നീലേശ്വരം: നിര്‍മ്മാണം നടന്നു കൊണ്ടിരിക്കുന്ന കോട്ടപ്പുറം അച്ചാംതുരുത്തി പാലം ഈ വര്‍ഷമെങ്കിലും ഉദ്ഘാടനം ചെയ്യുമോ എന്ന നാട്ടുകാരുടെ ചോദ്യത്തിനു മുന്നില്‍ ഉത്തരമില്ലാതെ അധികൃതര്‍. കഴിഞ്ഞ ഇടതു സര്‍ക്കാറിന്റെ കാലത്ത് അന്നത്തെ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.ജെ.ജോസഫ് 2010 ഫെബ്രുവരി 13 നാണ് പാലത്തിന് തറക്കല്ലിട്ടത്. നിര്‍മ്മാണ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ച് 3 വര്‍ഷത്തിനകം പാലം ഗതാഗതയോഗ്യമാക്കുമെന്ന് അന്ന് നല്കിയ വാഗ്ദാനം പാഴായി. അതിനു ശേഷം അധികാരത്തില്‍ വന്ന യുഡിഎഫ് സര്‍ക്കാരും പാലത്തിന്റെ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചില്ല. 2015 ഡിസംബറില്‍ പണിപൂര്‍ത്തിയാക്കുമെന്ന് പൊതുമരാമത്ത് മന്ത്രിയും മുഖ്യമന്ത്രിയും ഉറപ്പ് നല്‍കിയിട്ടും കോട്ടപ്പുറം അച്ചാംതുരുത്തി പാലം ഗതാഗത യോഗ്യമാക്കിയില്ല, പാലം പണി തുടങ്ങിയിട്ട് 78 മാസങ്ങള്‍ പിന്നിടുന്നു. 22 കോടി രൂപയുടെ എസ്റ്റിമേറ്റില്‍ കൊച്ചി ആസ്ഥാനമായുള്ള കേരള സ്റ്റേറ്റ് കണ്‍സ്ട്രക്ഷന്‍ കോര്പ്പറേഷന് ലിമിറ്റഡ് ആണ് ആദ്യം പ്രവൃത്തികയെറ്റെടുത്തത്. തുടര്‍ന്ന് കൊച്ചിയിലെ മറ്റൊരു കമ്പനിക്ക് കൈമാറി. എന്നാല്‍ പ്രവൃത്തികളില്‍ കാലതാമസം വന്നതിനാല്‍ കമ്പനിയെ വീണ്ടും മാറ്റി പ്രവൃത്തി ജിഎം എഞ്ചിനീയറിങ്ങ് ആന്റ് കോണ്‍ട്രാക്ടേഴ്സിനെ നിര്മ്മാണമേല്പ്പിച്ചു. കരാറുകാരെ ഇടക്കിടെ മാറ്റേണ്ടി വന്നതും പുതിയ കരാറുകാരെയേല്പ്പിക്കേണ്ടി വന്നതിലുള്ള സാങ്കേതികമായ കാല താമസവുമാണ് പ്രധാനമായും നിര്‍മ്മാണം വൈകാന്‍ കാരണമായി ചൂണ്ടിക്കാണിക്കുന്നത്. ക്വാറി സമരവും പ്രതികൂലമായ കാലാവസ്ഥയില്‍ പുഴയില്‍ പൈലിങ്ങ് ചെയ്യാനെടുത്ത അധിക സമയവും വൈകാന്‍ കാരണമായി. അതേ സമയം പാലത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലാണ്. എന്നാല്‍ പ്രവൃത്തികളെന്ന് പൂര്‍ത്തിയാക്കുമെന്നും എപ്പോള്‍ ഗതാഗതത്തിനു തുറന്നു കൊടുക്കുമെന്നും പറയാന്‍ അധികൃതര്‍ക്ക് കഴിയുന്നില്ല. തൊട്ടടുത്ത് നിലവിലുള്ള നടപ്പാലം അപകടാവസ്ഥയിലാണ്. ഇതുമൂലം ജനങ്ങള്‍ ഏറെ ദുരിതം അനുഭവിക്കുകയാണ്.
പാലം യാഥാര്‍ത്ഥ്യമായാല്‍ നിലേശ്വരത്തു നിന്നും പയ്യന്നൂരിലേക്കുള്ള ദൂരം 11 കി.മീ കുറയും. കൂടാതെ ദേശീയപാതയില്‍ പള്ളിക്കര റെയില്‍വേ മേല്‍പ്പാലത്തിന്റെയും, കാര്യങ്കോട് പാലത്തിന്റെ പുനര്‍നിര്‍മ്മാണ സമയത്തും ആവശ്യമായി വന്നാല്‍ ബൈപാസായി പാലവും റോഡും ഉപയോഗിക്കാന്‍ കഴിയും. നിര്‍മ്മാണത്തില്‍ വീഴ്ച പറ്റിയിട്ടുണ്ടോയെന്ന് വിശദമായി പരിശോധിച്ച് പാളിച്ച പറ്റിയിട്ടുണ്ടെങ്കില്‍ നടപടിയെടുക്കുമെന്ന് ഇപ്പോഴത്തെ വകുപ്പ് മന്ത്രി പറയുന്നുണ്ട്.
സമയബന്ധിതമായി പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കാത്തതില്‍ ജനങ്ങള്‍ ആശങ്കയിലാണ്. ഈ ഡിസംബറിലെങ്കിലും ഉദ്ഘാടനം നടക്കുമെന്ന പ്രതീക്ഷയിലാണ് കോട്ടപ്പുറം അച്ചാംതുരുത്തി നിവാസികള്‍.
നിര്‍മ്മാണം പൂര്‍ത്തിയാകാത്ത കോട്ടപ്പുറം അച്ചാംതുരുത്തി പാലം
പ്രതികരിക്കാൻ ഇവിടെ എഴുതുക: