പനമരം : ഇന്ത്യയില്‍ ഭീകരവാദികള്‍ക്ക് താങ്ങും തണലും നല്‍കുന്നത് സിപിഎമ്മും കോണ്‍ഗ്രസുമാണെന്ന് യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രഫുല്‍ കൃഷ്ണന്. ഭീകരവാദികള്‍ ഇന്ത്യ വിടുക അവരെ പിന്തുണക്കുന്നവരും എന്ന മുദ്രാവാക്യമുയര്‍ത്തി യുവമോര്‍ച്ച ക്വിറ്റ് ഇന്ത്യാ ദിനമായ ഇന്നലെ സംസ്ഥാനതലത്തില്‍ നടത്തിയ പരിപാടിയുടെ ഭാഗമായി പനമരത്ത് നടന്ന ദേശരക്ഷാ ജ്വാലയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തീവ്രവാദികളുടെ ഇന്ത്യയിലെ രാഷ്ട്രീയ അജണ്ട നടപ്പിലാക്കുകയാണ് ഇരുകക്ഷികളും. ഐഎസ് റിക്രൂട്ട്മെന്റ് കേസ് വളരെ ലാഘവത്തോടെയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ കൈകാര്യം ചെയ്തത്. ന്യൂനപക്ഷ വോട്ട് ബാങ്കില്‍ ലക്ഷ്യമിട്ട് തീവ്രവാദികള്‍ക്ക് കുഴലൂതുന്ന നയമാണ് പിണറായി സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
എത്രയാളുകള്‍ ഐഎസില്‍ എത്തിയെന്നതിന് യാതൊരു കണക്കും സര്‍ക്കാരിന്റെ കൈവശമില്ല. സിപിഎം ഭൂരിപക്ഷ പ്രദേശങ്ങളില്‍നിന്നാണ് ഇവരെയെല്ലാം കാണാതായത്. സിപിഎമ്മിന് വളക്കൂറുള്ള മണ്ണിലാണ് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ വളരുന്നത്. ഇക്കാര്യത്തില്‍ വയനാടും ഒട്ടും പിന്നിലല്ലെന്നും അദ്ദേഹം പറഞ്ഞു. തടിയന്റിവിട നസീര്‍ നാല്‍പ്പത് ദിവസത്തോളം വയനാട്ടില്‍ താമസിച്ചതായി ഇന്റലിജന്റ്സ് വൃത്തങ്ങള്‍ വെളിപ്പെടുത്തുന്നു. ഇവരെല്ലാം ഇടതുപക്ഷ പാശ്ചാത്തലമുള്ള കുടുംബങ്ങളാണ്. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ മതപരിവര്ത്തനകേന്ദ്രങ്ങളെകുറിച്ചും അവരുടെ സാമ്പത്തിക സ്രോതസ്സുകളെകുറിച്ചും അന്വേഷിക്കാന്‍ സര്‍ക്കാരിന് ധൈര്യമുണ്ടോ? പിണറായി സര്‍ക്കാര്‍ ഇവരെയൊന്നും തൊടില്ല, തീവ്രവാദത്തിലുപരി വോട്ട് ബാങ്ക് തന്നെ ഇവിടെയും പ്രധാനം. പ്രായപൂര്‍ത്തിയാവാത്ത നിരവധി പെണ്‍കുട്ടികളാണ് ഇത്തരം മതപരിവര്ത്തനകേന്ദ്രങ്ങളിലുള്ളതെന്ന് ഒരു ദേശീയ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനെകുറിച്ചും അന്വേഷണമൊന്നുമില്ല. ദേശീയതയ്ക്കെതിരെ സംസാരിക്കുന്നവരെ മഹത്വവല്‍ക്കരിക്കുന്ന നയമാണ് സിഎമ്മിന്റേത്. ഇത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ വരുത്തിവെക്കുമെന്നും അദ്ദേഹം പറഞ്ഞു.
യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് അഖില്‍ പ്രേം അദ്ധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ പ്രസിഡന്റ് സജിശങ്കര്‍, ജില്ലാ ജനറല്‍ സെക്രട്ടറി കെ. മോഹന്‍ദാസ്, യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി കെ.പി. വിപിന്‍, ബിജെപി യുവമോര്‍ച്ച നേതാക്കളായ ശാന്തകുമാരി ടീച്ചര്‍, ജിതിന് ഭാനു, പ്രശാന്ത് മലവയല്‍, ധനില്‍കുമാര്‍, ഉദീഷ എ.പി, ബിനീഷ് മാസ്റ്റര്‍, കൂട്ടാറ ദാമോദരന്‍, കണ്ണന് കണിയാരം, പി.എം. അരവിന്ദന്, പ്രമോദ് ഓടത്തോട്, വിപിന്‍ ദാസ്, അജേഷ് എം. ആര്. അജില്‍ കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: