തിരുരങ്ങാടി: നന്നമ്പ്ര പഞ്ചായത്തിലെ ചെറുമുക്ക് അങ്ങാടിയില്‍ സാമൂഹ്യദ്രോഹികളുടെ വിളയാട്ടം. ശ്രീകൃഷ്ണജയന്തി പ്രചാരണ ബോര്‍ഡുകളടക്കം തീവെച്ചു. കാലങ്ങളായി സൗഹാര്‍ദ്ദ അന്തരീക്ഷം നിലനില്‍ക്കുന്ന ചെറുമുക്കില്‍ മനപൂര്‍വ്വം അസ്വസ്ഥതകള്‍ സ്യഷ്ടിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. പരിസ്ഥിതി സൗഹാര്‍ദ സന്ദേശം പ്രചരിപ്പിക്കുന്ന ബാലഗോകുലത്തിന്റെ ബോര്‍ഡുകള്‍ പോലും നശിപ്പിക്കപ്പെട്ടതില്‍ ജനകീയ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ പ്രദര്‍ശിപ്പിക്കപ്പെട്ട ബോര്‍ഡുകളും മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുള്‍ കലാമിനെ അനുസ്മരിച്ച ബോര്‍ഡുകളും ഇവര്‍ അഗ്നിക്കിരയാക്കിയിട്ടുണ്ട്. പ്രതികളെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് ബന്ധപ്പെട്ടവര്‍ താനൂര്‍ പോലീസില്‍ പരാതി നല്കി.
ഇതില്‍ പ്രതിഷേധിച്ച് ചെറുമുക്ക് അങ്ങാടിയില്‍ പരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടന്നു. ആര്‍എസ്എസ് മണ്ഡല് കാര്യവാഹ് ഹരിദാസ് പുളിക്കല്‍, യുവമോര്‍ച്ച നേതാവ് പ്രദീപ് കളത്തില്‍, ബിജെപി പ്രതിനിധി പി.രാജാമണി, എബിവിപിക്ക് വേണ്ടി വിപിന്‍ദാസ് കളത്തില്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: