പെരിന്തല്‍മണ്ണ: കലക്ട്രേറ്റിലെ എ സെക്ഷനില്‍ നിന്നും ചില സുപ്രധാന രേഖകള്‍ നഷ്ടപ്പെട്ടതായി വിവരാവകാശ പ്രവര്ത്തകന് രേഖാമൂലം മറുപടി. 2004ല്‍ മലപ്പുറം കലക്ട്രേറ്റില്‍ നിയമനം ലഭിച്ച പെരിന്തല്‍മണ്ണ പട്ടിക്കാട് സ്വദേശിയായ ബധിരനായ ജീവനക്കാരനെതിരെ കലക്ട്രേറ്റിലെ തന്നെ ചിലര്‍ നടത്തിയ നീക്കങ്ങളെ തുടര്‍ന്നാണ് ഈ രേഖകള്‍ അപ്രത്യക്ഷമായതെന്നാണ് സൂചന. ബാഹ്യ ഇടപെടലുകളാണെന്ന സംശയവും ഉയരുന്നു. ഇത് സംബന്ധിച്ച് 2016 ഏപ്രില്‍ 23ന് വിവരാവകാശ പ്രവര്ത്തകന് ഒ.അബ്ദു ചില രേഖകളുടെ പകര്‍പ്പ് ആവശ്യപ്പെടുകയുണ്ടായി. എന്നാല്‍ കൃത്യമായ മറുപടി ലഭിച്ചില്ല. തുടര്‍ന്ന് ജൂണ്‍ 16ന് അപ്പീല്‍ നല്‍കുകയും അതിന്റെ അടിസ്ഥാനത്തില്‍ രേഖകള്‍ കാണാനില്ലെന്ന് മറുപടി ലഭിക്കുകയും ചെയ്തു. കൂടാതെ 2009 മുതല്‍ 2011 വരെയുള്ള കാലയളവിലെ യാത്രാവിവരണങ്ങള്‍ രേഖപ്പെടുത്തിയ മൂവ്മെന്റ് രജിസ്റ്ററും കാണാതായി. രേഖകള്‍ കാണാനില്ലെന്ന മറുപടി അതീവ ഗൗരവമുള്ളതാണെന്നും ഇക്കാര്യത്തില്‍ അന്വേഷണം നടത്തണമെന്നും പെരിന്തല്‍മണ്ണയിലെ വിവരാവകാശ പ്രവര്‍ത്തകരുടെ സംയുക്ത കൂട്ടായ്മ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: