രാജസ്ഥാന്‍കാരനാണെങ്കിലും ഇക്കാണായ ഇന്ത്യാ മഹാരാജ്യത്തിലെ സകലരും അദ്യത്തിന് സഹോദരീസഹോദരന്മാരാണ്. ഭരണഘടനയില്‍ എഴുതിവെച്ചതുകൊണ്ടോ, കൊച്ചുന്നാളില് പാഠപുസ്തകങ്ങളില്‍ വായിച്ചതുകൊണ്ടോ അല്ല.
അത് ജീവരക്തമായി സദാ സര്‍വഥാ ചോരയില്‍ കൂടി പാഞ്ഞൊഴുകുകയാണ്. ഈ ചോരയോട്ടത്തിന്റെ ശേഷിയും ശേമുഷിയും കണ്ടറിഞ്ഞും അനുഭവിച്ചും പണ്ടൊരാള് അദ്യത്തെ പൂച്ചപ്പടയില് ഉള്‍പ്പെടുത്തി. അന്ന് കള്ളന്മാരായ മൂഷിക പ്രജകളില്‍ എത്രയെണ്ണത്തെ കറുമുറാ കടിച്ചുകീറി ശാപ്പിട്ടുവെന്നൊന്നും ചോദിക്കരുത്.
ഇന്നും ആ പടയോട്ടത്തിന്റെ ഉള്‍ക്കരുത്ത് ഊര്‍ജപ്രഭവ കേന്ദ്രമായി സര്‍വീസ് ലോകത്ത് ചുരമാന്തിക്കൊണ്ടിരിക്കുന്നുണ്ട്. പൂച്ചപ്പടയുടെ ക്യാപ്റ്റന്‍ പല്ലുകൊഴിയുകയും വടി കുത്തിപ്പിടിക്കാന്‍ പോലും പരസഹായം വേണ്ടിവരികയും ചെയ്തിട്ടും ഇടക്യാപ്റ്റന് വെടിച്ചില്ലുപോലെ സക്രിയമാണ്. ആ ആവേശത്തിന്റെ ദൃശ്യപ്പൊലിമ നല്കാന് ചാനല്‍ തമ്പുരാക്കന്മാര് മത്സരിക്കുകയും ചെയ്യുന്നു.
അടുത്ത കാലത്ത് കല്‍പ്പിച്ചുകിട്ടിയ മറ്റൊരു പടനായക സ്ഥാനം ഏറ്റെടുത്തവാറെ സാക്ഷര കേരളത്തിതന്റെ മുക്കും മൂലയും പേടിച്ചുവിറച്ചിരിക്കുകയാണ്. മയക്കുമരുന്നിലെ മയ എന്നുപറഞ്ഞുതീരും മുമ്പ് പിടി വീണിരിക്കും. ആയതിനാല്‍ കഞ്ചാവ് മുതല്‍ കാപ്പിപ്പഞ്ചാര (ബ്രൗണ്‍ഷുഗര്‍ എന്ന് സ്റ്റാന്‍ഡേഡിലും പറയാം) വരെയുള്ള ഊര്‍ജദായക വസ്തുക്കളൊന്നും ഇപ്പോള്‍ കിട്ടാനില്ല.
ഗ്രാമപ്രദേശങ്ങളുടെ ഉത്സവവഴികളില് കഞ്ചാവു പുകയുടെ വര്‍ണാഭമായ യാത്രയില്ല. തനി ഗ്രാമീണനായ എക്സൈസ് മന്ത്രിയദ്യത്തിന് ഇത് പെരുത്തിഷ്ടപ്പെടുകും ചെയ്തു. ഏതായാലും മയക്കു മരുന്നിനെ ഒരു മൂലക്കിരുത്തിയ സ്ഥിതിക്ക് മറ്റൊരു മയക്കു വഴിക്കെതിരെയാണ് പുലിയുടെ പടയോട്ടം തുടങ്ങിയിരിക്കുന്നത്. മദ്യമന്ത്രി (ക്ഷമിക്കണം ഒര് ഇതിന് അങ്ങനെ വന്നു പോകുന്നതാണ്) അറിഞ്ഞുകൊണ്ടാണോ പുതിയ ഓപ്പറേഷന് എന്നൊന്നും നിശ്ചയമില്ല.
മയക്കുമരുന്നിനടിമപ്പെട്ട വിദ്വാന്മാരെ കുടുക്കാന്‍ ഏറ്റവും നല്ല വഴിയായാണ് പുതിയ മാര്‍ഗത്തെ കണ്ടു തുടങ്ങിയിരിക്കുന്നത്. അതായത് നേരെ ചൊവ്വേ ജീവിക്കുന്ന ചെറുപ്പക്കാര്‍ (ചെറുപ്പക്കാരികള്‍ക്കുള്ള ഒടിവിദ്യ പണിപ്പുരയില്‍ തയാറായി വരുന്നു) സഹോദരിമാരെ നാലര സെക്കന്റ് വരെ മാത്രമേ നോക്കുകയുള്ളു. അത് എല്ലാ വനിതകളും സഹോദരിമാരായതുകൊണ്ടാണ്.
അറിയാതെ വല്ല കരിയോ, ചാന്തോ, പൗഡറോ മുഖത്തുകൂടുതലായി പറ്റിപ്പിടിച്ചുവെങ്കില് അത് കണ്ടറിഞ്ഞ് തുടച്ചുമാറ്റാന്‍ ഉപദേശം കൊടുക്കാനാണ് ഈ നാലര സെക്കന്റ്. എഫ്ബിഐ എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (നമ്മുടെ സിബിഐയുടെ അമേരിക്കന്‍ സഹോദരന്) കണ്ടെത്തിയതാണത്രെ ഈ നാലരസെക്കന്റ്. ഇതില്‍ നിന്ന് അര സെക്കന്റ് കൂടിയാല്‍ സംഗതി വേറെ. അതായത് സഹോദരീഭാവം പോയ് മറഞ്ഞ് അവിടെ കാമലോചനാഭാവം.
(ഇതെന്ത് ഭാവം എന്ന് ചോദിക്കല്ലേ) ഉണരും. അത് പതിയെപ്പതിയെ വളര്‍ന്ന് കരാള രൂപം പ്രാപിക്കും. പിന്നീടുള്ള സംഭവഗതികള്‍ എല്ലാ സഹോദരിമാര്‍ക്കും ആലോചിച്ചാല്‍ അറിയാവുന്നതേയുള്ളൂ.
എഫ്ബിഐ കണ്ടെത്തിയ നാലരസെക്കന്റ് ഈ ഇന്ത്യാ മഹാരാജ്യത്തെ സാമൂഹികാവസ്ഥയും സാമ്പത്തിക പരിമിതിയും സര്‍വോപരി സംവരണ സ്ഥിതിയും മാനദണ്ഡമാക്കി പതിനാലു സെക്കന്റ് ആക്കുകയായിരുന്നു. അതായത് ഏതാണ്ട് കാല്‍മിനിറ്റ്. ബജറ്റ് അവതരണ വേളയില്‍ ഒരു രൂപ വരുമാനമുണ്ടാവുമ്പോള്‍ ചെലവിനങ്ങള്‍ എന്തൊക്കെയെന്ന് ചാര്‍ട്ട് വരച്ച് മാലോകരെ അറിയിക്കാറില്ലേ? അതേപോലെ സഹോദരിമാരെ നോക്കിപ്പീഡിപ്പിക്കുന്നതിനെ (അയ്യോ ഒരു ടിയാന് പീഡനം എന്ന വാക്കു തന്നെ പാടില്ലെന്ന് നിഷ്കര്‍ഷിച്ചിട്ടുണ്ട്.
അത് നിരന്തരം ഉപയോഗിക്കുന്നതാണത്രെ മേല്‍ സൂചിത അപകടങ്ങള്‍ക്ക് മുഖ്യ കാരണം) ചാര്‍ട്ടു പരുവത്തിലാക്കിയിട്ടുണ്ട്. എക്സൈസ് വകുപ്പിന്റെ ഉപവകുപ്പാക്കി ഈ പീഡന നോട്ടത്തെയും കൈകാര്യം ചെയ്യാനും തുടര്‍നടപടി സ്വീകരിക്കാനുമാണത്രെ നീക്കം. ഏതായാലും തനി ഗ്രാമീണനും പച്ച മനുഷ്യനുമായ വകുപ്പു മന്ത്രിക്ക് ഇതിന്റെ കഖഗഘ പിടികിട്ടിയിട്ടില്ലെന്നാണ് ഉപശാലാ വൃത്തങ്ങള്‍ പറയുന്നത്.
ആയതിനാല്‍ സുഹൃത്തുക്കളേ, സഹോദരന്മാരേ (സഹോദരിമാര്‍ ക്ഷമിക്കണം) എല്ലാവരുടെ കൈയിലും കൈഫോണ്‍ ഉണ്ടാവുമല്ലോ അല്ലേ? ഇനി മുതല്‍ ഏതെങ്കിലും സഹോദരിയെ നോക്കിയേ തീരു എന്നുണ്ടെങ്കില്‍ കൈഫോണിലെ സ്റ്റോപ്പ് വാച്ച് സംവിധാനം സക്രിയമാക്കുക. അതിനു ശേഷം മാത്രം നോക്കുക. പതിമൂന്നേ അരയ്ക്കാല് സെക്കന്റ് സമയം വരെ ഔദ്യോഗിക നോട്ടമാവാം. ശേഷം കണ്ണടച്ചുപിടിക്കുക.
നോട്ടത്തിന്റെ ത്വര ചുരമാന്തുന്നുവെങ്കില് വീണ്ടും പതിമൂന്നേഅരയ്ക്കാല് സെക്കന്റ്. അതിനിടെ ഔദ്യോഗികവും അനൗദ്യോഗികവുമായ ഏടാകൂടങ്ങളൊന്നുമുണ്ടായില്ലെങ്കില് മേപ്പടി മയക്കു മരുന്നുപയോഗം തുടര്‍ന്നുകൊള്ളുക. ഇടയ്ക്ക് നമ്മുടെ കണാരേട്ടന് ഇടപെടുന്നുണ്ട്, ഒന്ന് കേട്ടേക്കാം. അമ്മ പെങ്ങന്മാരെ മാനം മര്യാദക്ക് വഴി നടത്താന്‍ ഒരുദ്യോഗസ്ഥന് ഇറങ്ങിപ്പുറപ്പെടുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതിനു പകരം ഇങ്ങനെ വശം കെടുത്തരുത്. നാട്ടുകാരുടെ നികുതിപ്പണം വാങ്ങി ജീവിക്കുന്നവന് അതിനെക്കുറിച്ച് അത്യാവശ്യം ഓര്‍ക്കുകയെങ്കിലും ചെയ്യുന്നുണ്ടല്ലോ എന്ന് സമാധാനിച്ചുകൂടേ? എന്തു മറുപടി പറയും കണാരേട്ടനോട് !
പലപല പേരില്‍ ആത്മഹത്യക്കും അന്ധകാരത്തിനുമിടയിലൂടെ ഓടിപ്പായുന്ന അമ്മ പെങ്ങന്മാര് ആര്‍ത്തലച്ച് ആവലാതിപ്പെട്ടാലും കനിയാത്ത കാക്കിധാരികളുടെ നാട്ടിലാണ് അപഹാസ്യമായ ചില കെട്ടിയെഴുന്നള്ളിക്കലുകള് ഉണ്ടാവുന്നത്. കൈയടി കിട്ടാനും കണ്ണില്‍ പൊടിയിടാനും നടത്തുന്ന ഇമ്മാതിരി എരണംകെട്ട നിലപാടുകള്‍ക്ക് കരണമടച്ച് രണ്ടെണ്ണം കൊടുക്കാന്‍ ഭരണാധികാരികള്‍ തയാറാവുകയാണ് വേണ്ടത്.
എടുക്കുന്ന പണി നേരെ ചൊവ്വേ എടുക്കുക. അക്കാദമിക അറിവുകള്‍ ആവശ്യത്തിന് ഉപയോഗിക്കുക. അത് മാനം മര്യാദയോടെ പ്രവൃത്തിപഥത്തിലെത്തിക്കാന്‍ യുക്തിസഹമായ നടപടികള്‍ എടുക്കുക. അല്ലാത്തവയൊക്കെ മറ്റെന്തോ ഉദ്ദേശ്യത്തിന്റെ ശ്മശാന യാത്രയായേ കാണാനാവൂ. എന്നാലും മറക്കണ്ട, കൈഫോണോ, വാച്ചോ ഇല്ലാതെ പുറത്തിറങ്ങരുത്, പ്രത്യേകിച്ചും ന്യൂജന്‍ ചുള്ളന്മാര്.
മദ്യനയമാണ് ഉമ്മച്ചന്റെ കക്ഷിയുടെ കാലനായതെന്ന് ചെന്നിത്തലച്ചേകോര് പറയുന്നു. ആളുകള്‍ ഉത്സവാഘോഷങ്ങളോടെ വോട്ടുയന്ത്രത്തില്‍ വിരലമര്ത്തിയിരുന്നെങ്കില് ഇമ്മാതിരി ചവിട്ടു നാടകങ്ങളൊന്നും ഉണ്ടാവുമായിരുന്നില്ലത്രെ. ഈ ലക്കം (ആഗസ്റ്റ് 21) കലാകൗമുദിയില്‍ ചെന്നിത്തലയുടെ ദീര്‍ഘസംഭാഷണത്തിലാണ് ഇക്കാര്യം വെട്ടിത്തുറന്നു പറയുന്നത്. ഡെപ്യൂട്ടി എഡിറ്റര്‍ വി. ഡി. ശെല്‍വരാജാണ് ചെന്നിത്തലയുടെ മനസ്സ് തുറപ്പിക്കുന്നത്. മദ്യനയം ഗുണം ചെയ്തില്ല എന്ന തലക്കെട്ടില്‍ പത്തു പേജിലായി അതങ്ങനെ നീണ്ടു നിവര്‍ന്നു കിടക്കുന്നു.
ഏറെ വിവാദം വിളിച്ചുവരുത്തിയ, ഒടുവില്‍ എന്തു ചെയ്യേണ്ടൂ എന്ന പരുവമായ മദ്യനയത്തെക്കുറിച്ചുള്ള ചോദ്യത്തിന് വേണ്ടണം മാതൃകയിലാണ് ചെന്നിത്തലച്ചേകോരുടെ മറുപടി. ഇതാ കേള്ക്കിന്:
മദ്യനയം ജനം സ്വീകരിക്കുമെന്നായിരുന്നു പ്രതീക്ഷ. മദ്യനയം വേണ്ട രീതിയില്‍ ഏറ്റില്ല. മദ്യനയത്തിന്റെ പ്രയോജനം പൂര്‍ണമായി ലഭിച്ചില്ല എന്നതു യാഥാര്‍ത്ഥ്യമാണ്. ഒരു ഭാഗം ചിലപ്പോള്‍ കിട്ടിക്കാണും. മദ്യത്തിന്റെ ഉപയോഗം കുറയ്ക്കാന്‍ വേണ്ടി കൊണ്ടുവന്നതാണ് നയം. കേരളീയ സമൂഹം എത്രമാത്രം ഉള്‍ക്കൊണ്ടു എന്നതാണ് പ്രശ്നം.
അതെന്തായാലും യുഡിഎഫിന് അനുകൂല വോട്ടായി മാറിയില്ല. മദ്യനയത്തെപ്പറ്റി പാര്‍ട്ടി ചര്‍ച്ച ചെയ്യുമ്പോള്‍ എന്റെ നിലപാട് വ്യക്തമാക്കും. സമൂഹത്തിലെ വിപത്തിനെക്കുറിച്ചുള്ള രണ്ടു മൂന്നു ചോദ്യത്തിനുള്ള മറുപടി സംഗ്രഹിച്ചതാണ് മുകളിലുള്ളത്.
മദ്യ ഉപയോഗം കുറയ്ക്കാന്‍ മദ്യനയം കൊണ്ടുവന്ന യുഡിഎഫും സോദരിമാര്ക്കുനേരെയുള്ള ചാട്ടുളി നോട്ടം കുറയ്ക്കാന്‍ കൊണ്ടുവന്ന പതിനാലു സെക്കന്റ് നയവും തമ്മില്‍ ഒരു നാഭീനാളീബന്ധം കാണുന്നവര്‍ തല്ക്കാലം ലോകത്തിന് വെളിച്ചം പകര്‍ന്നുകൊടുക്കാന്‍ സ്വജീവിതം സന്ദേശമാക്കിയ മഹാത്മാഗാന്ധിജിയുടെ ഈ വചനങ്ങള്‍ ശ്രദ്ധിച്ചാലും:”അഹംഭാവം ഉപേക്ഷിക്കാത്തിടത്തോളം കാലം നമ്മുടെ ഉള്ളിലെ തിന്മയേയും നമുക്കു കീഴടക്കാനാകില്ല”
പ്രതികരിക്കാൻ ഇവിടെ എഴുതുക: