കാസര്‍കോട്: ഐല ശ്രീ ദുര്‍ഗ്ഗാ പരമേശ്വരി ക്ഷേത്രത്തിന്റെ ഭൂമി തട്ടിയെടുക്കാന്‍ സര്‍ക്കാര്‍ ശ്രമം. നൂറ്റാണ്ടുകളായി ക്ഷേത്രം കൈവശം വെച്ച് വരുന്ന വെടിക്കെട്ട് കട്ട ഉള്‍പ്പെടെയുള്ളവ സ്ഥിതി ചെയ്യുന്ന ക്ഷേത്ര ഭൂമിയാണ് മഞ്ചേശ്വരം താലൂക്കിന്റെ പേര് പറഞ്ഞ് സര്‍ക്കാര്‍ ഏറ്റെടുക്കാനുള്ള നീക്കം നടക്കുന്നത്. മുസ്ലിം ലീഗ് നേതൃത്വത്തിന്റെ ഒത്താശയോടെ ജില്ലാ ഭരണകൂടത്തെ ഉപയോഗിച്ചാണ് ക്ഷേത്ര ഭൂമിയേറ്റെടുക്കാനുള്ള നീക്കം ആരംഭിച്ചത്.
മഞ്ചേശ്വരം താലൂക്ക് ഓഫീസ് കെട്ടിടം നിര്‍മ്മിക്കാനായി ഐല മൈതാനത്ത് 1.5 ഏക്കര്‍ സ്ഥലം റവന്യു വകുപ്പിന് നല്‍കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ജൂലായ് 20 ന് ജില്ലാ കളക്ടര്‍ മംഗല്‍പ്പാടി പഞ്ചായത്ത് അധികാരികള്‍ക്ക് കത്ത് നല്‍കിയിരുന്നു. ഇത് പ്രകാരം ജുലായ് 25 ന് മംഗല്‍പ്പാടി പഞ്ചായത്തിന്റെ സാധാരണ യോഗം പ്രസിഡണ്ട് വിളിച്ച് ചേര്‍ക്കുകയും പഞ്ചായത്ത് ഓഫീസ് കെട്ടിടം നില്ക്കുന്ന സ്ഥലം കഴിച്ച് ബാക്കി സ്ഥലം മുഴുവന്‍ താലൂക്ക് ഓഫീസ് നിര്‍മ്മാണത്തിന് വിട്ട് നല്കാന് സമ്മതമാണെന്ന് കളക്ടറെ അറിയിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. താലൂക്ക് നിര്‍മ്മാണത്തിന് വിട്ട് നല്‍കാമെന്ന് പഞ്ചായത്ത് പറയുന്ന ഭൂമിയില്‍ എല്ലാ മാസവും സംക്രമണ ദിവസങ്ങളില്‍ ഐല ശ്രീ ദുര്‍ഗ്ഗാ പരമേശ്വരി ക്ഷേത്രവുമായി ബന്ധപ്പെട്ട് സംക്രമ പൂജകള്‍ ചെയ്യുന്ന എട്ട് ചെറു കോവിലുകള്‍ നിലവില്‍ ഉണ്ട്. മാത്രമല്ല വിഷുവിനോടനുബന്ധിച്ച് നൂറ്റാണ്ടുകളായി വെടിക്കെട്ട് ഉത്സവം നടത്തുന്നത് ഈ ഭൂമിയിലാണ്. ഇവിടെ താലൂക്ക് ഓഫീസ് സ്ഥാപിച്ചാല്‍ ആരാധനയ്ക്ക് തടസ്സമുണ്ടാകുമെന്നാണ് നാട്ടുകാര്‍ പറയുന്നത്. കാരണം ഈ സ്ഥലത്ത് വെടിക്കെട്ടുകള്‍ നടത്താനും മറ്റും സര്‍ക്കാര്‍ അനുമതി നല്‍കാത്ത സാഹചര്യമുണ്ടാക്കുകയാണ് ഇതിന് പിന്നില്‍ കളിക്കുന്നവരുടെ ശ്രമമെന്ന് ഭക്തര്‍ പറഞ്ഞു. യോഗത്തില്‍ ഭൂമി വിട്ട് നല്‍കുന്നത് സംബന്ധിച്ച് കൊണ്ടുവന്ന പ്രമേയത്തെയെതിര്ത്ത് അംഗങ്ങളായ ബാലകൃഷ്ണ അംബാര്‍, വത്സരാജ്, ജയശര്മ്മിള, രേവതി, അനിത, സഞ്ചീവ, സുജാത എന്നിവര്‍ വിയോജനം രേഖപ്പെടുത്തിയിട്ടുണ്ട്. പക്ഷെ എതിര്‍പ്പുകള്‍ മറികടന്ന് പഞ്ചായത്ത് ഭരണത്തിലുള്ള ലീഗിന്റെ ഭൂരിപക്ഷം ഉപയോഗിച്ച് ഭൂമി വിട്ട് നല്‍കാനുള്ള തീരുമാനവുമായി അധികാരികള്‍ മുന്നോട്ട് പോകുകയാണ്.
ക്ഷേത്രത്തിന്റെ കൈവശം 5.96 ഏക്കര്‍ ഭൂമിയാണ് ഉണ്ടായിരുന്നത്. അതില്‍ കൂടി വിവിധ പ്രദേശങ്ങളിലേക്ക് റോഡുകള്‍ നിര്‍മ്മിച്ച വകയില്‍ കുറേ സ്ഥലങ്ങള്‍ പോയിട്ടുണ്ട്. പഞ്ചായത്ത് ഓഫീസ് കെട്ടിടവും മറ്റും നിര്‍മ്മിക്കാനായി ഒരു ഏക്കറിലധികം സ്ഥലം സര്‍ക്കാറിന് വിട്ട് നല്‍കിയിരുന്നു. കൂടാതെ സമീപത്തുള്ള സ്കൂളുകള്‍ക്ക് കളിസ്ഥലത്തിനായി ക്ഷേത്ര ഭൂമിയാണ് നല്‍കിയത്. വെടിക്കെട്ട് ആവശ്യത്തിനും മറ്റുമായി ഉപയോഗിക്കുന്ന ഉത്സവ മൈതാനം മാത്രമാണ് നിലവില്‍ ക്ഷേത്ര കൈവശമുള്ളത്.
ക്ഷേത്രത്തിന്റെ ഭൂമി തട്ടിയെടുക്കനായി വര്‍ഷങ്ങളായി മുസ്ലിംലീഗ് നേതൃത്വം ഗൂഢനീക്കങ്ങള്‍ ആരംഭിച്ചിരുന്നു. നിലവില്‍ കെട്ടിടമുണ്ടായിരുന്ന മംഗല്‍പ്പാടി പഞ്ചായത്ത് ഐല ക്ഷേത്ര പ്രദേശത്തേക്ക് മാറ്റി പുതിയ പഞ്ചായത്ത് ഓഫീസ് കെട്ടിടം നിര്‍മ്മാണത്തിന് ക്ഷേത്ര ഭൂമി വര്‍ഷങ്ങള്‍ക്ക് മുമ്പ് പൂര്‍ണ്ണ സമ്മതത്തോടെയാണ് നാട്ടുകാര്‍ വിട്ട് കൊടുത്തത്. നിലവില്‍ പഴയ പഞ്ചായത്ത് ഓഫീസ് സ്ഥിതി ചെയ്തിരുന്ന കെട്ടിടം തകര്‍ന്ന് വീഴാറായി സ്ഥലം കാട് കയറി കിടക്കുന്നുണ്ട്.
മഞ്ചേശ്വരം താലൂക്ക് ഓഫീസ് സ്ഥാപിക്കാനായി നിരവധി ഒഴിഞ്ഞ് കിടക്കുന്ന സര്‍ക്കാര്‍ ഭൂമികള്‍ ഉണ്ട്. അത് ഒന്നും പരിഗണിക്കാതെ ഐല ക്ഷേത്ര ഭൂമി തന്നെ നല്‍കണമെന്ന് വാശി പിടിക്കുന്നതിന് പിന്നില്‍ ലീഗിന്റെ മുതിര്‍ന്ന നേതാക്കളുടെ നേതൃത്വത്തിലുള്ള മാഫിയ പ്രവര്‍ത്തിക്കുന്നതായി നാട്ടുകാര്‍ പറയുന്നു. താലൂക്ക് നിര്‍മ്മിക്കുന്നതിന് നാട്ടുകാര്‍ എതിരല്ല പക്ഷെ അത് ക്ഷേത്ര ഭൂമിയില്‍ ആയിരിക്കരുതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. ക്ഷേത്ര ഭൂമി സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ജനകീയ ആക്ഷന്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് വൈകുന്നേരം മൂന്ന് മണിക്ക് ക്ഷേത്ര പരിസരത്ത് യോഗം ചേരും.
മഞ്ചേശ്വരം താലൂക്ക് ഓഫീസ് കെട്ടിട നിര്‍മ്മാണത്തിനായി സര്‍ക്കാര്‍ ആവശ്യപ്പെട്ട ക്ഷേത്ര ഭൂമി
പ്രതികരിക്കാൻ ഇവിടെ എഴുതുക: