അഗളി: പ്ലസ് വണ്‍ അഡ്മിഷന് അവസാന അലോട്ട്മെന്റ് അവസാനിച്ചതോടെ അട്ടപ്പാടിയിലെ വിവിധ ഊരുകളിലായി മുപ്പതോളം കുട്ടികള്‍ അഡ്മിഷന് സാധ്യമാകാതെ തുടര്‍പഠനം ഉപേക്ഷിക്കേണ്ട സ്ഥിതിലായി. ഏകജാലക സംവിധാനം നിലനില്‍ക്കെ വിവര സാങ്കേതിക വിദ്യയില്‍ വേണ്ടത്ര പരിജ്ഞാനം ഇല്ലാത്തതിനാലാണ് ഇത്രയും കുട്ടികള്‍ക്ക് അഡ്മിഷന് ലഭിക്കാതെ പോയത്.
കഴിഞ്ഞ രണ്ടുവര്‍ഷമായി ഐടിഡിപിയുടെ നേതൃത്വത്തില്‍ അഡ്മിഷന് ഉറപ്പാക്കാന്‍ ഹെല്പ് ഡെസ്ക് ആരംഭിക്കണമെന്ന് വനവാസി കുട്ടികളുടെ കൂട്ടായ്മയായ കാര്‍ത്തുമ്പിയും തമ്പ് സംഘടനയും ആവശ്യമുന്നയിച്ചിരുന്നു. എന്നാല്‍ ഇതൊന്നും നടപ്പായില്ല. വിദൂര ഊരുകളിലുള്ള വിദ്യാര്‍ഥികള്‍ക്ക് ഏകജാലകം വഴിയുള്ള അഡ്മിഷന് സംവിധാനം കൃത്യമായി പാലിക്കാന്‍ കഴിയാതെ പോയതാണ് തുടര്‍പഠനം മുടങ്ങാനിടയാക്കിയത്. ഏകജാലകം കൃത്യമായി പിന്തുടര്‍ന്ന എല്ലാ കുട്ടികള്‍ക്കും അഡ്മിഷന് സാധ്യമായിട്ടുണ്ട്.
അട്ടപ്പാടിയിലെ ഹൈസ്കൂളുകളില്‍ നിന്നും പാസായ വിദ്യാര്‍ഥികളില്‍ പകുതിയിലധികവും അട്ടപ്പാടിക്കു പുറത്തുള്ള ഹയര്‍സെക്കന്‍ഡറി സംവിധാനത്തെയാണ് ആശ്രയിക്കുന്നത്. സര്‍ക്കാര്‍ തലത്തില്‍ മൂന്നും സ്വകാര്യമാനേജ്മെന്റിനു കീഴില്‍ രണ്ടും ഹയര്‍സെക്കന്റി സ്കൂളുകളാണ് അട്ടപ്പാടിയിലുള്ളത്. ഈവര്‍ഷം 20 ശതമാനം സീറ്റുകള്‍ പ്ലസ് വണ്ണിന് സര്‍ക്കാര്‍ കൂടുതല്‍ അനുവദിക്കുകയുണ്ടായി. ആവശ്യമെങ്കില്‍ ഇനിയും സീറ്റു വര്‍ധിപ്പിക്കാന്‍ വേണ്ട നടപടികളുണ്ടാക്കുമെന്നും മന്ത്രി ഉറപ്പു നല്‍കിയിരുന്നതായി തമ്പ് സംഘടനാ പ്രതിനിധികള്‍ പറയുന്നു.
പ്ലസ് വണ്‍ കുട്ടികളുടെ തുടര്‍പഠനം സാധ്യമാക്കുന്നതിനായി തമ്പ് സംഘടനാ പ്രസിഡന്റ് രാജേന്ദ്രപ്രസാദ്, കണ്‍വീനര്‍ കെ. രാമു, ചന്ദ്രശേഖരന് എന്നിവരുടെ നേതൃത്വത്തില്‍ മന്ത്രിമാരായ എ.കെ. ബാലന്, രവീന്ദ്രനാഥ് എന്നിവരെ നേരില്‍കണ്ട് ആവശ്യം ബോധ്യപ്പെടുത്തിയതായി സംഘടനാ പ്രതിനിധികള്‍ ചൂണ്ടിക്കാട്ടുന്നു. ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ്, പട്ടികവര്‍ഗ വികസന ഡയറക്ടര്‍ എം.എസ്. ജയ, സെക്രട്ടറി മുഹമ്മദ് ഹനീഫ് എന്നിവരേയും നേരില്‍കണ്ട് സംഘം ആദിവാസികളുടെ ആവശ്യം ബോധ്യപ്പെടുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: