കണ്ണൂര്‍: ഇരുചക്രവാഹനങ്ങള്‍ക്കും ഓട്ടോറിക്ഷകള്‍ക്കും ഒഴികെ മറ്റെല്ലാതരം വാഹനങ്ങള്‍ക്കും നിര്‍ബന്ധമായും വേഗപ്പൂട്ട് ഘടിപ്പിക്കണമെന്ന ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ ഉത്തരവിനെതിരെ സംസ്ഥാന അടിസ്ഥാനത്തില്‍ മോട്ടോര്‍ തൊഴിലാളികള്‍ ആര്‍ടിഒ ഓഫീസുകളിലേക്ക് 23 ന് മാര്‍ച്ചും ധര്‍ണയും നടത്തും. ഇതിന്റെ ഭാഗമായി കണ്ണൂര്‍ ആര്‍ടിഒ ഓഫീസിലേക്കുള്ള മാര്‍ച്ച് രാവിലെ 10.30 ന് നടക്കും. മാര്‍ച്ചില്‍ ജില്ലയിലെ ലൈറ്റ് മോട്ടോര്‍, ഓട്ടോറിക്ഷ, സ്വകാര്യ ബസ്സ്, ലോറി, കെഎസ്ആര്‍ടിസി മേഖലയിലെ തൊഴിലാളികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. നിലവില്‍ ഒന്നോ രണ്ടോ കമ്പനികള്‍ മാത്രമാണ് വേഗപ്പൂട്ട് വിപണിയിലിറക്കിയിട്ടുള്ളത്. ഇവയാകട്ടെ അറ്റകുറ്റപ്പണികള്‍ നടത്താനുള്ള സംവിധാനങ്ങളുമില്ല. അന്യസംസ്ഥാനങ്ങളില്‍ നിന്നും വരുന്ന വാഹനങ്ങള്‍ക്ക് വേഗപ്പൂട്ടില്ലാത്തതു കാരണം യഥേഷ്ടം സര്‍വ്വീസ് നടത്താന്‍ സാധിക്കുന്നു. ഈ സ്ഥിതി നിലനില്‍ക്കുമ്പോഴാണ് മോട്ടോര്‍ മേഖലയില്‍ വേഗപ്പൂട്ട് നിര്‍ബന്ധമാക്കാന്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ശ്രമിക്കുന്നതെന്ന് യോഗം കുറ്റപ്പെടുത്തി. പി.സൂര്യദാസ് അധ്യക്ഷത വഹിച്ചു. പി.വി.കൃഷ്ണന്‍, കെ.ജയരാജന്‍, ടി.പി.ശ്രീധരന്‍, പി.കെ.സത്യന്‍, എം.വി.പ്രകാശന്‍, എം.പി.രവീന്ദ്രന്‍, എന്‍.പ്രസാദ്, പി.വി.വിജയന്‍, കെ.സഹദേവന്‍ എന്നിവര്‍ സംസാരിച്ചു.
















