ഗ്രോസ് ഐസ്‌ലെറ്റ്: മഴ മൂലം ഒരു ദിവസം മുഴുവൻ നഷ്ടപ്പെട്ടിട്ടും വെസ്റ്റിൻഡീസിനെ 237 റൺസിന് തകർത്ത് ഇന്ത്യ ടെസ്റ്റ് പരമ്പര സ്വന്തമാക്കി. നാലു മത്സര പരമ്പരയിൽ ആദ്യത്തേതും മൂന്നാമത്തേതും ജയിച്ച് 2-0ന് നേട്ടം. ആദ്യ ഇന്നിങ്‌സിൽ സെഞ്ചുറിയും മത്സരത്തിലാകെ മൂന്നു വിക്കറ്റും നേടിയ ആർ. അശ്വിൻ കളിയിലെ താരം. സ്‌കോർ: ഇന്ത്യ – 353, 217/7 ഡിക്ല., വെസ്റ്റിൻഡീസ് – 225, 108.
അവസാന ദിവസം രാവിലെ രണ്ടാം ഇന്നിങ്‌സ് 217ന് ഡിക്ലയർ ചെയ്താണ് ഇന്ത്യ മത്സരം ആവേശകരമാക്കിയത്. മൂന്നിന് 157 എന്ന നിലയിൽ തുടങ്ങിയ ഇന്ത്യ, വേഗത്തിൽ റൺ അടിച്ചുകൂട്ടി. 78 റണ്ണുമായി പുറത്താകാതെ നിന്ന അജിങ്ക്യ രാഹനെ കരുത്തായി. രോഹിത് ശർമയും (41) പിന്തുണ നൽകി.
കുറഞ്ഞ സമയം അവശേഷിക്കുന്നതിനാൽ രണ്ടാം ടെസ്റ്റിലേതു പോലെ സമനില പിടിക്കാമെന്നു കരുതിയ വിൻഡീസിനെ ഇന്ത്യൻ ബൗളർമാർ നിരാശപ്പെടുത്തി. മൂന്നു വിക്കറ്റെടുത്ത മുഹമ്മദ് ഷാമി നേതൃത്വം നൽകി. ഇഷാന്ത് ശർമയും രവീന്ദ്ര ജഡേജയും രണ്ടു വീതം വിക്കറ്റെടുത്തപ്പോൾ, അശ്വിനും ഭുവനേശ്വറിനും ഓരോ വിക്കറ്റ്. ഡാരൻ ബ്രാവൊ (59) ടോപ് സ്‌കോറർ.
നേരത്തെ, ഒന്നാമിന്നിങ്‌സിൽ മികച്ച സ്‌കോറിലേക്കു നീങ്ങുകയായിരുന്ന വിൻഡീസിനെ ഭുവനേശ്വർ കുമാറിന്റെ അഞ്ചു വിക്കറ്റ് പ്രകടനമാണ് തകർത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: