തൃശൂര്‍: കുരിയച്ചിറയില്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ച്ച ചെയ്ത സംഭവത്തില്‍ മോഷ്ടിക്കപ്പെട്ട സ്വര്‍ണം കണ്ടെടുത്തു. ജൂലൈ ഒന്നിന് രാത്രി 11.30ഓടെയാണ് കുരിയച്ചിറ ഗോസായിക്കുന്നില്‍ ആന്റോ കുരിയച്ചിറയെ അക്രമിച്ച് കയ്യിലുണ്ടായിരുന്ന 43ലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുത്തത്. ആന്റോയുടെ വീട് മുതല്‍ റെയില്‍വെ സ്റ്റേഷന് വരെയുള്ള സ്ഥലങ്ങളിലെ സിസിടിവി ക്യാമറ കാണാവുന്ന സ്ഥലങ്ങള്‍ മനസ്സിലാക്കിയതിന് ശേഷമായിരുന്നു മോഷണം. ഗോസായിക്കുന്നില്‍ കാത്തുനിന്ന സംഘം ഇന്നോവ കാറിലെത്തി ആന്റോയെ പിന്തുടര്ന്ന് ബൈക്ക് ഇടിച്ചുവീഴ്ത്തിയാണ് 3.380 കിലോഗ്രാം സ്വര്‍ണം കവര്‍ന്നത്. ഇവ ഉരുക്കി വില്പന നടത്തി തുല്യമായി വീതിച്ചെടുക്കണമെന്നായിരുന്നു കരാര്‍. ഇതുപ്രകാരം കവര്‍ച്ച നടത്തിയ ആഭരണങ്ങള്‍ ഒന്നാംപ്രതി അന്‍സാറും രണ്ടാംപ്രതി അരവിന്ദും ചേര്‍ന്ന് ഉരുക്കി വില്പന നടത്തി. തുടര്‍ന്ന് ലഭിച്ച തുകയും ഇവര്‍ വീതംവെച്ചു. മോഷ്ടിക്കപ്പെട്ട സ്വര്‍ണത്തില്‍ 3.280 കിലോ പോലീസ് കണ്ടെടുത്തു. ജില്ലയില്‍ ആദ്യമായാണ് കവര്‍ച്ച നടത്തിയ മുതലുകളില് ഭൂരിഭാഗവും കണ്ടെടുക്കുന്നത്. ചേര്‍പ്പ് പുതിയവീട്ടില്‍ അന്‍സാര്‍ (36), ചിയ്യാരം അരവിന്ദ് സേഠ് (40), ഫൈസല്‍, വെങ്കിടങ്ങ് ഷലീര്‍, മജീദ്, സത്താര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു മോഷണം. ഇവരില്‍ അന്‍സാറും അരവിന്ദ് സേഠും പോലീസ് പിടിയിലായി. മറ്റുനാലുപേര്‍ ഒളിവിലാണ്. സിറ്റി പോലീസ് കമ്മീഷണര്‍ ഹിമേന്ദ്രനാഥ് ആണ് അന്വേഷണത്തിന് മേല്‍നോട്ടം വഹിച്ചത്. സിറ്റി പോലീസ് അസി.കമ്മീഷണര്‍ ഷാഹുല്‍ഹമീദിന്റെ നേതൃത്വത്തില്‍ വെസ്റ്റ് സിഐ വി.കെ.രാജു, നെടുപുഴ എഎസ്ഐ യു.രാജന്, വെസ്റ്റ് എഎസ്ഐ ഭിനന്, പോലീസുകാരായ അനില്‍, മനോജ്, അരുണ്‍ഘോഷ്, വിനോജ്, ജോമോന്, ശിവപ്രസാദ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. ഒളിവിലുള്ള മറ്റു പ്രതികളെ കണ്ടെത്തുന്നതിന് പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. കവര്‍ച്ച നടത്താനുപയോഗിച്ച ഇന്നോവ കാറിനെക്കുറിച്ചും പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: