മീനങ്ങാടി : ഇരുട്ടില്‍ വെളിച്ചമേകി കുമ്പളേരി സൂര്യ മെഴുകുതിരി നിര്‍മ്മാണയൂണിറ്റ് 13 വര്‍ഷം പിന്നിടുന്നു. 10 കുടുംബശ്രീ പ്രവര്‍ത്തകര്‍ ചേര്‍ന്ന് ഒരു ലക്ഷം രൂപയുടെ സബ്സീഡി ലോണടക്കം രണ്ട് ലക്ഷം രൂപയുടെ ലോണെടുത്താണ് മെഴുകുതിരി നിര്‍മ്മാണ യൂനിറ്റിന്റെ പ്രവര്‍ത്തനമാരംഭിച്ചത് .മെഴുകുതിരി നിര്‍മ്മാണവും,വിപണനവും,ഒരുമിച്ച് കൊണ്ട് പോകുവാന്‍ ബുദ്ധിമുട്ടിയപ്പോള്‍ , ജീവിതച്ചിലവിനുവേണ്ടി തുടക്കത്തിലേ യൂണിറ്റിലെ അഞ്ച് പ്രവര്‍ത്തകര്‍ മറ്റു കൂലിവേല തേടി പോയി. അച്ചാമ്മ രാജു, മോളി യാക്കോബ്, സൂസന് സാബു, വിജി മത്തായി, ചിന്നമ്മ ജോര്‍ജ്, എന്നിവരാണ് തുടര്‍ന്ന് യൂണിറ്റിന്റെ പ്രവര്ത്തനംഏറ്റെടുത്ത് മുന്നോട്ട് കൊണ്ട് പോയത്.ഗുണനിലവാരമുള്ള മെഴുകുതിരികള്‍ നിര്‍മ്മിച്ച് കൊടുക്കുന്ന യൂണിറ്റിന്റെ പ്രവര്‍ത്തന ഫലമായി ഇപ്പോള്‍ മൂന്ന്സെന്റ് സ്ഥലവും, ഒരു കെട്ടിടവും യൂണിറ്റിന് സ്വന്തമായുണ്ട്, സ്വയം തൊഴിലിലൂടെ മികച്ച വരുമാനം കണ്ടെത്തി മുഴുവന്‍ സ്ത്രീകള്‍ക്കും മാതൃകയാവുകയാണ് ഈ കുടുംബശ്രീ പ്രവര്‍ത്തകര്‍.
മെഴുകുതിരിക്കാവശ്യമായ അസംസ്കൃതവസ്ത്തുക്കള് സിഡ്ക്കോ വഴി ഓര്‍ഡര്‍ പ്രകാരം എത്തിച്ച് പല രൂപത്തിലുള്ള മെഴുകുതിരിയാക്കും, തുടര്‍ന്ന് ജില്ലയിലെ വ്യാപാര കേന്ദ്രങ്ങളില്‍ ഇവര്‍ തന്നെ ആവശ്യക്കാരെ കണ്ടെത്തി സാധനങ്ങള്‍ കൊടുത്തുവിടും. ഓര്‍ഡര്‍പ്രകാരം സാധനങ്ങള്‍ എത്തിച്ചുനല്‍കുന്നതിനായി സ്ഥിരമായി ഒരു വാഹനവും ഏര്‍പ്പാടാക്കിയിട്ടുണ്ട്.
മറ്റു ജില്ലകളില്‍ നിന്ന് വരെ മെഴുകുതിരിക്കായി ആവശ്യക്കാരെത്തുന്നുണ്ട്. ഇരുട്ടിനെ പ്രതിരോധിക്കാന്‍ പുതിയ പുതിയ സംവിധാനങ്ങള്‍ വന്നെങ്കിലും മെഴുകുതിരി നിര്‍മ്മാണ മേഖലയെ കാര്യമായി ബാധിച്ചിട്ടില്ലെന്ന് യൂണിറ്റ്അംഗങ്ങള്‍ പറയുന്നു. കഠിനാദ്ധ്വാനത്തിലൂടെ, സ്വയം തൊഴില്‍ കണ്ടെത്തി വിജയം വരിച്ച ഇവര്‍ നാടിന് തന്നെ അഭിമാനമാവുമ്പോള്‍ പുതിയ തലമുറ ഇത്തരം മേഖലയിലേക്ക് കടന്നുവരാത്തത് ഇത്തരം സ്ഥാപനങ്ങളുടെ നിലനില്‍പ്പിനെ തന്നെ ബാധിക്കുകയാണെന്ന് ഇവരും പരിഭവപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: