അക്രമം നടന്ന സ്ഥലം പോലീസ് പരിശോധിക്കുന്നു.
തൃശൂര്‍: ഒരിടവേളയ്ക്കുശേഷം നഗരത്തില്‍ ഗുണ്ടാസംഘങ്ങള്‍ സജീവമാകുന്നു. പന്നിപ്പടക്കമെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്്ടിക്കുന്ന ശൈലിയില്‍ ആക്രമണം നടത്തിയാണ് സംഘങ്ങളുടെ വിളയാട്ടം. അവണൂരില്‍ വിയ്യൂര്‍ സ്റ്റേഷനിലെ പോലീസ് ഡ്രൈവറുടെയും അരണാട്ടുകരയില്‍ ശക്തന് മാര്‍ക്കറ്റിലെ ഇറച്ചി വ്യാപാരിയുടെയും വീട്ടിലേക്ക് പന്നിപടക്കമെറിഞ്ഞ് പൊട്ടിച്ചു.
അവണൂര്‍ ആശാന്പ്പടി പാമ്പുങ്ങല്‍ വീട്ടില്‍ ഗോപാലന്റെ മകന് മനോജിന്റെ വീടിനുനേരെ വ്യാഴാഴ്ച അര്‍ധരാത്രിയോടെയാണ് ആക്രമണം നടന്നത്. വീടിന്റെ മുന്‍വശത്തെ ട്രസ് ഷീറ്റ് സ്ഫോടനത്തില്‍ പൊളിഞ്ഞു. മറ്റു നാശനഷ്ടങ്ങള്‍ ഇല്ല. രാത്രി ഉഗ്രന്‍ ശബ്്ദത്തോടെയാണ് സ്ഫോടകവസ്തു പൊട്ടിത്തെറിച്ചത്. ശബ്്ദംകേട്ട ഉടന്‍ ജനല്‍വഴി നോക്കിയപ്പോള്‍ ബൈക്ക് സ്റ്റാര്‍ട്ട് ചെയ്ത് പോകുന്നതു കണ്ടെന്ന് മനോജ് പറഞ്ഞു. മനോജും അമ്മയും ജ്യേഷ്ഠനുമാണ് വീട്ടിലുണ്ടായിരുന്നത്. മെഡിക്കല്‍കോളജ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഗുരുവായൂര്‍ എസിപി ശിവദാസ്, പേരാമംഗലം സിഐ മണികണ്ഠന്, എസ്ഐ ജോയ് എന്നിവര്‍ സ്ഥലത്തെത്തി. ആക്രമണത്തിനുപിന്നില്‍ ഗുണ്ടാസംഘങ്ങളാണെന്നാണ് കരുതുന്നത്.
അരണാട്ടുകരയില്‍ ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയുടെ പേരിലാണ് ആക്രമണം നടന്നതെന്നാണ് പോലീസ് ഭാഷ്യം. അരണാട്ടുകര പള്ളിക്കു പിന്‍വശത്തെ പടിഞ്ഞാറേ അങ്ങാടിയിലുള്ള കുന്നംകുമരത്ത് വീട്ടില്‍ ജോണ്‍സന്റെ വീടിനുനേരേയാണ് ഇന്നലെ രാവിലെ 9.50ഓടെ ആക്രമണം നടന്നത്. വീട്ടിലേക്കു ബൈക്കിലെത്തിയ സംഘം പന്നിപ്പടക്കമെറിഞ്ഞു. മതിലില്‍ തട്ടി റോഡിലേക്കു തെറിച്ചുവീണ് പന്നിപ്പടക്കം ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിച്ചു. ഗുണ്ടാപ്പിരിവു സംബന്ധിച്ച് തര്‍ക്കത്തിലേര്‍പ്പെട്ടശേഷം ബൈക്കില്‍ തിരികേ പോകുന്നതിനിടെ സംഘം വീട്ടിലേക്കു പന്നിപ്പടക്കമെറിഞ്ഞെന്നാണ് വീട്ടുകാര്‍ പറയുന്നത്. അരണാട്ടുകര പള്ളി പെരുന്നാള്‍ ആഘോഷത്തിനിടെ രണ്ടു സംഘങ്ങള്‍ തമ്മിലുണ്ടായ സംഘട്ടനത്തിന്റെ ബാക്കിയാണ് ആക്രമണമെന്ന് പോലീസ് പറഞ്ഞു. ഇന്നലെ ബൈക്കിലെത്തിയ ഒരാളുടെ കൈയില്‍ കറമ്പൂസ് എന്നു പച്ചകുത്തിയിട്ടുണ്ടെന്നു വിവരം ലഭിച്ചതായി പോലീസ് പറഞ്ഞു. ഗുണ്ടാത്തലവന് കടവി രഞ്ജിത്തിന്റെ സംഘാംഗങ്ങളാണ് ഇവരെന്നാണു പോലീസ് സംശയിക്കുന്നത്.
റൂറല്‍ എസ്പി നിശാന്തിനി, എസിപി ഷാഹുല്‍ ഹമീദ്, വെസ്റ്റ് സിഐ വി.കെ. രാജു തുടങ്ങിയവരുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സന്നാഹം എത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. അവണൂരിലും അരണാട്ടുകരയിലും ഫോറന്‍സിക് വിദഗ്ധര്‍ പരിശോധന നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: