ശാസ്താംകോട്ട: ശൂരനാട് തെക്ക് പഞ്ചായത്ത് ആസ്ഥാനമായ പതാരം അവഗണനയുടെ പടുകുഴിയില്‍. വികസനം എന്തെന്നറിഞ്ഞിട്ട് വര്‍ഷങ്ങളായ പതാരത്ത് മാറിമാറി വരുന്ന പഞ്ചായത്ത് ഭരണ സമിതികള്‍ അവഗണന മാത്രമാണ് സമ്മാനിച്ചിട്ടുള്ളത്.
കുന്നത്തൂര്‍ താലൂക്കിനെ കരുനാഗപ്പള്ളിയുമായി ബന്ധിപ്പിക്കുന്ന പ്രധാന റോഡായ ഭരണിക്കാവ് മാലുമേക്കടവ് റോഡ് പതാരം വഴിയാണ് കടന്നുപോകുന്നത്. ഈ റോഡിന്റെ ദുരവസ്ഥക്ക് വര്‍ഷങ്ങളുടെ പഴക്കമാണുള്ളത്. ഏറെ പ്രക്ഷോഭങ്ങള്‍ക്കൊടുവില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ റോഡ് സഞ്ചാരയോഗ്യമാക്കിയെങ്കിലും ആറുമാസത്തിനുള്ളില്‍ തകര്‍ന്നു. ഇപ്പോള്‍ ഇതുവഴി കാല്‍നട യാത്രപോലും ദുഷ്‌കരമാണ്. പഞ്ചായത്ത് മാര്‍ക്കറ്റ് സന്ധ്യ കഴിഞ്ഞാല്‍ സാമൂഹ്യ വിരുദ്ധരുടെ താവളമായി മാറിക്കഴിഞ്ഞിരിക്കുകയാണ്. പഞ്ചായത്തിന്റെ അധീനതയിലുള്ള ഏകസര്‍ക്കാര്‍ ആശുപത്രി ഇവിടെയാണ്. കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററായ ഈ ആശുപത്രി ഉന്നത നിലവാരത്തേക്ക് ഉയര്‍ത്തണമെന്നാവശ്യങ്ങള്‍ക്കും വര്‍ഷങ്ങളുടെ പഴക്കമാണുള്ളത്. ഇന്നും ഈ ആശുപത്രി അവഗണനയില്‍ ചക്രശ്വാസം വഹിക്കുകയാണ്. കഞ്ചാവ് അടക്കമുള്ള ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗം യുവാക്കളെ വഴിതെറ്റിക്കുന്ന അവസ്ഥയാണ് ഇവിടെ. എസ്ഡിപിഐ പോലുള്ള ഭീകര സംഘടനകള്‍ അഴിഞ്ഞാടി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ജനങ്ങളുടെ ജീവനു തന്നെ ഭീഷണിയാകുന്ന അവസ്ഥ സംജാതമായത് മാസങ്ങള്‍ക്ക് മുമ്പാണ്. പഞ്ചായത്ത് ഭരണം എല്‍ഡിഎഫിലെ തമ്മിലടി മൂലം അക്ഷരാര്‍ത്ഥത്തില്‍ മുടങ്ങിയിരിക്കുകയാണ്. സിപിഐക്കാണ് ഇവിടെ പ്രസിഡന്റ് സ്ഥാനം. എന്നാല്‍ പ്രസിഡന്റിന് കാര്യക്ഷമമായ ഭരണം നടത്താന്‍ സിപിഎം അനുവദിക്കില്ലെന്ന് സിപിഐ നേതാക്കള്‍ തന്നെ പരസ്യമായി പറയുന്നുണ്ട്. ഈ സ്ഥിതി തുടര്‍ന്നാല്‍ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് ബിജെപിയടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ മുന്നറിയിപ്പ് നല്‍കുന്നു.
















