കോഴിക്കോട്: ബേബി മെമ്മോറിയല്‍ നഴ്‌സിങ് കോളജില്‍ ബിഎസ്‌സി ജനറല്‍ നഴ്‌സിങ് വിദ്യാര്‍ത്ഥിനി ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ടതിനെകുറിച്ചുള്ള അന്വേഷണം ഒതുക്കി തീര്‍ക്കാന്‍ ഉന്നതര്‍ ഇടപെടുന്നതായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ പറഞ്ഞു. നഴ്‌സിങ് കോളജ് വിദ്യാര്‍ത്ഥിനി ശ്രീലക്ഷ്മിയുടെ മരണത്തിലെ ദുരൂഹത അന്വേഷിക്കുക. മരണത്തില്‍ ആശുപത്രിഅധികൃതരുടെ പങ്ക് അന്വേഷിക്കുക, കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ഹിന്ദു ഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ കമ്മീഷണര്‍ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കാണിച്ച് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ ഇതിനെകുറിച്ചുള്ള അന്വേഷണം ഉന്നതരുടെ ഇടപെടല്‍ മൂലം അട്ടിമറിക്കുകയായിരുന്നു. സ്വകാര്യ ആശുപത്രികളെ നിയന്ത്രിക്കാന്‍ നടപടിയുണ്ടാകുമെന്ന് പറഞ്ഞ മുഖ്യമന്ത്രി മൗനം പാലിക്കുകയാണ്. പലതവണ പരാതികള്‍ ഉണ്ടായിട്ടും ആശുപത്രിയ്‌ക്കെതിരെ അന്വേഷണം ഉണ്ടായില്ല. അദ്ദേഹം പറഞ്ഞു. കേസന്വേഷണം നടത്തുന്ന എസ്‌ഐയെ ബന്ധപ്പെട്ടപ്പോള്‍ അദ്ദേഹം ഒഴിഞ്ഞുമാറുകയാണുണ്ടായതെന്ന് മാര്‍ച്ചില്‍ സംസാരിച്ച ഹിന്ദു ഐക്യവേദി സംഘടനാ സെക്രട്ടറി കെ. ഷൈനു പറഞ്ഞു. ദുരൂഹ മരണം നടന്ന് ഒരു മാസം കഴിഞ്ഞിട്ടും അന്വേഷണം എങ്ങുമെത്തിയിട്ടില്ല അവശേഷിച്ച തെളിവുകള്‍ കൂടി നശിപ്പിക്കാനാണ് പോലീസ് ശ്രമിക്കുന്നതെന്ന് മാര്‍ച്ചില്‍ സംസാരിച്ച ശ്രീലക്ഷ്മിയുടെ സഹോദരി ഐശ്വര്യ പറഞ്ഞു. ഹിന്ദു ഐക്യവേദി നേതാക്കളളായ ബൈജുകൂമുള്ളി, അനില്‍ മായനാട്, കെ.വി.വത്സകുമാര്‍, മനോജ് കക്കോടി, കെ.പി. രവീന്ദ്രന്‍, കൃഷ്ണദാസ് കോവൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
















