കല്‍പ്പറ്റ : ജില്ലയില്‍ തെരുവുനായശല്യത്തിന് അറുതിവരുത്തണമെന്ന ആവശ്യത്തിന് ശക്തിയാര്‍ജ്ജിക്കുന്നു. കുറച്ചുവര്‍ഷങ്ങളായി ജില്ലയിലെ ജനങ്ങളുടെ ശക്തമായ ആവശ്യമാണ് തെരുവുനായ ശല്യത്തിന് അറുതിവരുത്തണമെന്നത്. തെരുവുനായ്ക്കളുടെ ശല്യത്തിന് പരിഹാരം തേടി വിവിധ സംഘടനകളും സമരരംഗത്തേക്ക് ഇറങ്ങിയിട്ടുണ്ട്. തെരുവുനായ് വിമുക്ത മാലിന്യരഹിത ഭാരതത്തിനായി കഴിഞ്ഞദിവസം ജില്ലയിലുടനീളം വാഹന റാലിയും നടന്നിരുന്നു. മാനന്തവാടി, കല്‍പ്പറ്റ, ബത്തേരി, വൈത്തിരി, പുല്‍പ്പള്ളി, പനമരം, മേപ്പാടി, അമ്പലവയല്‍, പടിഞ്ഞാറത്തറ, കമ്പളക്കാട് തുടങ്ങിയ പ്രധാന ടൗണുകളിലെല്ലാം തെരുവ് നായശല്യം രൂക്ഷമാണ്.
കഴിഞ്ഞവര്‍ഷം ചുണ്ടേയില്‍ എട്ടാംക്ലാസ്സുകാരിയെ തെരുവുനായ്ക്കള്‍ കടിക്കുകയും ഗുരുതരമായി പരിക്കേറ്റ കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപപത്രിയില്‍ പ്രവേശിപ്പിക്കുകയുമുണ്ടായി. കുട്ടികള്‍ക്കുമാത്രമല്ല വളര്‍ത്തുമൃഗങ്ങക്കും തെരുവ് നായ്ക്കള്‍ ഭീഷണിയായിട്ടുണ്ട്. വെള്ളമുണ്ട, നിരവില്‍പ്പുഴ പ്രദേശങ്ങളില്‍ തെരുവുനായ്ക്കളുടെ കടിയേറ്റവര്‍ നിരവധിയാണ്. മുണ്ടേരിയില്‍ കൈക്കുഞ്ഞുമായി റോഡിലൂടെ നടന്നുപോകുന്ന സ്ത്രീയെ നായ്ക്കള്‍ കൂട്ടമായി ആക്രമിച്ചപ്പോള്‍ നാട്ടുകാര്‍ ഓടിയെത്തിയതുമൂലമാണ് രക്ഷപ്പെടാനായത്. ആട്, പശു തുടങ്ങിയ വളര്‍ത്തുമൃഗങ്ങളെയും കോഴിയെയും നായ്ക്കള്‍ കടിച്ചുകൊല്ലുന്നതും പതിവായിട്ടുണ്ട്.
ടൗണുകളില്‍ മത്സ്യമാംസ മാര്‍ക്കറ്റിനോടനുബന്ധിച്ചാണ് തെരുവ്നായ് ശല്യം കൂടുതല്‍. മാംസത്തിന്റെയും മത്സ്യത്തിന്റെയും അവശിഷ്ടങ്ങള്‍ അലക്ഷ്യമായി വലിച്ചെറിയുന്നതാണ് ഇതിനുകാരണം. തെരുവുനായ്ക്കള്‍ മൂലം കഴിഞ്ഞവര്‍ഷംതന്നെ രൂക്ഷമായ പ്രശ്നങ്ങളുണ്ടായിട്ടും അധികൃതരുടെ ഭാഗത്തുനിന്നും വേണ്ട നടപടികള്‍ ഉണ്ടായിട്ടില്ല.
മാനന്തവാടി നഗരത്തില്‍ തെരുവ് നായ്ക്കള്‍ മൂലം രൂക്ഷമായ പ്രശ്നമാണ് ജനങ്ങള്‍ നേരിടുന്നത്. ജനസാന്ദ്രതയേറിയ ടൗണായിട്ടുപോലും കുട്ടികളും മുതിര്‍ന്നവരും ഭയത്തോടെയാണ് ഇതിലൂടെ സഞ്ചരിക്കുന്നത്. വെള്ളമുണ്ട, കണിയാരം, തലപ്പുഴ പ്രദേശങ്ങളിലും കുട്ടികളടക്കമുള്ളവര്‍ക്ക് തെരുവുനായയുടെ കടിയേറ്റു. കല്‍പ്പറ്റ ടൗണിലും ബത്തേരിയിലും പരിസര പ്രദേശങ്ങളിലും സ്ഥിതി വിഭിന്നമല്ല. സ്കൂള്‍ പരിസരങ്ങളിലും നഴ്സറി, അങ്കണവാടി തുടങ്ങി ക്യാമ്പസുകളില്‍ വരെ തെരുവ്നായ ശല്യം രൂക്ഷമാണ്. കുട്ടികളുമായെത്തുന്ന വീട്ടമ്മമാര്‍ക്കും അതിരാവിലെ ജോലിക്കിറങ്ങുന്ന പത്രവിതരണക്കാരും ക്ഷീരകര്‍ഷകരും തെരുവുനായ്ക്കളെ ഭയന്നാണ് സഞ്ചരിക്കുന്നത്. കാല്‍നടയായി വിദ്യാലയങ്ങളിലെത്തികൊണ്ടിരുന്ന നഗരപ്രദേശങ്ങളിലെ കുട്ടികള്‍ക്ക് ഹ്രസ്വദൂരയാത്രക്കായി വാഹനങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയാണിപ്പോള്‍. മത്സ്യ-മാംസ മാര്‍ക്കറ്റുകളില്‍ തമ്പടിച്ചിരിക്കുന്നതുപോലെ ഹോട്ടല്‍ പരിസരങ്ങളിലും ബസ്സ്റ്റാന്റുകളിലും മാലിന്യകൂമ്പാരങ്ങളിലും തെരുവ്നായ്ക്കള്‍ സ്ഥിരം കാഴ്ച്ചയാണ്. മാലിന്യം കടിത്തുകൊണ്ടുവന്ന് റോഡിലും മറ്റുമായി ഇടുന്നതും പതിവാണ്. കാല്‍നടയാത്രക്കാര്‍ക്കും ഇരുചക്രവാഹനക്കാര്‍ക്കും നായ്ക്കള്‍ ഭീഷണി ഉയര്‍ത്തുന്നു. തെരുവുനായ്ക്കളെ നിയന്ത്രിക്കാന്‍ അധികൃതരുടെ ഭാഗത്തുനിന്ന് കൃത്യമായ നടപടിയുണ്ടായില്ലെങ്കില്‍ വന്‍ വിപത്തിനുതന്നെയാണ് സാഹചര്യമൊരുക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: