തൃശൂര്‍:ഭൂരഹിത കേരളം പദ്ധതിയിലേക്ക് തെരഞ്ഞെടുത്തിട്ടും ഭൂമി ലഭിക്കാത്ത ഭൂരഹിതര്‍ക്ക് ഉടന്‍ വാസയോഗ്യമായ ഭൂമി ലഭ്യമാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം. തൃശൂര്‍ അയ്യന്തോള്‍ വില്ലേജിലെ ഒരു കൂട്ടം ഭൂരഹിതരുടെ അപേക്ഷയിന്മേലാണ് തൃശൂര്‍ ജില്ലാ കലക്ടര്‍ക്ക് മനുഷ്യാവകാശ കമ്മീഷന് നിര്‍ദ്ദേശം നല്‍കിയത്.
അപേക്ഷയുടെ അടിസ്ഥാനത്തില്‍ ഭൂരഹിത കേരളം പദ്ധതിയിലേക്ക് തെരഞ്ഞെടുത്തിട്ടും കഴിഞ്ഞ 3 വര്‍ഷമായി ഭൂമി ലഭിച്ചില്ലെന്ന് ഇവര്‍ കമ്മീഷന് മുമ്പാകെ പരാതി നല്‍കിയിരുന്നു. മനുഷ്യാവകാശ കമ്മീഷന് അംഗം കെ. മോഹന്‍കുമാറിന്റെതാണ് ഉത്തരവ്. തൃശൂര്‍ പൊതുമരാമത്ത് വകുപ്പ് റസ്റ്റ് ഹൗസില്‍ നടന്ന സിറ്റിംഗില്‍ 81 പരാതികള്‍ കമ്മീഷന് പരിഗണിച്ചു. 13 എണ്ണം തീര്‍പ്പാക്കി.
മസ്തിഷ്ക മരണം സംഭവിച്ച വ്യക്തിക്ക് ജീവിക്കാനുളള അവകാശമുണ്ടെന്നും മസ്തിക മരണത്തിന്റെ പേരില്‍ അവയവ കച്ചവടമാണ് കേരളത്തിലെ വന്‍കിട ആശുപത്രികള്‍ കേന്ദ്രികരിച്ച് നടക്കുന്നതെന്നും കാണിച്ച് എം. ജമാലുദ്ദീന്‍ നല്കിയ പരാതിയിന്മേല് കേരള നെറ്റ് വര്‍ക്ക് ഫോര്‍ ഓര്‍ഗന്‍ ഷെയറിംഗ് നോഡല്‍ ഓഫീസര്‍ ഡോ. നോബിള്‍ ഗേഷ്യസ് മറുപടി നല്കി. മസ്തിക മരണവും കോമയും തമ്മിലുളള വ്യത്യാസം നിയമപരമായി തന്നെ വിവക്ഷിച്ചിട്ടുണ്ടെന്നും സര്‍ക്കാറിന്റെ പ്രതിനിധിയടക്കമുളള വിദഗ്ദ്ധ ഡോക്ടര്‍മാരടങ്ങിയ സംഘം 6 മണിക്കൂര്‍ ഇടവിട്ട് 2 തവണ പരിശോധിച്ച് വിലയിരുത്തിയതിന് ശേഷമാണ് മസ്തിഷ്ക മരണം ഉറപ്പാക്കുന്നതെന്നും നോഡല്‍ ഓഫീസര്‍ വ്യക്തമാക്കി. സംസ്ഥാനത്ത് അവയവ ദാനത്തിന്റെ മറവില്‍ അവയവ കച്ചവടം നടക്കുന്നില്ലെന്നും നോഡല്‍ ഓഫിസര്‍ അറിയിച്ചു.
വിയ്യൂര്‍ ജയിലിലെ ചപ്പാത്തി നിര്‍മ്മാണ യൂണിറ്റില്‍ തടവുകാരെ ചൂഷണം ചെയ്ത് ജയില്‍ ജീവനക്കാരും ഉദേ്യാഗസ്ഥരും ചപ്പാത്തി വില്‍പ്പനയിലൂടെ സ്വത്ത് സമ്പാദനം നടത്തുന്നുവെന്ന തടവുകാരുടെ പരാതിയില്‍ ജയില്‍ സൂപ്രണ്ട് കമ്മീഷന് മറുപടി നല്കി. 42 തടവുകാര്‍ വീതമുളള രണ്ട് ഷിഫ്റ്റുകളിലാണ് ചപ്പാത്തി യൂണിറ്റിന്റെ പ്രവര്‍ത്തനമെന്നും അസുഖമുളളവരെ ചപ്പ#ാത്തി നിര്‍മ്മാണത്തിന് നിയോഗിക്കാറില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമക്കി. മണിക്കൂറില്‍ 4000 എന്ന തോതില്‍ പ്രതിദിനം 34000 മുതല്‍ 38000 വരെ ചപ്പാത്തികളാണ് വിയ്യൂര്‍ ജയിലില്‍ നിന്നും ഉണ്ടാക്കാറ്. രാത്രി 11 മുതല്‍ രാവിലെ 7 വരെയും രാവിലെ 7 മുതല്‍ വൈകിട്ട് 5 വരെയുമാണ് രണ്ട് ഷിഫ്റ്റുകള്‍. മണിക്കൂറില്‍ 2000 ചപ്പാത്തി ഉണ്ടാക്കുന്ന രണ്ട് മെഷിനുകളുമുണ്ട്. തുറന്ന ജയിലില്‍ നല്കുന്ന 200 രൂപയാണ് ചപ്പാത്തി യൂണിറ്റില്‍ ഒരു തടവുകാരന് നല്കുന്ന വേതനമെന്നും സൂപ്രണ്ട് അറിയിച്ചു.
തൃശൂര്‍ വെളളാനിക്കര ചലിപ്പറമ്പ് സാന്‍ഡ്സ് ആന്റ് ഗ്രാന്യൂള്‍സിന്റെ മാടക്കത്തറയിലെ ക്വാറിക്കും ക്രഷറിനുമെതിരെ സമിപവാസിയായ നവനിതിന്റെ പരാതിയിന്മേല് ജിയോളജിസ്റ്റും മലിനീകരണ നിയന്ത്രണ ബോര്‍ഡും കമ്മീഷന് മറുപടി നല്കി.
നേരത്തെ നല്കിയ അനുമതിയുടെ അടിസ്ഥാനത്തില്‍ 11 ക്വാറികളില്‍ 6 എണ്ണത്തിന്റെ അനുമതി ഇപ്പൊഴും നിലനില്‍ക്കുന്നുണ്ടെന്നും നിയമപരമായ മാനദണ്ഡങ്ങള്‍ പാലിച്ചാണ് ക്വാറി പ്രവര്‍ത്തിക്കുന്നതെന്നും ഉദേ്യാഗസ്ഥര്‍ വ്യക്തമാക്കി. 2016 ആഗസ്റ്റ് 6 ന് ക്രഷറിന്റെ പ്രവര്‍ത്തനം പരിശോധിച്ചതായും മലിനീകരണ നിയന്ത്രണ ബോര്‍ഡ് അറിയിച്ചിട്ടുണ്ട്. കമ്മീഷന് കേസ് പിന്നീട് പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: