പാലക്കാട്: തേങ്കുറിശ്ശി മാനാം കുളമ്പ് നീലി എന്ന വയോധികയുടെ വീട്ടില്‍ കഴിഞ്ഞ അഞ്ചു മാസമായി സംരക്ഷണത്തില്‍ കഴിയുന്ന ശ്രീകൃഷ്ണപ്പരുന്ത് ഇനി വനം വകുപ്പിന്റെ സംരക്ഷണത്തില്‍. നെന്മാറ വനം ഡിവിഷന്, ആലത്തുര് റേഞ്ച് ചൂലനൂര്‍ സെക്ഷന്‍ ഉദ്യോഗസ്ഥര്‍ ചൊവ്വാഴ്ച രാവിലെ തങ്കുറിശ്ശി മാനാം കുളമ്പ് നീലിയുടെ വീട്ടിലെത്തി കൃഷ്ണപരുന്തിനെ കൈപ്പറ്റി. ബീറ്റ് ഫോറസ്റ് ഓഫീസര്‍മാരായ സുധീഷ്കുമാര്‍, കെ.രമേഷ് എന്നിവരാണ്എത്തിയത്.
തേങ്കുറിശ്ശി വെറ്റിനറി ഡോക്ടര്‍ പരുന്തിനെ പരിശോധിച്ചതില്‍ അഞ്ചുമാസത്തെ സംരക്ഷണത്തിന് ശേഷവും അപകടത്തില്‍ പറ്റിയ മുറിവ് ഉണങ്ങിയിട്ടില്ലെന്നും വിദഗ്ദ്ധ ചികിത്സ ആവശ്യമാണെന്നും പറഞ്ഞു. അതിനാല്‍ ചികിത്സക്കായി ചിതലി വനം വകുപ്പ് ഓഫീസില്‍ കുറച്ചുദിവസം സംരക്ഷിക്കാന്‍ ഏര്‍പ്പാട് ചെയ്തു. അതിനു ശേഷം, ചൂലന്നൂരോ നെല്ലിയാമ്പതിയിലോ വിടാനാണ് വനം വകുപ്പ് ഉദ്ദേ്യശിക്കുന്നത്. സ്വന്തമായി ഇര പിടിക്കാന്‍ ഇനിയും സാധിക്കാത്ത സാഹചര്യത്തില്‍ പരുന്തിനെ ഏറ്റവും സുരക്ഷിതമായ താവളത്തില്‍ അല്ലെങ്കില്‍ മൃഗശാലയില്‍ സംരക്ഷിക്കുന്നതിനുള്ള സാഹചര്യം ഒരുക്കണമെന്ന് വൈല്‍ഡ്ലൈഫ് പ്രൊട്ടക്ഷന്‍ സൊസൈറ്റിയിലെ എസ് ഗുരുവായൂരപ്പനും പരിസ്ഥിതി പ്രവര്‍ത്തകനായ ശ്യാം തേങ്കുറിശ്ശിയും വനം വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
വാഹനാപകടത്തില്‍ പരിക്കേറ്റ നിലയില്‍ അഞ്ചു മാസം മുമ്പ് കണ്ട ഈ പരുന്തിനെ മരുന്ന് വച്ച് സംരക്ഷിക്കാന്‍ തുടങ്ങിയപ്പോളാണ് പരുന്ത് നീലിയെ വിട്ടുപോകാന്‍ മടി കാണിച്ചത്. പക്ഷെ ദിവസവും ഇരുപത് രൂപയെങ്കിലും മീന്‍ വാങ്ങിക്കൊടുക്കാന്‍ ചെലവാകുന്നതിനാല്‍ അത് താങ്ങാനുള്ള ശേഷി ഇല്ലാത്ത സാഹചര്യത്തില്‍ ആരെങ്കിലും ഏറ്റെടുത്ത് സംരക്ഷിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. പുറമെ നിന്നുള്ള സ്വകാര്യ വ്യക്തികള്‍ ഈ കൃഷ്ണപ്പരുന്തിനെ ആവശ്യപ്പെടാന്‍ തുടങ്ങിയ സാഹചര്യത്തിലാണ് പരുന്തിനെ ഏറ്റെടുക്കാന്‍ വൈല്‍ഡ്ലൈഫ് പ്രൊട്ടക്ഷന്‍ സൊസൈറ്റി വനം വകുപ്പിനോട് ആവശ്യപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: