മലപ്പുറം: കരിപ്പൂര്‍ വിമാനത്താവള വികസനത്തിന് ഭൂമിയേറ്റെടുക്കുന്നതിന്റെ രണ്ടാംഘട്ട നടപടി ക്രമങ്ങള്‍ തുടങ്ങുന്നതിന് മുന്‍പ് സാങ്കേതിക ഉപദേശക സമിതിയെ നിയോഗിക്കുമെന്ന് മന്ത്രി ഡോ. കെ.റ്റി. ജലീല്‍ അറിയിച്ചു. ഭൂമിയേറ്റെടുക്കലുമായി ബന്ധപ്പെട്ട് കലക്ടറേറ്റ് സമ്മേളന ഹാളില്‍ നടന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. 150 അടി താഴ്ചയുള്ള ഭൂമി മണ്ണിട്ട് നികത്താനുള്ള ചെലവും മറ്റ് പാരിസ്ഥിതിക പ്രശ്നങ്ങളും പഠിക്കുകയായിരിക്കും സമിതിയുടെ ചുമതല. കൂടാതെ എയര്‍പോര്‍ട്ട് വികസനത്തിന് നിലവില്‍ എയര്‍പോര്‍ട്ട് അതോറിറ്റി ആവശ്യപ്പെട്ട ഏക്കര്‍ ഭൂമി ആവശ്യമാണോയെന്നും പരിശോധിക്കും.
ഭൂമി നല്കാന് സമ്മതപത്രം നല്കിയ 100 പേരില്‍ നിന്നും ഭൂമിയേറ്റെടുക്കല്‍ നടപടികള്‍ ഉടന്‍ തുടങ്ങും. രജിസ്ട്രേഷന് നടക്കുമ്പോള്‍ തന്നെ നഷ്ടപരിഹാര തുക കൈമാറും. മൂന്ന് മുതല്‍ 10 ലക്ഷം വരെയാണ് സ്ഥലത്തിനനുസരിച്ച് നല്‍കുക. വീട് നഷ്ടപ്പെടുന്നവര്‍ക്ക് പ്രത്യേക നഷ്ടപരിഹാരം നല്‍കും. ഭൂമി നഷ്ടപ്പെടുന്നവരുടെ പുനരധിവാസത്തിനായി ഏറ്റെടുക്കുന്ന 100 ഏക്കര്‍ സ്ഥലം പ്രത്യേക ടൗണ്‍ഷിപ്പായി വികസിപ്പിച്ച് അടിസ്ഥാന സൗകര്യങ്ങളൊരുക്കും. വിമാനത്താവളത്തിന്റെ ഭാവിയിലുള്ള വളര്‍ച്ചയെ കൂടി മുന്കൂടി കണ്ടാണ് നിലവില്‍ ഭൂമിയേറ്റെടുക്കുന്നത്. കഴിഞ്ഞ കാലങ്ങളില്‍ മികച്ച വളര്‍ച്ചാ നിരക്ക് രേഖപ്പെടുത്തിയിട്ടുള്ള വിമാനത്താവളം നിലനിര്‍ത്തേണ്ടത് എല്ലാവരുടെയും ആവശ്യമായി കാണണം.
സമയബന്ധിതമായി സ്ഥലമേറ്റെടുപ്പ് പൂര്‍ത്തിയാക്കുന്നതില്‍ എല്ലാവരും സഹകരിക്കണമെന്നും ജില്ലയുടെ വികസന കാര്യത്തില്‍ രാഷ്ട്രീയത്തിനതീതമായി അഭിപ്രായ സമന്വയമുണ്ടാവണം. കലക്ടറുടെ ചേംബറില്‍ ആദ്യം ജനപ്രതിനിധികളുമായും പിന്നീട് കലക്റ്ററേറ്റ് സമ്മേളന ഹാളില്‍ സമരസമിതി പ്രതിനിധികളുമായും മന്ത്രി സംസാരിച്ചു. എംഎല്‍എമാര്‍, ലാഡ് റവന്യൂ കമ്മീഷണര്‍, കലക്ടര്‍, എയര്‍പോര്‍ട്ട് ജോയന്റ് ജനറല്‍ മാനേജര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: