തൃശൂര്‍: ഹയര്‍സെക്കണ്ടറി സ്കൂളുകള്‍ ശനിയാഴ്ച പ്രവൃത്തി ദിനമാക്കാനുള്ള നീക്കത്തിനെതിരെ ഹയര്‍സെക്കണ്ടറി മേഖലയില്‍ പ്രതിഷേധം പടരുന്നു. കഴിഞ്ഞ അധ്യയനവര്‍ഷം മുതല്‍ ഹയര്‍സെക്കണ്ടറിയില്‍ ശനിയാഴ്ച പ്രവൃത്തി ദിനം ഒഴിവാക്കിയിരുന്നു. പകരം മറ്റ് ദിനങ്ങളില്‍ പ്രവൃത്തി സമയം 9 മുതല്‍ 4.45 വരെയാക്കി വര്‍ദ്ധിപ്പിച്ചിരുന്നു. മുമ്പ് രണ്ടാം ശനിയാഴ്ച ഹയര്സെക്കണ്ടറികള്ക്ക് അവധിയായിരുന്നു.
എന്നാല്‍ പുതിയ സമയക്രമത്തില്‍ രണ്ടാം ശനിയാഴ്ചയിലെ സമയം കൂടി ഉള്‍പ്പെടുത്തിയാണ് മറ്റു ദിവസങ്ങളിലെ സമയം നിശ്ചയിച്ചത്. സ്കൂളുകളില്‍ 1000 മണിക്കൂര്‍ തികക്കാന്‍ 4 പ്രവര്‍ത്തി ദിനങ്ങള്‍ വേണമെന്നിരിക്കെ ഹയര്‍ സെക്കണ്ടറിയില്‍ ഇപ്പോള്‍ തന്നെ 1372 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഹയര്‍ സെക്കണ്ടറി ഡയറക്ടറുടെ പുതിയ ഉത്തരവ് പ്രകാരം 4 ദിവസം കൂടി പ്രവര്‍ത്തിക്കുമ്പോള്‍ 1404 മണിക്കൂര്‍ പ്രവര്‍ത്തിക്കേണ്ടിവരും.
ഹയര്‍സെക്കണ്ടറി സ്കൂളുകള്‍ ഡി.പി.ഐ. യുടെ കീഴിലാക്കാനുള്ള ഗൂഢനീക്കത്തിന്റെ ഭാഗമാണ് ഈ ഉത്തരവ് എന്ന് ഹയര്‍സെക്കണ്ടറി സംഘടനകള്‍ ആരോപിക്കുന്നു. സ്കൂളുകളില്‍ 150 കുട്ടികള്‍ ഉള്ള എല്‍.പി. വിഭാഗത്തില്‍ പ്രധാന അദ്ധ്യാപകന് ഭരണചുമതല മാത്രം വഹിക്കുമ്പോള്‍ യു.പി. യില്‍ 100 കുട്ടികള്‍ ഉള്ള പ്രധാനാധ്യാപകന് പഠനചുമതലയില് നിന്ന് ഒഴിവാണ്.
എന്നാല്‍ ഹയര്‍സെക്കണ്ടറിയില്‍ 500 കുട്ടികളിലധികം പഠിക്കുമ്പോള്‍ പ്രിന്‍സിപ്പല്‍ അധ്യാപകന്റെയും അഡ്മിനിസ്ട്രേറ്ററുടേയും റോളുകള്‍ ഒരുമിച്ച് ചെയ്യേണ്ടി വരുന്നു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ക്യാബിനറ്റ് അംഗീകാരം ലഭിച്ച ജൂനിയര്‍ അധ്യാപകരുടെ പ്രമോഷന്, പുതിയ സ്കൂളുകളുടെ തസ്തിക അനുവദിക്കല്‍, ക്ലര്‍ക്ക്, പ്യൂണ്‍ തസ്തിക അനുവദിക്കല്‍ എന്നിവ പുതിയ സര്‍ക്കാര്‍ ഓര്‍ഡര്‍ ഇറക്കാതെ തടഞ്ഞിരിക്കുകയാണ്.കൗമാര പ്രായത്തില്‍ കുട്ടികള്‍ക്ക് ആവശ്യമായ ലൈബ്രറി, കായികപഠനം എന്നിവ നടത്തുന്നതിനുള്ള സംവിധാനവും ഇതുവരെ അനുവദിച്ചിട്ടില്ല. അതിനിടയിലാണ് നിലവിലുള്ള രീതികള്‍ മാറ്റി മറച്ചുകൊണ്ട് പുതിയ ഉത്തരവ് ഇറക്കിയിരിക്കുന്നത്. ഉത്തരവിനെതിരെ സംസ്ഥാനമൊട്ടാകെ അധ്യാപകര്‍ കറുത്ത ബാഡ്ജുകള്‍ ധരിച്ചുകൊണ്ടാണ് ക്ലാസുകള്‍ എടുത്തത്.
അടുത്ത ശനിയാഴ്ച പ്രവര്‍ത്തിദിനമായ ആഗസ്റ്റ് 27 ന് ഹയര്‍സെക്കണ്ടറിയിലെ അധ്യാപകര്‍ മുഴുവനും പണി മുടക്കാനുള്ള തീരുമാനത്തിലാണ്. തൃശ്ശൂര്‍ ജില്ലയില്‍ നടന്ന കരിദിന പ്രതിഷേധം എയ്ഡഡ് ഹയര്‍സെക്കണ്ടറി ടീച്ചേഴ്സ് അസോസിയേഷന് സംസ്ഥാന സെക്രട്ടറി കെ.എ. വര്‍ഗ്ഗീസ് ഉദ്ഘാടനം ചെയ്തു. ഹയര്‍ സെക്കണ്ടറി സ്കൂള്‍ ടീച്ചേഴ്സ് അസോസിയേഷന് സംസ്ഥാന സെക്രട്ടറി ഡോ. മഹേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു.
എ.എച്ച്.എസ്.ടി.എ. സംസ്ഥാന പ്രിന്‍സിപ്പല്‍ ഫോറം ചെയര്മാന് ഡോ. അബി പോള്‍, കെ.എച്ച്.എസ്.ടി.യു. സംസ്ഥാന സമിതി അംഗം ജീല ബീഗം, എ.എച്ച്.എസ്.ടി.എ. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ.വി. ജയരാജ്, ജില്ലാ സെക്രട്ടറി ബോബന് എന്‍.ജെ., എച്ച്.എസ്.എസ്.ടി.എ ജില്ലാ സെക്രട്ടറി റിജോ ജോസ്, ഹീര തോമാസ്, ആന്‍ സ്വപ്ന മാത്യൂ, ട്രഷറര്‍ മജുഷ് എല്‍. എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: