പുതുക്കാട്: ഭിന്നശേഷിയുള്ള കുട്ടികളുടെ ചികിത്സക്ക് വേണ്ടിയുള്ള യാത്രാദുരിതം തീര്‍ക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ ആംബുലന്‍സ്.ഭിന്നശേഷിയുള്ള കുട്ടികള്‍ക്കായുള്ള സംസ്ഥാനത്തെ ഏക സ്ഥാപനമായ ചെങ്ങലൂരിലെ ഓട്ടിസം പാര്‍ക്കിനാണ് ആംബുലന്‍സ് ലഭിച്ചത്.കല്ലേറ്റുംകരയില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ പെട്രോനെറ്റ് സി.സി.കെ ലിമിറ്റഡിന്റെ സാമൂഹ്യ പ്രതിബദ്ധതാ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് റീഹാബ് ഓണ്‍ വീല്‍സ് എന്ന മൊബൈല്‍ ആംബുലന്‍സ് ലഭിച്ചത്.
ആധുനിക ചികിത്സാ ഉപകരണങ്ങള്‍ സജ്ജമാക്കിയ ആംബുലന്‍സ് 22ലക്ഷം രൂപ ചിലവിലാണ് നിര്‍മ്മിച്ചിരിക്കുന്നത്.ഇനിമുതല്‍ ജില്ലയിലെ ഭിന്നശേഷിയുള്ള കുട്ടികള്‍ക്കും ആംബുലന്‍സിന്റെ സേവനം ലഭ്യമാകും. ഓട്ടിസം പാര്‍ക്കിലെ പന്ത്രണ്ട് കുട്ടികളും ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഭിന്നശേഷിയുള്ള കുട്ടികളും ഏറെ ദുരിതമനുഭവിച്ചാണ് കല്ലേറ്റുംകരയിലെ റീഹാബിലിറ്റേഷന്‍ സെന്ററിലേക്ക് ചികിത്സതേടി എത്തിയിരുന്നത്.നിര്‍ധന കുടുംബത്തില്പെട്ടവരും തളര്‍ന്ന് കിടക്കുന്നവരുമായ കുട്ടികളെ ചികിത്സക്ക് എത്തിക്കുന്നതിലൂടെ വലിയ സാമ്പത്തിക ബുദ്ധിമുട്ടാണ് കുടുംബത്തിന് നേരിടേണ്ടിവരാറുള്ളത്.സൗജന്യമായി നടപ്പിലാക്കിയ ആംബുലന്‍സിന്റെ സേവനം ഈ കുടുംബങ്ങള്‍ക്ക് ആശ്വാസകരമായിരിക്കുകയാണ്.
ഫിസിയോതെറാപ്പി, ഓഡിയോളജി, സ്പീച്ച്തെറാപ്പി, സൈക്കോതെറാപ്പി എന്നി സൗകര്യങ്ങളാണ് റീഹാബിലിറ്റേഷന്‍ സെന്ററില്‍ ഒരുക്കിയിരിക്കുന്നത്. ചികിത്സക്ക് കൊണ്ടു പോകുന്ന കുട്ടികളെ തിരികെ വീട്ടില്‍ എത്തിക്കുന്നതിനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്. ചെങ്ങലൂരില്‍ നടന്ന ചടങ്ങില്‍ മന്ത്രി സി.രവീന്ദ്രനാഥ് ആംബുലന്‍സിന്റെ താക്കോല്‍ കൈമാറി. പുതുക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അമ്പിളി ശിവരാജന് അധ്യക്ഷത വഹിച്ചു.കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അമ്പിളിസോമന്‍,ജില്ലാ പഞ്ചായത്തംഗം കെ.ജെ.ഡിക്സന്, പെട്രോനെറ്റ് മാനേജിംങ്ങ് ഡയറക്ടര്‍ എന്‍.വിജയഗോപാല്‍, എക്സി.ഡയറക്ടര്‍ ഡോ.സാമുവല്‍ എന്‍.മാത്യു, വൈസ് പ്രസിഡന്റ് പി.കെ.ശിവാനന്ദന്, ഗ്രാമപഞ്ചായത്തംഗങ്ങളായ സതി സുധീര്‍, ബേബി കീടായില്‍,ടി.എസ്.രാജു, ബ്ലോക്ക് പഞ്ചായത്തംഗം ഷാജു കാളിയേങ്കര എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: