തിരുവല്ല: കുറ്റൂര്‍, ഇരുവെള്ളിപ്ര റെയില്‍വേ അടിപ്പാതകളിലെ വെള്ളക്കെട്ട് പ്രശ്നം പരിഹരിക്കാന്‍ സംയുക്ത സംഘം ഇന്നലെ പരിശോധന നടത്തി. കുറ്റൂര്‍ വള്ളംകുളം റോഡിലെ അടിപ്പാതയിലും തിരുമൂലപുരം കറ്റോട് റോഡിലെ അടിപ്പാതയിലുമാണ് സംഘം പരിശോധന നടത്തിയത്. കുറ്റൂര്‍ അടിപ്പാതയില്‍ ഉണ്ടാകുന്ന വെള്ളക്കെട്ട് ഒഴുക്കിവിടാന്‍ മണിമലയാറ്റിലേക്ക് ഒഴുകുന്ന സമീപത്തെ ഇടയാടി കരിപ്പാലത്ത് തോട് ഉപയോഗപ്പെടുത്താന്‍ സംഘം തീരുമാനിച്ചു. ഇതിനായി തോട് അളന്നു തിട്ടപ്പെടുത്തി വീതിയും ആഴവും കൂട്ടി വികസിപ്പിച്ചാല്‍ വെള്ളം ഒഴുക്കി വിടാനാകുമെന്ന് സംഘം വിലയിരുത്തി. അടിപ്പാത നിര്‍മ്മാണത്തിന്റെ ഭാഗമായി നീക്കിയ ഇവിടുത്തെ മണ്‍കൂനയും നീക്കം ചെയ്യും. അടിപ്പാതയില്‍ വെളിച്ചം നല്കാന് വൈദ്യുതി വിളക്കുകള്‍ സ്ഥാപിക്കാനും നിര്‍ദ്ദേശമുണ്ടായി. ഇരുവള്ളിപ്രയിലെ അടിപ്പാതയില്‍ ചെരിവുണ്ടാക്കി കോണ്‍ക്രീറ്റ് ചെയ്ത് പ്രശ്നം പരിഹരിക്കാനും തീരുമാനമായി. രണ്ട് അടിപ്പാതകളിലെയും വെള്ളക്കെട്ട് ഒഴിവാക്കാനുള്ള പരിഹാര നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെട്ട വിശദമായ രൂപരേഖ തയ്യാറാക്കി അടിയന്തിരമായി കളക്ടര്‍ക്ക് സമര്‍പ്പിക്കുമെന്ന് സംഘത്തിന് നേതൃത്വം നല്കിയ ആര്.ഡി.ഒ ജെ.ഷീലാദേവി പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് ശ്രീലേഖ രഘുനാഥ്, റെയില്‍വേ എക്സി.എഞ്ചിനീയര്‍ കെ.ആര്.സുരേഷ്, തഹസില്‍ദാര്‍ തുളസിധരന്നായര്, പൊതുമരാമത്ത് അസി.എഞ്ചിനീയര്‍ പി.എന്‍.വിജയരാജ്, മൈനര്‍ ഇറിഗേഷന്‍ ഉദ്യോഗസ്ഥരായ മറിയാമ്മ പെരുമാള്‍, സുജ.എ.എസ്, വാര്‍ഡ് മെമ്പര്‍ കെ.വി.പ്രസാദ്, രാഷ്ട്രീയ നേതാക്കളായ വി.ആര്.രാജേഷ്, ടി.കെ.സുധീര്‍കുമാര്‍ എന്നിവര്‍ സ്ഥലത്തെത്തിയാണ് തീരുമാനങ്ങള്‍ കൈക്കൊണ്ടത്. ഉച്ചയ്ക്ക്ശേഷം രണ്ടിന് എത്തിയ സംഘം ഒരു മണിക്കൂറിലേറെ ഇവിടെ ചെലവഴിച്ചാണ് മടങ്ങിയത്. റെയില്‍വേ ഇരട്ടപ്പാത നിര്‍മ്മാണത്തിന്റെ ഭാഗമായാണ് ഇവിടെയുണ്ടായിരുന്ന ലവല്‍ക്രോസുകള്‍ നീക്കി കുറ്റൂരിലും ഇരുവള്ളിപ്രയിലും അടിപ്പാതകള്‍ നിര്‍മ്മിച്ചത്. എന്നാല്‍ പ്രദേശത്തിന്റെ സാഹചര്യങ്ങള്‍ മനസ്സിലാക്കാതെ അശാസ്ത്രീയ നിര്‍മ്മാണം മൂലം രണ്ട് അടിപ്പാതകളും വെള്ളക്കെട്ടിലായി. തീരാദുരിതമായ വെള്ളക്കെട്ടിന് എതിരെ ജനകീയസമരങ്ങളും പ്രതിഷേധങ്ങളും ഇവിടെ അരങ്ങേറി. ഇതേതുടര്‍ന്ന് ജില്ലാ കളക്ടറുടെ നിര്‍ദ്ദേശപ്രകാരം ആര്.ഡി.ഒയുടെ നേതൃത്വത്തിലാണ് പ്രശ്ന പരിഹാരത്തിനുള്ള ശ്രമങ്ങള്‍ തുടങ്ങിയത്. കഴിഞ്ഞ കുറെ മാസങ്ങളായി ഇവിടെ ദുരിതം അനുഭവിക്കുകയാണ് നാട്ടുകാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: