ചാലക്കുടി: പനമ്പിള്ളി ഗോവിന്ദമേനോന് സ്മാരക പുതിയ സ്കൂള്‍ സമുച്ചയവും, സ്റ്റേഡിയവും നിര്‍മ്മിക്കുവാന്‍ നഗരസഭ വോട്ടെടുപ്പിലൂടെ തീരുമാനിച്ചു.
തര്‍ക്കത്തിന് പരിഹാരം കാണുവാന്‍ വിളിച്ച് ചേര്‍ത്ത പ്രത്യേക കൗണ്‍സില്‍ യോഗത്തിലും തീരുമാനം ആകാത്തതിനെ തുടര്‍ന്നാണ് വോട്ടെടുപ്പ് വേണ്ടി വന്നത്. പ്രത്യേക കൗണ്‍സില്‍ വിളിച്ച് ചേര്‍ക്കുന്നതിന് കത്ത് നല്കിയ പ്രതിപക്ഷ നേതാവ് വി.ഒ.പൈലപ്പന് വോട്ടെടുപ്പിന് നിര്‍ദ്ദേശിക്കുകയായിരുന്നു. വോട്ടോടുപ്പില്‍ ഭരണപക്ഷത്തിന് 19 വോട്ടും, പ്രതിപക്ഷത്തിന് 16 വോട്ടും ലഭിച്ചു.ബിജെപി അംഗം കെ.എം.ഹരിനാരായണന് വോട്ടെടുപ്പില്‍ നിന്ന് വിട്ടു നിന്നു.
ഭരണ -പ്രതിപക്ഷ അംഗങ്ങള്‍ തങ്ങളുടെ നിലപാടുകളില്‍ ഉറച്ചുനിന്നതാണ് പ്രശ്നത്തിന് പരിഹാരം കാണുവാന്‍ വോട്ടെടുപ്പ് വേണ്ടി വന്നത്. ഇപ്പോഴത്തെ ഭരണ സമിതി അധികാരത്തില്‍ വന്ന ശേഷം ഇതേ വിഷയത്തില്‍ കൗണ്‍സില്‍ ഹാളില്‍ നടന്ന സര്‍വ്വ കക്ഷി യോഗത്തില്‍ നിലവിലുള്ള സ്കൂള്‍ സ്ഥിതി ചെയ്യുന്നിടത്ത് സ്റ്റേഡിയവും,പുതിയതായി നിര്‍മ്മിക്കുന്ന സ്കൂള്‍ ഗ്രൗണ്ടില്‍ നിര്‍മ്മിക്കുവാനുമാണ് ആ യോഗത്തില്‍ ഐകകണ്ഠ്യേന തീരുമാനിച്ചിരുന്നത്,
എന്നാല്‍ ആ തീരുമാനത്തിനു വിരുദ്ധമായി പുതിയ തീരുമാനം എടുക്കുകയായിരുന്നു ഭരണപക്ഷം. ചര്‍ച്ചയില്‍ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്മാന്മാരായ യു.വി.മാര്ട്ടിന്.പി.എം.ശ്രീധരന്, കൗണ്‍സിലര്‍മാരായ അഡ്വ.ബിജു എസ് ചിറയത്ത്, ജീജന് മത്തായി, വി.ജെ.ജോജി, കെ.എം.ഹരിനാരായണന് തുടങ്ങിയവര്‍ സംസാരിച്ചു.
ചെയര്‍പേഴ്സണ്‍ ഉഷ പരമേശ്വരന് അദ്ധ്യഷത വഹിച്ചു.സര്‍ക്കാര്‍ തീരുമാന പ്രകാരം ചാലക്കുടി മണ്ഡലത്തിലെ ഹൈടെക് സ്ക്കൂളാക്കി ചാലക്കുടി സര്‍ക്കാര്‍ ബോയ്സ് സ്ക്കൂളിനെ മാറ്റുമെന്ന് ചെയര്‍പേഴ്സണ്‍ ഉഷ പരമേശ്വരന് വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.നിലവിലുള്ള സര്‍ക്കാര്‍ ബോയ്സ് സ്കൂളില്‍ അഞ്ചേക്കര്‍ വരുന്ന സ്ഥലത്ത് സര്‍ക്കാര്‍ പ്രഖ്യാപിക്കുകയും പണം നീക്കി വെക്കുകയും ചെയ്തിട്ടുള്ള ഹൈടെക് സ്ക്കൂള് നിര്‍മ്മിക്കും.അന്താരാഷ്ട്ര നിലവാരമുള്ള സ്റ്റേഡിയം കോസ്മോസ് ക്ലബ്ബിന് സമീപത്തുള്ള പതിമൂന്ന് ഏക്കര്‍ സ്ഥലത്ത് നിര്‍മ്മിക്കും ഇതിനാവശ്യമായ സ്ഥലമേറ്റെടുക്കല്‍ ഉടന്‍ ആരംഭിക്കും.
അതേസമയം ഈ വിഷയത്തില്‍ പൊതുജന അഭിപ്രായം തേടണമെന്ന് പ്രതിപക്ഷ നേതാവ് വാര്‍ത്ത സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി പാടശേഖരം നികത്തുവാന്‍ അനുവദിക്കുകയില്ലെന്നാണ് മന്ത്രി പറഞ്ഞിരിക്കുന്നത്.സ്റ്റേഡിയം നിര്‍മ്മിക്കുവാന്‍ ഉദ്യേശിക്കുന്നതില് 12 ഏക്കര്‍ പാടശേഖരമാണെന്നും പ്രതിപക്ഷ നേതാവ് കൂട്ടി ചേര്‍ത്തു.തുകയും വകയരിത്തിയിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഒ,പൈലപ്പന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: