പത്തനംതിട്ട : യുഡിഎഫില്‍ നിന്നും കേരളാ കോണ്‍ഗ്രസ് വിട്ടുപോകുന്ന തീരുമാനം പ്രഖ്യാപിച്ചതോടെ ഇന്നലെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കെ.എം.മാണിയ്ക്കെതിരേ പ്രതിഷേധ പ്രകടനം നടത്തുകയും കോലം കത്തിക്കുകയും ചെയ്തു.
ക്യാമ്പ് സമാപിച്ച് ചരല്ക്കുന്നിറങ്ങിയ കെ. എം.മാണിയെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചത് സംഘര്‍ഷത്തിനിടയാക്കി. മാണിയുടെയും നേതാക്കാളുടെയും വാഹനങ്ങള്‍ നാലു മിനിട്ടോളം പ്രതിഷേധക്കാര്‍ക്കു മുന്നില്‍ കുടുങ്ങി. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ച് മാണിയുടെ വാഹനത്തിനു മുന്നിലേക്കു ചാടി വീഴുകയായിരുന്നു. മാണിക്കു വഴിയൊരുക്കാനായി യൂത്ത് ഫ്രണ്ട് പ്രവര്‍ത്തകര്‍ രംഗത്തു വന്നതാണ് സംഘര്‍ഷത്തിലേക്കു നീങ്ങിയത്. മാണിക്കു വഴിയൊരുക്കാനായി പതിനഞ്ചില്‍ താഴെ പൊലീസുകാരാണുണ്ടയിരുന്നത്.
തിരുവല്ലയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കെ.എം.മാണിയുടെ കോലം കത്തിച്ചു. പ്രകടനത്തിന് ശേഷം നടത്തിയ പ്രതിഷേധയോഗം യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്റ് സെക്രട്ടറി അഖില്‍ ഓമനക്കുട്ടന് ഉദ്ഘാടനം ചെയ്തു. അധികാരവെറി മൂത്തു കാലങ്ങളായി സമ്മര്‍ദ്ദ തന്ത്രങ്ങള്‍ പയറ്റി കോണ്‍ഗ്രസിനെയും യു.ഡി.എഫിനെയും മുള്‍മുനയില്‍ നിര്‍ത്തി കാര്യങ്ങളെല്ലാം നേടിയെടുത്തശേഷം പാര്‍ട്ടിയുമായി പുറത്തുപോയ കെ.എം.മാണി കേരള രാഷ്ട്രീയത്തിലെ നപുംസഹമാണെന്ന് കുറ്റപ്പെടുത്തി. കേരള കോണ്‍ഗ്രസുമായി തദ്ദേശ സ്ഥാപനങ്ങളിലുള്ള ഭരണ പങ്കാളിത്തം പുനപരിശോധിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം തയ്യാറാകണമെന്നും യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് വിശാഖ് വെണ്‍പാല അധ്യക്ഷത വഹിച്ചു. കോന്നിയില്‍ പ്രകടനം നടത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കെ.എം.മാണിയുടെ കോലം കത്തിച്ചു. പത്തനംതിട്ട നഗരത്തിലും പ്രതിഷേധ പ്രകടനം നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: