പാലക്കാട്: രാജ്യത്തെ അസ്ഥിരപ്പെടുത്തുവാനുള്ള നിലപാടുകളാണ് സിപിഎമ്മും കോണ്‍ഗ്രസും കാലാകാലമായി സ്വീകരിച്ചിരിക്കുന്നതെന്ന് ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം വി.മുരളീധരന് പറഞ്ഞു. ഭീകരവാദികള്‍ ഇന്ത്യവിടുക അവരെ പിന്തുണക്കുന്നവരും എന്ന മുദ്രാവാക്യവുമായി ക്വിറ്റ് ഇന്ത്യാ ദിനത്തില്‍ യുവമോര്‍ച്ച ജില്ലാ കമ്മറ്റി സംഘടിപ്പിച്ച ദേശരക്ഷാ ജ്വാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ ഭീകരവാദം വളര്ന്നുകൊണ്ടിരിക്കുന്നതിനു തെളിവാണ് മലയാളികള്‍ ഐഎസില്‍ ചേര്‍ന്നുവെന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇതിനെതിരെ ശബ്ദിക്കുന്നതിനു പകരം അവരെ പിന്തുണക്കുന്ന നിലപാടുകളാണ് ഇടതു-വലതു മുന്നണികള്‍ സ്വീകരിച്ചിരിക്കുന്നത്. അബ്ദുള്‍ നാസര്‍ മദനിയെ രക്ഷിക്കുവാന്‍ സിപിഎമ്മും കോണ്‍ഗ്രസും പരസ്പരം മത്സരിക്കുന്നു. കേരളത്തില്‍ വിഘടനവാദികള്‍ രഹസ്യക്യാമ്പുകള്‍ നടത്തുമ്പോള്‍ മാറിമാറി ഭരിച്ച മുന്നണികള്‍ അനുകൂല നിലപാട് സ്വീകരിച്ചതാണ് ഭീകരവാദം വളരാന്‍ കാരണംമെന്നും അദ്ദേഹം ആരോപിച്ചു.
യുവാക്കള്‍ ഐഎസില്‍ പോയത് യാദൃച്ഛികമാണോ അതോ ആസൂത്രിതമാണോ എന്നു പരിശോധിക്കേണ്ടതുണ്ട്. ലൗ ജിഹാദ് പോലുള്ള സംഭവങ്ങള്‍ മതപരിവര്‍ത്തനത്തില്‍ മാത്രം അവസാനിക്കുന്നുവെങ്കില് അത് വ്യക്തിപരം മാത്രമാണ്. എന്നാല്‍ അതേസമയം അവരെ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നത് അംഗീകരിക്കുവാന്‍ കഴിയില്ല. ഇത് നാടിനെ വിഘടിപ്പിക്കുവാനുള്ള ശ്രമമാണ്. ഇതിനെ ശക്തമായി ചെറുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ആഗസ്റ്റ് 15 കരിദിനമായി ആചരിച്ച ആളുകള്‍ ഇന്ന് സ്വാതന്ത്ര്യദിനമായി ആചരിക്കുന്നു. ഭാരതസര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ ആയുധമെടുത്ത ആളുകളാണ് കമ്മ്യൂണിസ്റ്റുകാര്‍. ഇപ്പോള്‍ അതിന് പ്രായശ്ചിത്വം ചെയ്യാന്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ഇറങ്ങിയിരിക്കുന്നു. ഇതിനു ജനങ്ങള്‍ മാപ്പുനല്‍കില്ല. ശ്രീനാരയണഗുരുവിനെ ആക്ഷേപിച്ചവര്‍ ഇന്ന് ഗുരുവിനെ ഉയര്‍ത്തിപ്പിടിച്ചു നടക്കുന്നു. ഇനി എന്തുചെയ്താലും ജനങ്ങള്‍ മാപ്പു നല്‍കില്ല. തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ ജനപിന്തുണ കുറഞ്ഞത് ഇതിനു തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് ഇ.പി. നന്ദകുമാര്‍ അധ്യക്ഷതവഹിച്ചു. ചടങ്ങില്‍ കാര്‍ഗ്ഗില്‍ യുദ്ധത്തില്‍ വീരമൃത്യുവരിച്ച ജവാന് ഗോപിനാഥിന്റെ അമ്മ മീനാക്ഷിഅമ്മയെ ദേശരക്ഷാ ജ്വാലയ്ക്ക് തിരിതെളിയിച്ചു. ബിജെപി സംസ്ഥാന സെക്രട്ടറി സി.കൃഷ്ണകുമാര്‍, മധ്യമേഖലാ ജനറല്‍ സെക്രട്ടറി പി.വേണുഗോപാല്‍, ജില്ലാ അധ്യക്ഷന്‍ അഡ്വ.ഇ.കൃഷ്ണദാസ്,ജില്ലാ ജനറല്‍ സെക്രട്ടറിമാരായ കെ.വി.ജയന്‍മാസ്റ്റര്‍, പ്രദീപ്കുമാര്‍, യുവമോര്‍ച്ച ജില്ലാ ഭാരവാഹികളായ അനീഷ്, പ്രസന്നകുമാര്‍, കുമരേഷ്, ബബീഷ്,ധനുഷ്, ബിധിന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. യുവമോര്‍ച്ച ജില്ലാ ജനറല്‍സെക്രട്ടറിമാരായ കെ.മണികണ്ഠന് സ്വാഗതവും എസ്.അരുണ്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: