കോഴിക്കോട്: അടിസ്ഥാ ന പ്രമാണത്തിനും ഉപരി ഗ്രന്ഥങ്ങള്‍ക്കും വ്യാഖ്യാനങ്ങള്‍ ചമയ്‌ക്കുന്നത് സമ്പ്രദായ ശുദ്ധിക്ക് അനുസൃതമായിരിക്കണമെന്ന് കൊളത്തൂര്‍ അദൈ്വതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി അഭിപ്രായപ്പെട്ടു. എ.കെ.ബി. നായര്‍ രചിച്ച ബ്രഹ്മസൂത്രം-ലളിത വ്യാഖ്യാനം പ്രകാശനം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ആദ്ധ്യാത്മിക തത്വത്തെയും ശാസ്ത്രത്തെയും കൂടുതല്‍ കൂടുതല്‍ അറിയുന്നതിനുള്ള ത്വര വര്‍ദ്ധിച്ചുവരികയാണിപ്പോള്‍. ലോകം മുഴുവന്‍ ഇതു തന്നെയാണ് അവസ്ഥ. എല്ലാം നേടിയിട്ടും ശാന്തിയും സമാധാനവും നേടാനാകാത്തതിനാലാണ് സമൂഹം അടിസ്ഥാന ലക്ഷ്യം നേടാനുള്ള ശ്രമം ആരംഭിക്കുന്നത്. തിരിച്ചറിവ് നേടാനായി ശ്രമിക്കുന്ന സമൂഹത്തിന് നേര്‍വഴി കാട്ടാന്‍ ഒട്ടനവധി ആചാര്യന്മാരും ഗ്രന്ഥങ്ങളും ആവശ്യമായി വരും. ഈ സാഹചര്യത്തില്‍ സനാതന ശാസ്ത്രത്തിന്റെ പുനരാഖ്യാനം നിരന്തരം സംഭവിച്ചുകൊണ്ടിരിക്കണം. അടിസ്ഥാന പ്രമാണത്തിനും ഉപരി ഗ്രന്ഥങ്ങള്‍ക്കും വ്യാഖ്യാനങ്ങള്‍ ഉണ്ടായിക്കൊണ്ടേയിരിക്കണം. സമകാലിക സാഹചര്യങ്ങളിലുണ്ടാകുന്ന സമസ്യകള്‍ക്ക് പരിഹാരം കണ്ടെത്താന്‍ ഉതകുന്ന വിധത്തിലായിരിക്കണം വ്യാഖ്യാനങ്ങള്‍. ജിജ്ഞാസുക്കളുടെ ത്വരയെ ശമിപ്പിക്കും വിധമായിരിക്കണം ഇവയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വെള്ളിമാട്കുന്ന് മാതാ അമൃതാനന്ദമയി മഠം മഠാധിപതി ബ്രഹ്മചാരി വിവേകാമൃത ചൈതന്യ പുസ്തകം ഏറ്റുവാങ്ങി. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, ഡോ. കെ.എന്‍. പ്രിയദര്‍ശന്‍ലാല്‍, ജന്മഭൂമി മാനേജിംഗ് എഡിറ്റര്‍ പി. ബാലകൃഷ്ണന്‍, ഡോ. രാജീവ് ഇരിങ്ങാലക്കുട, കെ.കെ. ചിത്തരഞ്ജിതന്‍, കെ. കെ. കുമാരന്‍, എ.കെ. ബി നായര്‍, ആനനന്ദവല്ലി അങ്ങേപ്പാട്ട്, ക്യാപ്റ്റന്‍ സി. കെ. എന്‍. നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
















