പണ്ട് പണ്ട് കാടുകള്‍ക്കൊരു നാഥനില്ലായിരുന്നു. ആര്‍ക്കും കയറാം. കൈക്കരുത്തുണ്ടെങ്കില്‍ മരമാകെവെട്ടി കാടുവെളുപ്പിക്കാം. നിയമത്തെപ്പോലും നോക്കുകുത്തിയാക്കി പലരും കാടിനെ മുച്ചൂടും മുടിച്ചു. പച്ചപ്പ് ഒഴിഞ്ഞ മണ്ണില്‍ വന്യജീവികള്‍ ആശ്രയം തേടിയലഞ്ഞു. മേല്‍മണ്ണ് കുത്തിയൊലിച്ച് തണ്ണീര്‍ത്തടങ്ങള്‍ നികന്നു. വിവേകമില്ലാത്ത ഈ കൈക്കരുത്തിന് ആരെങ്കിലും തടയിടാത്ത പക്ഷം കാടായ കാടൊക്കെ കേവലം കഥയില്‍ ശേഷിക്കുമെന്ന അവസ്ഥ.
അപ്പോഴാണ് കാലം അതിനൊരാളെ കണ്ടെത്തിയത്. നിലമ്പൂര്‍ കോവിലകത്തെ ഗോദവര്‍മ്മന്‍ തിരുമുല്‍പ്പാട്.
വനരക്ഷയുടെ ആദ്യ അദ്ധ്യായം തുടങ്ങിയത് 1995 ല്‍. അന്ന് നീലഗിരി ജൈവമേഖലയില്‍ വരുന്ന ഗൂഢല്ലൂരിലൂടെ സഞ്ചരിക്കുകയായിരുന്നു ഗോദവര്‍മ്മന്‍ തിരുമുല്‍പ്പാട്. മലമുകളിലുടനീളം മരങ്ങള്‍ വെട്ടേറ്റ് നിലംപതിക്കുന്ന കാഴ്ചയാണ് അദ്ദേഹത്തിന് കാണാന്‍ കഴിഞ്ഞത്. വന്യജീവികള്‍ ചിതറിയോടുന്നു. താഴെവീണ വന്‍ മരങ്ങള്‍ വന്‍ കഷ്ണങ്ങളാക്കി താഴ്വരയിലേക്ക് ഉരുട്ടി വിടുന്നു. വഴിയിലെ സകല പച്ചപ്പും അരച്ചുതകര്‍ത്ത് മലഞ്ചുവട്ടിലെത്തുന്ന തടിക്കഷ്ണങ്ങള്‍ ലോറികളില്‍ നാഷണല്‍ ഹൈവേയിലെത്തിയാല്‍ പിന്നെ തരിമ്പും താമസമില്ല. കാടുകളിലെ മാഫിയ തലവന്മാര് മരങ്ങളുടെ ജാതകം കുറിയ്ക്കുന്ന ദയനീയ അവസ്ഥ.
ഒരിക്കല്‍ തന്റെ കോവിലകത്തിന്റെ അധികാര സീമയില്‍ ഉണ്ടായിരുന്ന ആ സ്വകാര്യ വനശേഖരത്തിന്റെ വര്‍ത്തമാനകാല ദുരവസ്ഥ കണ്ട തിരുമുല്‍പ്പാടിന്റെ ഹൃദയം വേദനിച്ചു. ഇതില്‍ തനിക്കെന്തു ചെയ്യാനാവുമെന്നതായിരുന്നു അദ്ദേഹത്തിന്റെ മനസ്സിലുദിച്ച ചോദ്യം. കൃഷിത്തോട്ടങ്ങള്‍ പരിപാലിക്കുന്നതിനായി പ്രീഡിഗ്രി പൂര്‍ത്തിയാക്കും മുമ്പ് വിദ്യാലയം വിടേണ്ടിവന്ന തമ്പുരാന് അധികം ചിന്തിച്ചില്ല. മിടുക്കനായ ഒരു വക്കീലിനെ കണ്ട് തന്റെ ഇംഗിതം ധരിപ്പിച്ചു.
നിയമം ലംഘിച്ചു നടക്കുന്ന വനനശീകരണത്തിനെതിരെ സുപ്രിം കോടതിയെ നേരിട്ടു സമീപിക്കാനായിരുന്നു അവരുടെ തീരുമാനം. അധികാരികള്‍ക്ക് നേരിട്ട് ഉത്തരവ് നല്കാന് പരുവത്തില്‍ മന്‍ഡാമസ് എന്ന റിട്ടായിരുന്നു തിരുമുല്‍പ്പാട് കോടതിയില്‍ ഫയല്‍ ചെയ്തത്. വിവേചനമില്ലാത്ത വനനശീകരണത്തിന് അടിയന്തിരമായി തടയിടണം!.
കോടതി കേസ് പരിഗണിച്ചു. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജെ.എസ്.വര്‍മ്മയുടെ അദ്ധ്യക്ഷതയിലുള്ള ബഞ്ച് 1996 ഡിസംബര്‍ 12 ന് തന്നെ വിധിയും പ്രഖ്യാപിച്ചു. രാജ്യത്തെ വനങ്ങളിലെ മരം മുറിയ്ക്കും എല്ലാത്തരം വനേതര പ്രവര്‍ത്തനങ്ങള്‍ക്കും ഉടന്‍ നിരോധനം പ്രഖ്യാപിക്കുന്നതായിരുന്നു വിധി. വനം എന്ന വാക്കിന്റെ അര്‍ത്ഥം നിഘണ്ടുവില്‍ പറയുന്നതുതന്നെയെന്നും വ്യക്തമാക്കി. അവകാശികള്‍ ആരുതന്നെ ആയിരുന്നാലും എല്ലാ പ്രകൃതിദത്ത വനങ്ങളും ഇനിമേല്‍ സംരക്ഷിത വനങ്ങളായിരിക്കുമെന്നും ശക്തമായ ഭാഷയില്‍ കോടതി നിരീക്ഷിച്ചു. ഇത്തരം കേസുകളില്‍ കീഴ് കോടതികളുടെ ഇടപെടല്‍ വേണ്ടെന്നും കോടതി പറഞ്ഞു.
അന്നാദ്യമായി കാട്ടിലെ മരങ്ങള്‍ക്കൊരു സംരക്ഷകനുണ്ടായി. അദ്ദേഹത്തെ പരിസ്ഥിതി നീതിശാസ്ത്രത്തിന്റെ അമരക്കാരനെന്ന് മാധ്യമങ്ങള്‍ വിശേഷിപ്പിച്ചു.
കോടതി ഉത്തരവിന്റെ ഫലം അത്ഭുതാവഹമായിരുന്നു. രാജ്യത്തെ വനം മാഫിയ ഞെട്ടിത്തെറിച്ചു. കാടായ കാടുകളില്ലാം കോടാലിയുടെയും ഈര്‍ച്ചവാളിന്റേയും ശബ്ദം നിലച്ചു. കുദ്രേമുഖ്, ആരവല്ലി മേഖലകളിലെ മാര്‍ബിള്‍ ഖനനവും മറ്റിടങ്ങളിലെ പാറമടകളും അനിശ്ചിതത്വത്തിലായി. ഒറ്റയടിക്ക് 94 വാഗണ്‍ കാട്ടുതടിയാണ് അന്ന് പിടിച്ചെടുത്ത് കേസാക്കിയത്.
തിരുമുല്‍പ്പാടിന്റെ റിട്ട് ഹര്‍ജിയില്‍ സുപ്രീം കോടതി തീര്‍പ്പുകല്‍പ്പിച്ച് രണ്ട് പതിറ്റാണ്ട് കഴിഞ്ഞിട്ടും വിധിയുടെ പ്രസക്തി കുറഞ്ഞില്ല. അതിന്റെ തുടര്‍ച്ചയായി ആയിരക്കണക്കിന് കേസുകള്‍ സുപ്രീം കോടതിയുടെ മുന്നിലെത്തി. അവയൊക്കെ ആദ്യ മാന്‍ഡാമസ് റിട്ടിന്റെ തുടര്‍ച്ചയായി പരിഗണിക്കപ്പെട്ടു. വനസ്ഥലം മറ്റാവശ്യങ്ങള്‍ക്കായി ഉപയോഗിക്കേണ്ടിവരുമ്പോള്‍ ‘ നൈറ്റ് പ്രസന്റ് വാല്യു’ എന്ന പേരില്‍ അത് ചെയ്യുന്നയാള്‍ ചുങ്കം കെട്ടണമെന്നും തിരുമുല്‍പ്പാട് കേസില്‍ കോടതി വിധിച്ചിരുന്നു.
അത് ശരിയായ രീതിയില്‍ വിനിയോഗിക്കുന്നതിന് വേണ്ടി ഒരു അതോറിട്ടി (കോംപന്‍സേറ്ററി ആന്‍ഡ് പ്ലാനിങ് അതോറിട്ടി) രൂപം കൊണ്ടതും അന്നത്തെ കേസിന്റെ ബാക്കിപത്രം. പരിസ്ഥിതി കേസുകള്‍ക്കുവേണ്ടി മാത്രമായി 2010 ല്‍ ശക്തമായ അധികാരത്തോടുകൂടി ഒരു ഗ്രീന്‍ ട്രിബ്യൂണല്‍ രൂപീകൃതമായതും അങ്ങനെ തന്നെ.
വനം മാഫിയയുടെ സ്വാധീനത്തിനും ഭീഷണികള്‍ക്കും വഴങ്ങാതെ ഗോദവര്‍മ്മന്‍ തിരുമുല്‍പ്പാട് നടത്തിയ നീതിയുദ്ധത്തിന് രണ്ട് പതിറ്റാണ്ട് പൂര്‍ത്തിയാവുന്ന വേളയില്‍ത്തന്നെയാണ് അദ്ദേഹത്തിന്റെ വിടവാങ്ങലും സംഭവിച്ചത്. തീര്‍ച്ചയായും ഒരു ചരിത്രദൗത്യം പൂര്‍ത്തിയാക്കിയ വിടവാങ്ങല്‍. ഒരു മാഹാരാജ്യത്തെ മരങ്ങളുടേയും വനങ്ങളുടേയും രക്ഷകന്റെ വിടവാങ്ങല്‍. അവയൊക്കെ ഇലകള്‍ കൂമ്പി ഇങ്ങനെ മന്ത്രിച്ചിട്ടുണ്ടാവണം-കാടുകളുടെ തമ്പുരാന് സ്വസ്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: