ഇരിങ്ങാലക്കുട : ഏഴു വര്‍ഷത്തോളമായി ജാതിപേരുവിളിച്ചും ശാരീരികമായും മാനസികമായും പീഡിപ്പിച്ച അയല്‍ക്കാരുടെ നടപടിയില്‍ മനംനൊന്ത് സ്ത്രീ ആത്മഹത്യ ചെയ്ത സംഭവത്തിലെ 2 പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 15 ദിവസത്തേക്ക് റിമാന്റ് ചെയ്തു. ഇരിങ്ങാലക്കുട കാട്ടുങ്ങച്ചിറ സ്വദേശിനിയും ആലേങ്ങാടന്‍ മുരളിയുടെ ഭാര്യയുമായ സുജാതയാണ് അപമാനം സഹിക്കാതെ തീകൊളുത്തി ആത്മഹത്യ ചെയ്തത്. അയല്‍ക്കാരായ ഏര്‍വാടിക്കാരന്‍ വീട്ടില്‍ കാദര്‍ മൊയ്ദീന് മകന് ഷഫീര്‍ (46), ഭാര്യ റെജിത (40) എന്നിവരെയാണ് ഇരിങ്ങാലക്കുട പോലീസ് അറസ്റ്റ് ചെയ്തത്. വര്‍ഷങ്ങളായി പട്ടികജാതിക്കാരിയായ സുജാതക്കെതിരെ അപവാദങ്ങള്‍ പറഞ്ഞുപരത്തുകയും ശാരീരികമായി മര്‍ദ്ദിക്കുകയും ചെയ്തിരുന്നു.
ജാതിപേരുവിളിച്ച് നിരന്തരം ശല്യം ചെയ്തിരുന്നതായി പോലീസ് പറഞ്ഞു. കഴിഞ്ഞ ജൂലായ് 26 ന് വൈകീട്ട് വീട്ടിലേക്ക് പോകുന്ന ഇടവഴിയില്‍ വച്ച് റെജിത സുജാതെയെ തടഞ്ഞുനിര്‍ത്തി അസഭ്യം പറയുകയും മര്‍ദ്ദിക്കുവാന്‍ ശ്രമിക്കുകയും ചെയ്തു. ഓടി രക്ഷപ്പെട്ട സുജാതയെ വീടുവരെ അടിക്കുവാന്‍ റെജിത പിന്തുടര്ന്നു. ദേഹത്ത് ഡീസലൊഴിച്ച് തീകൊളുത്തിയതിനെത്തുടര്‍ന്ന് ഗുരുതരനിലയിലായ സുജാത ജൂലായ് 28 ന് പുലര്‍ച്ചേ തൃശ്ശൂര്‍ ജൂബിലി മിഷന് ഹോസ്പിറ്റലില്‍ മരണമടഞ്ഞു. ദളിത് കുടുംബത്തെ താമസസ്ഥലത്തുനിന്ന് തുരത്തുകയായിരുന്നു ഷഫീറിന്റെ ലക്ഷ്യം. ഈ പ്രദേശത്ത് ധാരാളം ദളിത് കുടുംബങ്ങള്‍ താമസിച്ചുവന്നിരുന്നതാണ്. ഭൂരിഭാഗം പട്ടികജാതികുടുംബങ്ങളും ഇവരുടെ പീഡനങ്ങളും അപവാദങ്ങളും സഹിക്കാനാവാതെ ഇതിനകം ഒഴിഞ്ഞുപോയി. ഇപ്പോള്‍ മൂന്ന് കുടുംബങ്ങള്‍ മാത്രമേ ഈ പ്രദേശത്ത് താമസിക്കുന്നുള്ളു.
ഊരുവിലക്ക് തന്നെയാണ് ദളിത് കുടുംബങ്ങള്‍ അനുഭവിച്ചുവരുന്നത് എന്ന് പറയുന്നു. പോലീസ് സ്റ്റേഷന്റെ 30 മീറ്റര്‍ അകലെമാത്രം നടന്ന സംഭവമായിരുന്നിട്ടുകൂടി മരിച്ചത് ദളിത് യുവതിയായിരുന്നിട്ടുകൂടി പോലീസ് അനങ്ങാപാറ നയമാണ് സ്വീകരിച്ചത്. മജിസ്ട്രേറ്റ് വന്ന് മൊഴിയെടുത്തിട്ടും തൊട്ടടുത്തുള്ള പോലീസ് ആ വഴിക്കു തിരിഞ്ഞുനോക്കിയില്ല. തുടര്‍ന്ന് കെ.പി.എം.എസ് നേതാക്കളും രാഷ്ട്രീയ നേതാക്കളും സ്റ്റേഷനില്‍ ചെന്ന് പ്രതിഷേധം അറിയിച്ചപ്പോള്‍ മാത്രമാണ് 2 പോലീസുകാര്‍ വന്ന് മൊഴിയെടുത്തത്. ആത്മഹത്യക്ക് കാരണക്കാരായ ഷെഫീര്‍, ഭാര്യ റെജിത എന്നിവര്‍ക്കെതിരെ ആത്മഹത്യാപ്രേരണാക്കുറ്റം, ജാതിപേരുവിളിച്ചാക്ഷേപിക്കല്, വഴിനടക്കാന്‍ അനുവദിക്കാതിരിക്കുക എന്നിവക്ക് വകുപ്പുകള്‍ ചുമത്തി പട്ടികജാതി പീഡന നിരോധന നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: