പെരിന്തല്‍മണ്ണ: അന്തിയുറങ്ങാന്‍ സുരക്ഷിതമായ വീടില്ലാതെ ദുരിതത്തിലായിരിക്കുകയാണ് പെരിന്തല്‍മണ്ണ നിയോജക മണ്ഡലത്തിലെ വെട്ടത്തൂര്‍ പൂങ്കാവനം ലക്ഷംവീട് കോളനി നിവാസികള്‍. കാലപ്പഴക്കത്താല്‍ ശോചന്യാവസ്ഥയിലെത്തിയ വീടുകളില്‍ ജീവന് പണയം വെച്ചാണ് കഴിയുന്നത്.
മൂന്ന് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് നിര്‍മ്മിച്ച വീടുകളെല്ലാം ഏതുനിമിഷവും തകര്‍ന്നു വീഴുമെന്ന അവസ്ഥയിലാണ്. 1987ല്‍ സംസ്ഥാന സര്‍ക്കാര്‍ മുഖേന വീടു ലഭിച്ച കോളനിയിലെ പത്തോളം കുടുംബങ്ങളാണ് ദുരിതത്തിലായിരിക്കുന്നത്. മിക്ക വീടുകളുടേയും മുന്‍ഭാഗത്തെ പട്ടികയും കഴുക്കോലും ദ്രവിച്ച് നശിച്ചു. ജനാലകളും വാതിലുകളും നിലംപൊത്തി. ബാക്കിയുള്ള ഭാഗവും ഏതുസമയത്തും തകര്‍ന്നു വീഴാം. വെട്ടത്തൂര്‍ പഞ്ചായത്തിലെ തെക്കന്‍മല പത്താം വാര്‍ഡില്‍ മുപ്പത് വര്‍ഷക്കാലം സ്ഥിരതാമസക്കാരായ കോളനിവാസികള്‍ക്കാണ് ദുരവസ്ഥ. നേരത്തെ, പാതി പൊളിഞ്ഞ വീട്ടില്‍ താമസിക്കാനാകാതെ മറ്റൊരു കുടുംബം ഇവിടെ നിന്നും താമസം മാറ്റിയിരുന്നു.
യഥാസമയം വീടുകളുടെ അറ്റകുറ്റപ്പണി നടത്താന്‍ അധിക്യതര്‍ തുനിയാത്തതാണ് പ്രതിസന്ധിക്ക് കാരണം. 2006ലാണ് കോളനിയില്‍ അവസാനമായി അറ്റകുറ്റപ്പണി നടത്തിയത്. ഇതിനു ശേഷം വീടുകള്‍ വീണ്ടും ശോചന്യാവസ്ഥയിലായെങ്കിലും നടപടി മാത്രം ഉണ്ടായില്ല.
ഇപ്പോള്‍ പലകുടുംബവും അവരുടെ തുച്ഛമായ വരുമാനം ഉപയോഗിച്ച് സ്വന്തമായി അറ്റകുറ്റപ്പണി നടത്തുകയാണ് ചെയ്യുന്നത്.
അതേസമയം, അപകട ഭീഷണിയായ താമസയോഗ്യമല്ലാത്ത വീടുകള്‍ക്ക് പകരം വീടോ അറ്റകുറ്റപ്പണിയോ വേണമെന്ന് പറഞ്ഞിട്ടും അധിക്യതര്‍ കണ്ടഭാവം നടിക്കുന്നില്ലെന്നും, തലചായ്ക്കാന്‍ വാസയോഗ്യമായ ഒരിടം മാത്രമാണ് തങ്ങള്‍ക്ക് ആവശ്യമുള്ളതെന്നും കോളനിവാസികളായ പള്ളിപ്പുറത്ത് ദേവസ്യ, മഠത്തില്‍ വിജയന് നായര്‍, ഒസ്സാര്തൊടി മൈമൂന, കുട്ടാട്ട് മുസ്തഫ എന്നിവര്‍ പറയുന്നു.
തെരെഞ്ഞെടുപ്പ് സമയങ്ങളില്‍ വോട്ടിന് വേണ്ടിയുള്ള കേവല വാഗ്ദാനമല്ലാതെ നടപടികള്‍ ഉണ്ടാവാറില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്. പ്രശ്ന പരിഹാരത്തിന് പുതിയ സര്‍ക്കാറില്‍ പ്രതീക്ഷ അര്‍പ്പിച്ചു കഴിയുകയാണ് കോളനിവാസികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: