പെരിന്തല്‍മണ്ണ: മഞ്ഞളാംകുഴി അലിയുടെ കൂടുമാറ്റം സംബന്ധിച്ച് ഇപ്പോള്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ ലീഗ് അണികള്‍ക്കിടയില്‍ വീണ്ടും ആശയക്കുഴപ്പം സൃഷ്ടിക്കുന്നു. ഇത്തവണ ചുവന്ന പരവതാനി വിരിച്ച് മണിയറ തുറന്നിട്ടിരിക്കുന്നത് ഇടത് മുന്നണിയിലെ രണ്ടാമത്തെ പ്രബല കക്ഷിയായ സിപിഐ ആണത്രേ. ഈ വാര്‍ത്ത പ്രചരിപ്പിക്കുന്നതും ലീഗിനുള്ളില്‍ തന്നെയുള്ള ഒരു വിഭാഗമാണ്. ഒരു പ്രമുഖ സിപിഐ നേതാവ് മഞ്ഞളാംകുഴി അലിയുടെ പനങ്ങാങ്ങരയിലെ വീട്ടിലെത്തി ദീര്‍ഘനേരം ആശയവിനിമയം നടത്തിയെന്നാണ് അലിയുടെ ഉപജാപക സംഘത്തില്‍പ്പെട്ടവര്‍ തന്നെ പറയുന്നത്.
പെരിന്തല്‍മണ്ണയിലെ പ്രാദേശിക മുസ്ലിം ലീഗ് നേതൃത്വവുമായുള്ള കടുത്ത അഭിപ്രായവ്യത്യാസമാണ് അലിയെ അസ്വസ്ഥനാക്കുന്നത്. ഒരര്‍ത്ഥത്തില്‍ ഇത് പരമാര്‍ത്ഥവുമാണ്.
2011ലെ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായാണ് സിപിഎം സഹയാത്രികനും സിറ്റിംഗ് എംഎല്‍എയുമായ അലി മുസ്ലീം ലീഗിലെത്തുന്നത്. അന്നുമുതല്‍ ലീഗിലെ ഒരു വിഭാഗവും അലിയും തമ്മിലുള്ള ഗ്രൂപ്പിസം പലപ്പോഴും തുറന്ന പോരിലേക്ക് വഴി വെച്ചിരുന്നു. കണ്ണടച്ച് അലിയെ പിന്തുണക്കാനും ജയ് വിളിക്കാനും ഒരു ഫാന്സ്് അസോസിയേഷനെ തന്നെ അലി സൃഷ്ടിച്ചെടുത്തു. അലി വിമര്‍ശനങ്ങള്‍ക്ക് അതീതനാണെന്ന കാഴ്ചപ്പാട് സൃഷ്ടിക്കാന്‍ ഫാന്‍സ് അസോസിയേഷനും ശ്രമിച്ചു. പാര്‍ട്ടിക്ക് വേണ്ടിയല്ല, തന്റെ അനുയായികള്‍ക്ക് വേണ്ടിയാണ് അലി പ്രവര്‍ത്തിക്കുന്നതെന്നു ലീഗിനുള്ളില്‍ തന്നെ അഭിപ്രായമുണ്ടായി. ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച് അലി മന്ത്രിയായതോടെ ആ അഭിപ്രായം മൂര്‍ച്ഛിക്കുകയും ലീഗിലെ ഒരു വിഭാഗം അലിക്കെതിരെ പരസ്യമായി രംഗത്തുവരികയും ചെയ്തു. ഭരണത്തിന്റെ ആനുകൂല്യങ്ങളെല്ലാം പ്രത്യേകം ചിലര്‍ക്കു മാത്രമായി നല്കുന്നു എന്ന പരാതിയുമുണ്ടായി. എന്നാല്‍ യാതൊരുവിധ പരാതികളും മുഖവിലക്കെടുക്കാത്ത അലിയുടെ അപ്രമാദിത്യമാണ് പിന്നീട് ലീഗില്‍ കണ്ടത്. ഇതിനെല്ലാം പ്രതികാരം ചെയ്യാനുറച്ച ലീഗ് പ്രവര്‍ത്തകര്‍ക്ക് കിട്ടിയ അവസരമായിരുന്നു ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പ്. നേതാക്കന്മാര് ഉള്‍പ്പെടെയുള്ളവര്‍ ഒളിഞ്ഞും തെളിഞ്ഞും അലിക്കെതിരെ പ്രവര്‍ത്തിച്ചു. അലിയുടെ പേഴ്സണല്‍ സ്റ്റാഫില്‍ ഉണ്ടായിരുന്നവര്‍ പോലും അലിക്കെതിരെ പ്രവര്‍ത്തിച്ചതായാണ് വിവരം. ഇവരില്‍ ചിലര്‍ പരസ്യ നിലപാട് എടുക്കാനും തയ്യാറായി. പ്രാദേശിക ലീഗ് നേതാക്കന്മാരുടെയും പ്രവര്‍ത്തകരുടേയും അപ്രീതിക്ക് പാത്രമായ അലി കഷ്ടിച്ചാണ് തെരഞ്ഞെടുപ്പില്‍ കടന്നുകൂടിയത്. കഴിഞ്ഞ തവണ നേടിയതിന്റെ പത്തിലൊന്നു പോലും ഭൂരിപക്ഷം ഇക്കുറി നേടിയതുമില്ല. സംസ്ഥാനത്ത് തന്നെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷത്തില്‍ ജയിച്ച മന്ത്രിയെന്ന ദുഷ്പേരും മഞ്ഞളാംകുഴി അലി സ്വന്തമാക്കി.
തെരഞ്ഞെടുപ്പിലെ കഷ്ടിച്ചുള്ള വിജയത്തെത്തുടര്‍ന്ന് അഭിപ്രായ ഭിന്നതകള്‍ രൂക്ഷമാവുകയും പല തെരഞ്ഞെടുപ്പു ചെലവുകളും നല്‍കുന്നതിന് അലി തയ്യാറായില്ലെന്നും ഇതിനിടെ വാര്‍ത്തകള്‍ വന്നു. പ്രശ്നങ്ങള്‍ കൊടുമ്പിരി കൊണ്ടിരിക്കുമ്പോഴാണ് അച്ചടക്ക നടപടി നേരിട്ട ചില ലീഗ് നേതാക്കളെ പാര്‍ട്ടിയില്‍ തിരികെയെടുത്തത്. അതേസമയം, പെരിന്തല്‍മണ്ണയിലെ പ്രശ്നങ്ങളില്‍ ചില ഉന്നത ലീഗനേതാക്കള് അലിയുടെ എതിരാളികള്‍ക്ക് അനുകൂല നിലപാട് സ്വീകരിക്കന്നതായും അലിക്ക് പരാതിയുണ്ട്. ഇങ്ങനെ തര്‍ക്കങ്ങളും വാദപ്രതിവാദങ്ങളും മുറുകുമ്പോഴാണ് ഉന്നത സിപിഐ നേതാവ് പനങ്ങാങ്ങരയിലെത്തി അലിയുമായി ദീര്‍ഘമായി സംസാരിച്ചതായി വാര്‍ത്തകള്‍ പ്രചരിക്കുന്നത്. സമീപഭാവിയില്‍ തന്നെ അലി എംഎല്‍എ സ്ഥാനം രാജി വെക്കുമെന്നും സിപിഐയില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുമെന്നും അലിയുമായി അടുപ്പമുള്ള കേന്ദ്രങ്ങള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ ഈ വാര്‍ത്ത പൂര്‍ണ്ണമായും തള്ളിക്കളയുകയാണ് പെരിന്തല്‍മണ്ണയിലെ പ്രാദേശിക ലീഗ് നേതൃത്വം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: