കോട്ടയം: മാധ്യമ പ്രവര്‍ത്തനത്തിലെ മോശം പ്രവണതകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രസ്‌ക്ളബ് ജേണലിസം സ്‌കൂളിന്റെ പ്രവര്‍ത്തനോദഘാടനം പുതിയ പ്രസ്‌ക്ളബ് മന്ദിരത്തില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്തരം പ്രവണതകള്‍ കടന്നു വരുന്നതു വ്യാപകമായ കാലഘട്ടമാണിത്. സാമൂഹ്യപ്രതിബദ്ധതയുളള മാധ്യമ പ്രവര്‍ത്തനത്തിലൂടെ മാത്രമേ ഈ വെല്ലുവിളി നേരിടാനാവൂ.
ഭാവിയിലെ പത്രപ്രവര്‍ത്തകരെ വാര്‍ത്തെടുക്കുന്ന ജേണലിസം ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ക്ക് ഇക്കാര്യത്തില്‍ ഏറെ സംഭാവന ചെയ്യാനാവുമെന്നും അദ്ദേഹം പറഞ്ഞു. പെയ്ഡ് ന്യൂസ് ഉള്‍പ്പടെ ഒട്ടേറെ അനഭിലഷണീയ പ്രവണതകളെക്കുറിച്ചുളള വാര്‍ത്തകള്‍ മാധ്യമ ലോകത്തു തന്നെ ചര്‍ച്ച ചെയ്യുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടികാട്ടി. ഇവ നേരിടാന്‍ മാധ്യമധര്‍മം പാലിക്കുന്നതിന് പ്രാപ്തരായ യുവ മാധ്യമ പ്രവര്‍ത്തകരെ പരീശിലിപ്പിക്കുക എന്ന കര്‍മമാണ് നിര്‍വഹിക്കാനുളളതെന്നും അദ്ദേഹം പറഞ്ഞു. കോട്ടയം പ്രസ്‌ക്ളബ് ജേണലിസം സ്‌കൂള്‍ മനോഹരമായ സംവിധാനത്തിലേക്ക് മാറ്റുന്നതിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാ മാധ്യമ പ്രവര്‍ത്തകരെയും മുഖ്യമന്ത്രി അഭിനന്ദിച്ചു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി. പ്രസ്‌ക്ളബ് പ്രസിഡന്റ് എസ്. മനോജ് പ്രസ്‌ക്ളബിന്റെ ഉപഹാരം മുഖ്യമന്ത്രിക്കു സമര്‍പ്പിച്ചു. പ്രസ്‌ക്ളബ് പുതിയ മന്ദിരം പണിതീര്‍ത്ത എന്‍. ജെ തോമസ് കമ്പനിയുടെ എംഡി സിബി തോമസിന് ക്ളബിന്റെ ഉപഹാരം മുഖ്യമന്ത്രി പിണറായി വിജയനും സമ്മാനിച്ചു. പ്രസ്‌ക്ളബ് സെക്രട്ടറി ഷാലു മാത്യു, ഫാ. പ്രൊഫ. മാത്യു വാണിശേരി, പ്രസ്‌ക്ളബ് ജേണലിസം സ്‌കൂള്‍ ഡയറക്ടര്‍ തേക്കിന്‍കാട് ജോസഫ്, ഡെപ്യൂട്ടി ഡയറക്ടര്‍ എസ്. സനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
















