കൊല്ലം: കടവൂര്‍ കുരീപ്പുഴയില്‍ നായ്‌ക്കളെ വാളുപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തുകയും പരിക്കേല്‍പ്പിക്കുകയും ചെയ്ത സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയെന്ന് പോലീസ്. സംഭവത്തിന് പിന്നില്‍ ആരെന്നറിയില്ല.
പ്രദേശത്ത് ആദ്യമായാണ് ഇത്തരത്തിലൊരു സംഭവമുണ്ടായത്. സമീപത്തെ വീടുകളിലും മറ്റും സിസിടിവി കാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. അവ പരിശോധിക്കും. ആയുധപരിശീലനമാണെന്ന് പറയാന്‍ ഇപ്പോള്‍ സാധിക്കില്ലെന്നും അന്വേഷണചുമതല വഹിക്കുന്ന അഞ്ചാലുംമൂട് എസ്‌ഐ പ്രശാന്ത്കുമാര്‍ പറഞ്ഞു. അതേസമയം നാട്ടില്‍ ആദ്യമായുണ്ടായ സംഭവത്തില്‍ പ്രദേശവാസികള്‍ ഭീതിയിലാണ്. ജില്ലയിലെ മേവറം, ശാസ്താംകോട്ട ഭാഗങ്ങളില്‍ ഇതിന് മുമ്പ് ഇത്തരം സംഭവമുണ്ടായിട്ടുണ്ട്. സംസ്ഥാനത്ത് വടക്കന്‍ജില്ലകളിലും സമാനരീതിയില്‍ നായ്‌ക്കളെ വെട്ടിപരിക്കേല്‍പ്പിക്കുന്ന സംഭവം ഉണ്ടായിട്ടുണ്ട്. ഇത് പിന്നീട് ബൈക്കിലെത്തി വെട്ടിക്കൊലപ്പെടുത്തുവാനുള്ള പരിശീലനമാണെന്ന് കണ്ടെത്തിയിരുന്നു.
















