രാമപുരം: കോട്ടമല പാറമട വിഷയത്തില്‍ സമരം ചെയ്തവര്‍ക്കെതിരെ ജാമ്യമില്ലാത്ത വകുപ്പ് ചുമത്തി കേസ് എടുപ്പിച്ചതിനെത്തുടര്‍ന്ന് രാമപുരം പഞ്ചായത്ത് ഭരണസമിതിയില്‍ അഭിപ്രായഭിന്നത രൂക്ഷമായി.
വൈസ് പ്രസിഡന്റ് ഷൈനി സന്തോഷിന്റെ മേശയുടെ ചില്ല് പൊട്ടിച്ചുവെന്നാരോപിച്ച് കൃത്യ നിര്‍വ്വഹണം തടസ്സപ്പെടുത്തിയെന്നും പൊതു മുതല്‍ നശിപ്പിച്ചുവെന്നും ആരോപിച്ച് പഞ്ചായത്ത് പ്രസിഡന്റ് നല്‍കിയ പരാതിയെത്തുടര്‍ന്നാണ് സാബു അലക്‌സ് പാറത്താഴത്തിനെ ചൊവ്വാഴ്ച രാവിലെ വീട്ടില്‍ നിന്ന് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കേസിനാസ്പദമായ സംഭവം നിഷേധിച്ച് പോലീസിലും കോടതിയിലും മൊഴി നല്‍കിയതിനെത്തുടര്‍ന്ന് സാബുവിന് ഇന്നലെ ജാമ്യം ലഭിച്ചു. ഈ വിഷയവുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച നടന്ന പഞ്ചായത്ത് കമ്മറ്റിയില്‍ ഭൂരിപക്ഷം മെമ്പര്‍മാരുടെ പിന്തുണയോടെ വൈസ് പ്രസിഡന്റ് അടിയന്തിര പ്രമേയത്തിന് അനുമതി ചോദിച്ചെങ്കിലും പ്രസിഡന്റ് അനുമതി നല്‍കാതെ യോഗം പിരിച്ചുവിട്ടു. തന്റെ പേര് ഉള്‍പ്പെടുത്തി വ്യാജ പരാതി നല്‍കിയത് അപലപിക്കുന്നതിനായിരുന്നു വൈസ് പ്രസിഡന്റ് പ്രമേയാനുമതി ചോദിച്ചത്.
കഴിഞ്ഞ കുറേ മാസങ്ങളായി കോട്ടമല പാറമട വിഷയം കാരണം പോലീസ് സംരക്ഷണത്തിലാണ് പഞ്ചായത്ത് കമ്മറ്റി കൂടുന്നത്. സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കുന്നതില്‍ സെക്രട്ടറി കാലതാമസം വരുത്തിയതില്‍ സമരം രംഗം പ്രക്ഷുബ്ദമായിരുന്നു. ദുരന്ത സാദ്ധ്യതാ പ്രദേശമായി കളക്ടര്‍ പ്രഖ്യാപിച്ച കോട്ടമലയ്‌ക്കു കുറുകെ 250 മീറ്റര്‍ നീളത്തില്‍ കോട്ടമതില്‍ കെട്ടുവാന്‍ പാറമട ലോബിക്ക് അനുമതി കൊടുത്തതും സമരസമിതി അംഗങ്ങളെയോ നാട്ടുകാരെയോ മെമ്പറേയോ ഉള്‍പ്പെടുത്താതെ ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചതും ജനങ്ങളുടെ എതിര്‍പ്പിന് കാരണമായി.
സാബു അലക്‌സിന്റെ അറസ്റ്റിനെത്തുടര്‍ന്ന് കേരള കോണ്‍ഗ്രസിലെ ഒരു വിഭാഗം മെമ്പര്‍മാരും കോണ്‍ഗ്രസ് മെമ്പര്‍മാരും പ്രതിപക്ഷ മെമ്പര്‍മാരും രാഷ്‌ട്രീയ നേതാക്കളും പോലീസ് സ്റ്റേഷനിലും കോടതിയിലുമെത്തി പിന്തുണ അറിയിച്ചു. പിറന്ന നാടിനുവേണ്ടി സമരം ചെയ്യുന്നവരെ കള്ളക്കേസില്‍ തുറങ്കിലടയ്‌ക്കാന്‍ ശ്രമിക്കുന്ന ഭൂരിപക്ഷം നഷ്ടപ്പെട്ട പഞ്ചായത്ത് പ്രസിഡന്റ് രാജി വയ്‌ക്കണമെന്ന് കോട്ടമല-കുറിഞ്ഞിക്കൂമ്പന്‍ സമരസമിതി നേതാക്കളായ സോണി അലക്‌സ് കമ്പകത്തുങ്കല്‍, ജയപ്രകാശ് ഇലഞ്ഞിപ്പാറയില്‍, പ്രമോദ് കൈപ്പിരിക്കല്‍, ഷാജി പൊരുന്നിക്കല്‍, തോമസ് ഉപ്പുമാക്കല്‍, വില്‍സണ്‍ പുതിയകുന്നേല്‍ തുടങ്ങിയവര്‍ ആവശ്യപ്പെട്ടു.
കോട്ടമല പാറമട വിഷയത്തില്‍ സാബു അലക്‌സ് പാറത്താഴത്തിനെ കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്തതിനെതിരെ വിവിധ രാഷ്‌ട്രീയ പാര്‍ട്ടികളുടെ പിന്തുണയോടെ കോട്ടമല നിവാസികള്‍ പ്രതിഷേധ പ്രകടനം നടത്തി. ജാമ്യത്തിലിറങ്ങിയ സാബു അലക്‌സിന് രാമപുരം ടൗണില്‍ കുറിഞ്ഞി പള്ളി വികാരി ഫാ. തോമസ് അയലുക്കുന്നേല്‍ ഹാരമണിയിച്ച് സ്വീകരിച്ചു. യോഗത്തില്‍ ബിജെപി പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് സുരേഷ് ഏഴാച്ചേരി, ബിഡിജെ എസ് പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് റ്റി.കെ. വാസു, ഡി.സി.സി. സെക്രട്ടറി സി.റ്റി. രാജന്‍, പഞ്ചായത്ത് മെമ്പര്‍മാരായ ജീനസ്‌നാഥ്, ശ്രീനിവാസ്, എം. ഒ. ശ്രീക്കുട്ടന്‍, മത്തച്ചന്‍ പുതിയിടത്തുചാലില്‍, ഗ്രീന്‍ സ്റ്റെപ് നേച്ചര്‍ സൊസൈറ്റി പ്രസിഡന്റ് സോണി അലക്‌സ്, മജു പുത്തന്‍കണ്ടം, ജോണി കളപ്പുരയ്‌ക്കല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
















