ ഈ പ്രഖ്യാപനം നടത്തിയത്. ബാങ്കില്‍ സ്ഥിരം നിക്ഷേപ തട്ടിപ്പുമായി നേരത്തെ പരാതി ഉണ്ടായിരുന്നു. ഇതിനെതിരെ ബിജെപി അടക്കമുള്ള രാഷ്‌ട്രീയ പാര്‍ട്ടികള്‍ ശക്തമായി സമരരംഗത്ത് വന്നിരുന്നു. സര്‍ക്കാറിന്റെ ഈ നീക്കത്തിനെതിരെ പ്രതികരിക്കുമെന്ന് യുവമോര്‍ച്ച പേരാമ്പ്ര മണ്ഡലം സമിതി അറിയിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് കെ. അനൂപ് മാസ്റ്റര്‍ ,മണ്ഡലം പ്രസിഡണ്ട് നിഖില്‍ മോഹന്‍, ബിജിഷ് കെ. തുടങ്ങിയവര്‍ സംസാരിച്ചു.
















