പരപ്പനങ്ങാടി: കാര്‍ഷിക വിളകളില്‍ പുഴുക്കളുടെ ശല്ല്യം വ്യാപകമാകുന്നു. പരപ്പനങ്ങാടിയുടെ കാര്‍ഷിക മേഖലയായ ഉള്ളണം-കോട്ടത്തറ, കീഴ്ചിറ, പച്ചരിപ്പാടം മേഖലകളിലാണ് പുഴുശല്യം അസ്വസ്ഥത പടര്‍ത്തുന്നത്, പുരയിടങ്ങളിലെ വാഴകളുടെ ഇലകള്‍ പോലും പൂര്‍ണമായും പുഴുക്കള്‍ നശിപ്പിക്കുകയാണ്. വീട്ടുമുറ്റത്തെ അടുക്കളത്തോട്ടങ്ങളിലും പുഴുക്കള്‍ നിറയുകയാണ്. ഇടവിളകളിലും പുഴുക്കള്‍ വ്യാപകമായതോടെ കൃഷിയിടങ്ങളിലേക്ക് ഇറങ്ങി ചെല്ലാനാകാത്ത അവസ്ഥയാണ്. കൂടാതെ രാത്രി ഇരുട്ടിയാല്‍ മാത്രം പുറത്തിറങ്ങി വാഴ കൂമ്പുകള്‍ നശിപ്പിക്കുന്ന കറുത്ത ഒച്ചുകളും വ്യാപകമാകുന്നുണ്ട്. കര്‍ക്കിടകത്തില്‍ വേണ്ടത്ര മഴ ലഭിക്കാത്തതിനാല്‍ നേന്ത്രവാഴ നട്ട കര്‍ഷകര്‍ക്ക് പുഴു-കീട ശല്ല്യം ഇരുട്ടടിയാവുകയാണ്. നേന്ത്രപ്പഴത്തിന് ഈ വര്‍ഷം സാമാന്യം ഭേദപ്പെട്ട വില ലഭിച്ചതിനാല്‍ പലരും ഇതിലേക്ക് കൃഷിയിലേക്ക് തിരിഞ്ഞിട്ടുണ്ട്. എന്നാല്‍ കീട രോഗബാധ വിളവ് കുറക്കുമെന്ന ആശങ്കയിലാണ് കര്‍ഷകര്‍. സാധാരണ കര്‍ക്കിടകം, ചിങ്ങമാസങ്ങളില്‍ പുഴുശല്യമുണ്ടാവാറുണ്ടെങ്കിലും ഇത്ര രൂക്ഷമാകാറില്ലെന്ന് കര്‍ഷകര്‍ പറയുന്നു കീട രോഗബാധക്ക് പ്രതിവിധിയായി മണ്ണെണ്ണ സ്പ്രേയും വേപ്പെണ്ണ മിശ്രിതവും തളിക്കാമെന്നാണ് കഴിഞ്ഞ വര്‍ഷത്തെ കര്‍ഷകശ്രീ അവാര്‍ഡ് ജേതാവായ കൊടപ്പാളിയിലെ റസാഖ് മുല്ലേപ്പാട്ട് പറയുന്നത് കീടബാധ വളരെ കൂടുതലാണെങ്കില്‍ കീടനാശിനി പ്രയോഗം തന്നെ വേണ്ടി വന്നേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: