ഈശ്വരൻ നിങ്ങളെയും നിങ്ങളുടെ സഹോദരനെയും സഹോദരിയെയും അച്ഛനെയും അമ്മയേയും സ്‌നേഹിതരെയും ബന്ധുക്കളെയും സൃഷ്ടിച്ചു. അദ്ദേഹം സൂര്യനെയും ചന്ദ്രനെയും സൃഷ്ടിച്ചു. അവിടുന്ന് ജന്തുക്കളെയും പക്ഷികളെയും പർവതങ്ങളെയും നദികളെയും വൃക്ഷങ്ങളെയും സൃഷ്ടിച്ചു. ഈ ലോകംമുഴുവൻ സൃഷ്ടിച്ചു.
ഈശ്വരൻ നിങ്ങളുടെ ഹൃദയത്തിൽ വസിക്കുന്നു. അദ്ദേഹം എല്ലായിടത്തുമുണ്ട്; അദ്ദേഹം സർവവ്യാപിയും സർവജ്ഞനും സർവശക്തനും സർവദയാമയനുമാകുന്നു. അവിടുന്ന് എല്ലാവരെയും സ്‌നേഹിക്കുന്നുണ്ട്. അദ്ദേഹം സർവദാ ആനന്ദമയനത്രെ. നിങ്ങളുടെ ശരീരം ഈശ്വരന്റെ ചലിക്കുന്ന അമ്പലമാകുന്നു. ശരീരം പരിശുദ്ധവും ശക്തവും ആരോഗ്യവുമായി സൂക്ഷിക്കുക.
ദിവസേന ഈശ്വരനെ പ്രാർത്ഥിക്കുക. അദ്ദേഹം നിങ്ങൾക്ക് എല്ലാം നൽകും.
















