ജി.വിജയകൃഷ്ണന്
കോഴഞ്ചേരി: ആറന്മുള വള്ളസദ്യവഴിപാടില് പങ്കെടുക്കാനെത്തിയ സത്സംഗ ഫൗണ്ടേഷന് സ്ഥാപകന്‍ ശ്രീ എമ്മിന് ആറന്മുളയില് സ്നേഹോഷ്മള സ്വീകരണം നല്കി.
രാവിലെ 10 മണിക്ക് ആറന്മുള ഇടശ്ശേരിമല എന്‍എസ്എസ് കരയോഗ ഹാളിലെത്തിയ ശ്രീഎമ്മിന് കരയോഗാംഗങ്ങള്‍ വഞ്ചിപ്പാട്ടിന്റെയും വായ് കുരവയുടെയും അകമ്പടിയോടെ സ്വീകരണം നല്കി. കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെ നടത്തിയ ഏകതാ യാത്രയുടെ അനുഭവങ്ങളും ഭാരതീയ തത്വശാസ്ത്രത്തിന്റെ മഹത്വവും പൊതു സമൂഹത്തോട് കരയോഗം ഹാളില്‍ അദ്ദേഹം വിശദീകരിച്ചു.
ശ്രീ എമ്മിനൊപ്പം മലങ്കര ഓര്‍ത്തഡോക്സ് സീനിയര്‍ മെത്രാപ്പൊലീത്ത തോമസ്മാര്‍ അത്തനാസിയോസും വിശിഷ്ടാതിഥിയായി ആറന്മുളയിലെത്തിയിരുന്നു. തങ്ങളുടെ ആചാരങ്ങള്‍ പലതും ഭാരതീയ പാരമ്പര്യവുമായി അടുത്തു നില്‍ക്കുന്നതാണെന്നും ഭാരതീയ സംസ്ക്കാരം ഏറ്റവും കൂടുതല്‍ സ്വാംശീകരിച്ച ക്രൈസ്തവ സഭ ഓര്‍ത്തഡോക്സ് സഭയാണഎന്നും പറഞ്ഞു. ആരാധനാലയത്തിലെ കൊടിമരം, നിലവിളക്ക്, മുത്തുക്കുട, കൈമണി, താലികെട്ട്,് മന്ത്രകോടി ഇവയൊക്കെ ഭാരതീയ സംസ്ക്കാരത്തില്‍ നിന്നും ഉള്‍ക്കൊണ്ടതാണെന്നും മെത്രാപ്പൊലീത്ത പറഞ്ഞു.
സത്രം കടവില്‍ ഇടശ്ശേരിമല പള്ളിയോടത്തിന് വെറ്റപുകയില നല്കി ഗോവിന്ദ തിരുനാമ സങ്കീര്‍ത്തനം ഉരുവിട്ട് കരനാഥന്മാര്ക്കൊപ്പം പരപ്പുഴ കടവിലേക്ക് പുറപ്പെട്ടു. മലങ്കര ഓര്‍ത്തഡോക്സ് സീനിയര്‍ മെത്രാപ്പോലീത്ത തോമസ് മാര്‍ അത്താനാസിയോസിന്റെ സാന്നിദ്ധ്യത്തിലാണ് ശ്രീ എമ്മിനെ ക്ഷേത്രത്തിലേക്ക് പള്ളിയോടത്തില്‍ യാത്രയച്ചത്. ആചാരപ്രകാരം കരനാഥന്മാര്ക്ക് മെത്രാപ്പോലീത്തയും വെറ്റ പുകയില നല്‍കിയതിന് ശേഷമാണ് പള്ളിയോടം പുറപ്പെട്ടത്. പരപ്പുഴകടവിലെത്തിയ ശ്രീഎം മല്ലപ്പുഴശ്ശേരി പള്ളിയോടത്തിലാണ് ക്ഷേത്രക്കടവിലെത്തിയത്. ഇടശ്ശേരിമല , കീക്കൊഴൂര്‍, പുന്നംതോട്ടം എന്നീ പള്ളിയോടങ്ങളുടെ അകമ്പടിയോടെയാണ് അദ്ദേഹത്തെ ക്ഷേത്രക്കടവിലേക്കെത്തിച്ചത്. ക്ഷേത്രകടവില്‍ വഞ്ചിപ്പാട്ട്, വായ്ക്കുരവ എന്നിവയുടെ അകമ്പടിയോടെ ആറന്മുളയുടെ തനത് സ്വീകരണം നല്കി. ക്ഷേത്രത്തിനുള്ളില്‍ കയറി ഭഗവത് ദര്‍ശനത്തിന് ശേഷം മല്ലപ്പുഴശേരി കരക്കാരോടൊപ്പം എല്ലാ ആചാരാനുഷ്ഠാനങ്ങളോടും സദ്യയില്‍ പങ്കെടുത്ത തിന് ശേഷം ചെങ്ങന്നൂര്‍ മഹാദേവ ക്ഷേത്രത്തിലെ രുദ്രമഹായജ്ഞത്തില് പങ്കെടുക്കുവാനായി അദ്ദേഹം യാത്ര തിരിച്ചു.
വീണാ ജോര്‍ജ്ജ് എംഎല്‍എ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡംഗം അജയ് തറയില്‍ എന്‍എസ്എസ് തിരുവല്ല താലൂക്ക് യൂണിയന് പ്രസിഡന്റ് ഡി. അനില്‍കുമാര്‍, സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗം എ. പത്മകുമാര്‍ എക്സ് എംഎല്‍എ, ബിജെപി ദേശീയ സമിതിയംഗം വി.എന്‍. ഉണ്ണി, മല്ലപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മനോജ് മാധവശ്ശേരില്‍, പള്ളിയോട സേവാസംഘം എക്സിക്യൂട്ടീവ് അംഗം ആര് ശ്രീകുമാര്‍, ബിജെപി ജില്ലാ സെക്രട്ടറി പി.ആര്. ഷാജി, കോട്ടയം മെഡിക്കല്‍ കോളജ് സൂപ്രണ്ടും പ്രമുഖ കാര്‍ഡിയാക് തൊറാസിക് സര്‍ജ്ജനുമായ ഡോ. ടി. കെ. ജയകുമാര്‍, എന്‍എസ്എസ് കരയോഗം പ്രസിഡന്റ് പി.പി. ചന്ദ്രശേഖരന് നായര്‍, സെക്രട്ടറി എ.കെ. ചന്ദ്രന് നായര്‍, കെ.എസ്. സുരേഷ് , അശോകന് മാവുനില്‍ക്കുന്നതില്‍ , ശരത് കുമാര്‍, വിജയകുമാര്‍ മുളയ്ക്കല്‍, ടി. രഘുനാഥ് എന്നിവരുടെ നേതൃത്വത്തിലാണ് ക്ഷേത്രക്കടവില്‍ നിന്ന് ശ്രീ എമ്മിനെയും സഹപ്രവര്‍ത്തകരെയും ക്ഷേത്രത്തിനുള്ളിലേക്ക് സ്വീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: