ആ കുഞ്ഞ് ഉറക്കെ കരയാൻ തുടങ്ങവേ, കാവൽക്കാർ ബോധം തെളിഞ്ഞ് എഴുന്നേറ്റു വരാൻ തുടങ്ങി. അവർ ഭയത്തോടെ കംസനെ വിവരമറിയിച്ചു. ‘ദേവകിക്ക് കുഞ്ഞുണ്ടായിരിക്കുന്നു, പെട്ടെന്ന് വന്നാലും പ്രഭോ’ എന്ന് പറഞ്ഞു അവർ അവരെ ഏൽപ്പിച്ച കാര്യം ചെയ്തു.
കംസൻ കാരാഗ്രഹത്തിലേയ്‌ക്ക് പാഞ്ഞു ചെന്നു. ‘ദേവകിയുടെ എട്ടാമത്തെ കുഞ്ഞിനെ പെട്ടെന്ന് തന്നെ എന്റെ കയ്യിൽത്തരിക’ എന്നയാൾ വസുദേവരോട് ആജ്ഞാപിച്ചു. വസുദേവർ ഭീതിയോടെ കുഞ്ഞിനെ കംസൻറെ കയ്യിൽ കൊടുത്തു. ‘എന്റെ ആജന്മശത്രുവായ ഹരിയെ ഞാനിന്നു കൊല്ലുന്നുണ്ട്’ എന്ന് പറഞ്ഞ് കംസൻ കുട്ടിയെ കയ്യിലെടുത്തു. പെൺകുട്ടിയാണ് കയ്യിലെന്നറിഞ്ഞ കംസൻ വിറളി പിടിച്ച് അലറി.
‘ഹെന്ത്? ദേവവാക്യവും നാരദരുടെ ഉപദേശവും എല്ലാം വെറുതെ! ഈ വസുദേവരാണെങ്കിൽ കപടം കാണിക്കാൻ വഴിയില്ല. അപ്പോൾപ്പിന്നെ ഈ കന്യക എവിടെ നിന്ന് വന്നു? എവിടെയാണ് എന്നെ കൊല്ലാൻ ജനിച്ച ആ കുമാരൻ? കാവൽക്കാരെ അവിശ്വസിക്കേണ്ടതായില്ല. ഏതായാലും കാലഗതി അറിയാൻ തുലോം ദുഷ്‌കരം തന്നെ’ ഇങ്ങിനെ പുലമ്പിക്കൊണ്ട് അയാളാ കുഞ്ഞിനെ കാൽ തൂക്കി നിലത്ത് തറയിൽ ആഞ്ഞടിക്കാൻ ആകാശത്തേയ്‌ക്കുയർത്തി.
കംസന്റെ ഉയർത്തിപ്പിടിച്ച കയ്യിൽ നിന്നും ആ കുഞ്ഞു വഴുതിമാറി. പെട്ടെന്ന് ദിവ്യരൂപമാർജ്ജിച്ച് ആകാശത്ത് നിലകൊണ്ടു. ‘എന്നെക്കൊന്നിട്ടു കാര്യമില്ല ദുരാത്മാവേ, നിന്റെ കാലൻ ഭൂമിയിൽ ജാതനായിക്കഴിഞ്ഞു. അതിശക്തനായ നിന്റെ ശത്രു നിന്നെ ഹനിക്കും എന്നതിൽ സംശയമില്ല.’ എന്ന് പറഞ്ഞിട്ട് ആ ദിവ്യരൂപം ആകാശത്തു നിന്നും മാഞ്ഞു പോയി.
കംസൻ ഭയവും ക്രോധവും പൂണ്ടു വിവശനായി തന്റെ കൊട്ടാരത്തിലെത്തി. ധേനുകനും വത്സൻ, കേശി, ബകൻ തുടങ്ങിയ ദാനവരും കംസന്റെ സവിധമണഞ്ഞു. അപ്പോൾ ആ ദുഷ്ടൻ പറഞ്ഞു: ‘നിങ്ങൾ എല്ലാവരും എനിക്ക് വേണ്ടി ഇപ്പോൾത്തന്നെ പുറപ്പെടുക. ഈ നാട്ടിൽ ഇപ്പോൾ ജനിച്ചുവീണ കുഞ്ഞുങ്ങളെയെല്ലാം നിർദ്ദാക്ഷിണ്യം കൊന്നു കളയുക. പൂതന ഗോകുലത്തിലേയ്‌ക്ക് പോവട്ടെ. മറ്റുള്ളവരും അവിടെച്ചെന്ന് ഞാൻ പറഞ്ഞ കാര്യം ചെയ്യുക. ഇങ്ങിനെ തന്റെ കാലനാകാൻ പോകുന്ന ഭഗവാനെ അനുനിമിഷം സ്മരിച്ചുകൊണ്ട് കംസൻ ചിന്താകുലനായി കൊട്ടാരത്തിൽ കഴിഞ്ഞു
















