മലപ്പുറം: ജില്ലയിലെ മുഴുവന്‍ കുടുംബങ്ങളിലും ശൗചാലയ സൗകര്യം ഉറപ്പാക്കുന്നതിനുള്ള പദ്ധതിക്ക് സാമൂഹിക- സന്നദ്ധ സംഘടനകളും വ്യവസായ സ്ഥാപനങ്ങളും പിന്തുണ പ്രഖ്യാപിച്ചു. തുറന്ന സ്ഥലത്ത് മലമൂത്ര വിസര്‍ജനമില്ലാത്ത ജില്ലയായി മലപ്പുറത്തെ മാറ്റുന്നതിന് ജില്ലാ ശുചിത്വ മിഷന്റെ ആഭിമുഖ്യത്തില്‍ ജില്ലാ കലക്ടര്‍ എസ്. വെങ്കടേസപതി വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് കോര്‍പറേറ്റ് സാമൂഹിക ധര്‍മത്തിന്റെ ഭാഗമായി വിവിധ സ്ഥാപനങ്ങളും സന്നദ്ധ സംഘടനകളും സഹായ വാഗ്ദാനം നല്‍കിയത്.
കേരളപ്പിറവിയോടനുബന്ധിച്ച് കേരളത്തെ തുറന്ന സ്ഥലത്ത് മലമൂത്ര വിസര്‍ജനമില്ലാത്ത സംസ്ഥാനമായി പ്രഖ്യാപിക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായാണ് എല്ലാ പഞ്ചായത്തുകളും സമ്പൂര്‍ണ ശൗചാലയ നിര്‍മാണത്തിന് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ 13,464 കക്കൂസുകള്‍ നിര്‍മിക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. 15,400 രൂപയാണ് ഓരോ യൂനിറ്റിനും അനുവദിക്കുക. എന്നാല്‍ ആദിവാസി- തീരദേശ മേഖലകളില്‍ ഈ തുക വിനിയോഗിച്ച് കക്കൂസ് നിര്‍മാണം പൂര്‍ത്തിയാക്കാന്‍ കഴിയില്ലെന്ന് കണ്ടതിനാലാണ് സന്നദ്ധ സംഘടനകളുടെയും വാണിജ്യ- വ്യവസായ സ്ഥാപനങ്ങളുടെയും സഹായം സ്വീകരിക്കുന്നത്.
ഏഴ് തീരദേശ പഞ്ചായത്തുകളില്‍ 801 കക്കൂസുകളും 11 ആദിവാസി പഞ്ചായത്തുകളില്‍ 737 കക്കൂസുകളും നിര്‍മിക്കുന്നതിന് ഗുണഭോക്താക്കളെ കണ്ടെത്തിയിട്ടുണ്ട്. സര്‍ക്കാര്‍ വിഹിതത്തിനു പുറമെ 10,000 രൂപ കൂടി ചെലവഴിച്ചെങ്കിലേ ഇവ പൂര്‍ത്തിയാക്കാന്‍ കഴിയൂ എന്നാണ് കണക്കാക്കുന്നത്. സാമഗ്രികളായും സന്നദ്ധ സേവനമായും പണമായും സഹായം നല്‍കാം. ഗുണഭോക്താക്കള്‍ക്ക് നേരിട്ട് പ്രവൃത്തി നടത്തി കൈമാറുകയോ തദ്ദേശ സ്ഥാപനങ്ങള്‍, ശുചിത്വ മിഷന് മുഖേന നല്‍കുകയോ ചെയ്യാം. താത്പര്യമുള്ളവര്‍ക്ക് പദ്ധതിയില്‍ പങ്കാളികളാവുന്നതിന് ഇനിയും അവസരമുണ്ട്. ഫോണ്‍: 0483 2738001.
ജില്ലാ കലക്ടറുടെ ചേംബറില്‍ നടന്ന യോഗത്തില്‍ ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രൊജക്ട് ഡയറക്ടര്‍ ബാലഗോപാല്‍, ശുചിത്വ മിഷന് പ്രോഗ്രാം ഓഫീസര്‍ ജ്യോതിഷ്, വിവിധ സന്നദ്ധ- സര്‍വീസ് സംഘടനാ സ്ഥാപന പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: