കോട്ടയം: തിരുവനന്തപുരത്ത് എടിഎം തട്ടിപ്പിലൂടെ പണം നഷ്ടമായ ഇടപാടുകാര്‍ക്ക് നഷ്ടമായ പണം അതതു ബാങ്കുകള്‍ നിരുപാധികം നല്‍കണമെന്ന് മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി ജെ. ജോസ് ആവശ്യപ്പെട്ടു. ഇടപാടുകാരുടെ നഷ്ടമായ പണം ഉടനടി അവരുടെ അക്കൗണ്ടുകളില്‍ നിക്ഷേപിക്കണമെന്ന് ഫൗണ്ടേഷന്‍ ആവശ്യപ്പെട്ടു.
ബാങ്കുകാരുടെ സംരക്ഷണയിലുള്ള എടിഎമ്മുകളില്‍ തട്ടിപ്പ് ഉപകരണം സ്ഥാപിച്ചതിന്റെ ഉത്തരവാദി ബാങ്കുകള്‍ തന്നെയാണ്. ബാങ്കുകളുടെ അനാസ്ഥയാണ് പണം കവരാന്‍ ഇടയാക്കിയതിനു പിന്നില്‍. കേസ് അന്വേഷണം പൂര്‍ത്തിയാകുംവരെ ഉപഭോക്താക്കളെ പണം നല്‍കാതെ വലയ്‌ക്കരുത്. ഉപഭോക്താക്കള്‍ക്ക് നഷ്ടമായ പണം ഉടനടി ലഭ്യമാക്കാത്തപക്ഷം ബാങ്കുകള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് പരാതികള്‍ നല്‍കാനും ഫൗണ്ടേഷന്‍ തീരുമാനിച്ചു.
ചെയര്‍മാന്‍ എബി ജെ. ജോസ് അധ്യക്ഷത വഹിച്ചു. സാംജി പഴേപറമ്പില്‍, ബിനു പെരുമന, അനൂപ് ചെറിയാന്‍, സൂരജ് കെ.ആര്‍. തുടങ്ങിയവര്‍ പ്രസംഗിച്ചു.
















