മസാച്യുസെറ്റ്‌സിലെ മാർത്താസ് വൈൻയാർഡിലെ നാൻസിസ് റസ്റ്റോറന്റിലെ ഒരു വനിത സപ്ലയർ കുറച്ച് ദിവസമായി വാർത്തയിലെ താരമായി മാറിയിരിക്കുകയാണ്. സാഷയെന്ന പതിനഞ്ചുകാരിയാണ് ഈ വാർത്താതാരം. ചില്ലറക്കാരിയൊന്നുമല്ല ഈ സാഷ.
അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമയുടെ ഇളയ പുത്രി സാഷ ഒബാമയെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. വെയിറ്ററായി ജോലി ചെയ്യുന്ന ഇവളെ ഇടയ്‌ക്ക് ബിൽ കൗണ്ടറിലും കാണാം. നീല ടീ ഷർട്ടും തൊപ്പിയും കാക്കി ബാങ്ക്‌സും ധരിച്ച് ഭക്ഷണം കഴിയ്‌ക്കാനെത്തുന്നവരിൽ നിന്ന് ഓർഡറെടുക്കാൻ ചുറുചുറുക്കോടെ ഇവൾ ഓടി നടക്കുന്നു. രാജ്യത്തെ പ്രഥമ പൗരന്റെ മകളാണെന്ന ചിന്തയില്ലാതെ.
പഠനത്തിന്റെ ഭാഗമായുളള ഇന്റേൺഷിപ്പിനായാണ് സാഷ ഈ ഭക്ഷണശാലയിലെ വെയിറ്ററുടെ വേഷം അണിഞ്ഞിരിക്കുന്നത്. മികച്ച കടൽ വിഭവങ്ങളും മിൽക്ക് ഷെയ്‌ക്കും മറ്റും ലഭിക്കുന്ന ഇവിടുത്തെ നിത്യസന്ദർശകരാണ് ഒബാമയും കുടുംബവും. ഒബാമയുടെ ഒരു സുഹൃത്തിന്റെ ഭക്ഷണശാല കൂടിയാണിത്. ഇവയെല്ലാമാണ് ഇന്റേൺഷിപ്പിനായി ഇവിടം തിരഞ്ഞെടുക്കാൻ സാഷയ്‌ക്ക് പ്രചോദനമായത്. അതിരാവിലെയുളള നാല് മണിക്കൂറാണ് സാഷ ഇവിടെ ജോലി ചെയ്യുന്നത്. ആറ് സുരക്ഷാ ഉദ്യോഗസ്ഥർ സാഷയ്‌ക്കൊപ്പമുണ്ട്.
പക്ഷെ, ഒബാമയുടെ മകൾ വിളമ്പുന്ന ഭക്ഷണം കഴിയ്‌ക്കാനായി ഇനിയാരും നാൻസിസ് റസ്റ്റോറന്റിലേക്ക് പോകേണ്ടതില്ല. കഴിഞ്ഞ ദിവസം സാഷയുടെ ഇന്റേൺഷിപ്പ് അവസാനിച്ചു. ഒബാമയും കുടുംബവും ഇപ്പോൾ അവധിയാഘോഷിക്കാനായി പോയിക്കഴിഞ്ഞു.
മക്കളെ സാധാരണക്കാരായി വളർത്തിയെടുക്കുന്നതിൽ അമേരിക്കൻ പ്രസിഡന്റിനെ അനുകരിക്കാൻ നമ്മുടെ നാട്ടിലെ നേതാക്കൾക്കും ശ്രമിക്കാവുന്നതാണ്.
നമ്മുടെ നാട്ടിലെ പഞ്ചായത്തംഗങ്ങളുടെ മക്കൾ പോലും വലിയ സംഭവമാണെന്ന മട്ടിൽ നടക്കുമ്പോഴാണ് സാഷയും ഒബാമയും അനുകരണീയ മാതൃകകളാകുന്നത്. ഒബാമയുടെ മൂത്തമകൾ പതിനെട്ടുകാരിയായ മാലിയയും പല ജോലികളും ചെയ്തിട്ടുണ്ട്. എന്നാൽ അവയെല്ലാം ഏറെ താരപരിവേഷമുളള ജോലികളായിരുന്നു എന്നതാണ് ശ്രദ്ധേയം. ടെലിവിഷൻ ചാനലിലെ അവതാരകയുടെയും മോഡലിന്റെയും ഒക്കെ വേഷത്തിലാണ് മാലിയയെ അധികവും കണ്ടിട്ടുളളത്.
തുടർച്ചയായി രണ്ട് തവണ അമേരിക്കൻ പ്രസിഡന്റായ വ്യക്തിയുടെ മക്കളാണെങ്കിലും മാലിയയും സാഷയും തികച്ചും സാധാരണ കുട്ടികളുടെ ജീവിതം തന്നെയാണ് നയിക്കുന്നത്. പ്രഥമ വനിതയായ മിഷേലും സാധാരണക്കാരിയായ വീട്ടമ്മയായും സാമൂഹ്യ പ്രവർത്തകയായും കഴിയുന്നു.
കഴിഞ്ഞ വാരാന്ത്യത്തിൽ സാഷയും മാലിയയും ചിക്കാഗോയിലെ ആന്വൽ ലോലപലൂസ മ്യൂസിക് ഉത്സവത്തിന് എത്തി മാധ്യമങ്ങളിൽ നിറഞ്ഞിരുന്നു. ഇനിയൽപം ഇടവേളയാണ് ഇരുവർക്കും.
അതിനുശേഷം ഈ സഹോദരിമാർ 2017ൽ ഹാവാർഡ് യൂണിവേഴ്സിറ്റിയിൽ വിദ്യാഭ്യാസം പുനരാരംഭിക്കും. അപ്പോഴേയ്‌ക്കും പിതാവ് ഒബാമ വൈറ്റ് ഹൗസിന്റെ പടികളിറങ്ങിയിട്ടുമുണ്ടാകും. മക്കളുടെ പഠനത്തിനായി വാഷിങ്ടണിൽ തന്നെ തുടരുമെന്ന് ഒബാമ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനായി വാടക വീടും കണ്ടെത്തിയെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: