ഗാന്ധിനഗര്‍: അതിരമ്പുഴ കൊലക്കേസ് പ്രതി യൂസഫ് ഖാദറിനെ തെളിവെടുപ്പിനായി ഏറ്റുമാനൂര്‍ പോലീസ് കസ്റ്റഡിയില്‍ വാങ്ങി. അയല്‍വാസിയായ അശ്വതി എന്ന യുവതിയെ കഴുത്തുഞെരിച്ചും തല ഭിത്തിയില്‍ ഇടിപ്പിച്ചും കൊലപ്പെടുത്തിയ ശേഷം മൃതദേഹം ചാക്കില്‍ക്കെട്ടി റബ്ബര്‍തോട്ടത്തില്‍ ഉപേക്ഷിക്കുകയായിരുന്നു. കൊല്ലപ്പെടുമ്പോള്‍ യുവതി പൂര്‍ണ്ണ ഗര്‍ഭിണിയുമായിരുന്നു.
ആഗസ്റ്റ് 6നാണ് കോട്ടയം പോലീസ് ചീഫ് എന്‍.രാമചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ കസ്റ്റഡിയിലെടുത്ത് അറസറ്റു രേഖപ്പെടുത്തി. റിമാന്‍ഡിലായിരുന്ന പ്രതിയെ കൂടുതല്‍ തെളിവെടുപ്പിനായി കസ്റ്റഡിയില്‍ വാങ്ങുകയായിരുന്നു. പ്രതി യുവതിയെ താമസിപ്പിച്ച എറണാകുളത്തുള്ള ഹോസ്റ്റലിലും, ഗര്‍ഭശുശ്രൂഷയ്‌ക്കായി പ്രവേശിപ്പിച്ചിരുന്ന ആശുപത്രികളിലും തെളിവെടുപ്പ് നടത്തും.
അഞ്ച് ദിവസത്തേക്കാണ് കസ്റ്റഡി അനുവദിച്ചിട്ടുള്ളത്. ആവശ്യമെന്നുകണ്ടാല്‍ കസ്റ്റഡി കാലാവധി നീട്ടുവാന്‍ കോടതിയില്ഡ അപേക്ഷ നല്‍കുമെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ ഏറ്റുമാനൂര്‍ സിഐ സി.ജെ.മാര്‍ട്ടിന്‍ പറഞ്ഞു.
















