ഷാലി മുരിങ്ങൂര്‍
ചാലക്കുടി: ആദിവാസികള്‍ അടക്കമുള്ള സാധരാണക്കാരുടെ ആശ്രയ കേന്ദ്രമായ ചാലക്കുടി താലൂക്ക് സര്‍ക്കാര്‍ ആശുപത്രി പിടിച്ചുപറി കേന്ദ്രമായി മാറുന്നതായി പരാതി. ലാബിലെ ടെസ്റ്റിന്റെ മറവില്‍ ഇവിടെ അമിത ചാര്‍ജ്ജ് ഈടാക്കുന്നതായി പരാതി.വാങ്ങുന്ന പണത്തിന് കൃത്യമായ ബില്ലുകളും നല്‍കുന്നില്ല. ഒ.പി.ക്യാഷ് കൗണ്ടറിലാണ് ലാബിന്റെ ടെസ്റ്റിന്റെ പണം സ്വീകരിക്കുന്നത്. അവിടെ കമ്പ്യൂട്ടര്‍ അടക്കമുള്ള സൗകര്യം ഉണ്ടെങ്കിലും ബില്‍ അടിച്ച് നല്‍കുന്നില്ല.പുറത്തേക്ക് അയക്കുന്ന ടെസ്റ്റിന് അവിടുത്തെ ലാബിന്റെ ബില്ലാണ് നല്‍കുന്നത്. ഇവിടെ നടത്തുവാന്‍ സാധിക്കാത്ത പരിശോധനകള്‍ വാടാനപ്പിള്ളിയിലുള്ള ഒരു സ്വകാര്യ ലാബിലേക്കാണ് പരിശോധനക്ക് അയക്കുന്നത്. ഇത് മൂലം റിസല്‍റ്റ് ലഭിക്കുന്നതിന് 72 മണിക്കൂര്‍ വരെയാകുന്നുണ്ട്. ഇത് രോഗിയുടെ ചികിത്സയെ കാര്യമായി ബാധിക്കുന്നു. രക്തവും മറ്റും പരിശോധനക്ക് അയക്കുവാന്‍ വൈകുന്നത് പരിശോധന ഫലത്തിന്റെ കൃത്യത കുറവിന് കാരണമാകുന്നുണ്ടെന്നും പറയുന്നു. ഇവിടുത്തെ ഒരു ഡോകട്ര് ഒരു രോഗിക്ക് ക്യാന്‍സര്‍ ഉണ്ടെന്ന സംശയത്തില്‍ രക്തം പരിശോധനക്ക് ഇവിടെ നിന്ന് വാടാനപ്പിള്ളിയിലെ സെന്‍ട്രല്‍ ലബോറട്ടറിയിലേക്ക് അയച്ചു. എന്നാല്‍ പരിശോധനക്ക് അയക്കുന്നതിന് വൈകിയതിനാല്‍ റിസല്‍റ്റില്‍ രോഗിക്ക് ക്യാന്‍സറിന്റെ സൂചനകള്‍ ഇല്ലെന്നാണ് ഉണ്ടായിരുന്നത്.എന്നാല്‍ മൂന്ന് മാസത്തിനുള്ളില്‍ ഈ രോഗി ക്യാന്‍സറിന്റെ നിര്‍ണ്ണായക സ്റ്റേജിലെത്തി കഴിഞ്ഞതായി ഡോക്ടര്‍ പറഞ്ഞു.ചാലക്കുടിയില്‍ നിരവധി സ്വകാര്യ ലാബുകള്‍ ഉണ്ട്.കുറഞ്ഞ ചിലവില്‍ പരിശോധന നടത്തുന്ന നീതി ലാബ് വരെയുണ്ടെങ്കിലും അവിടെയൊന്നും പരിശോധനക്ക് നല്‍കാതെ വാടനപ്പിള്ളിയിലേക്ക് അയക്കുന്നതില്‍ വലിയ ദുരൂഹതയുള്ളതായി ആരോപണമുണ്ട്. റിസല്‍റ്റ് ലഭിക്കുവാന്‍ വൈകുന്നത് രോഗിക്ക് ചികിത്സ വൈകുന്നതിനും മറ്റും കാരണമാകുന്നുണ്ട്. ലാബില്‍ ഉന്നത പരിശോധനക്കായി എംഎല്‍എ ഫണ്ടില്‍ നിന്ന് ലക്ഷങ്ങള്‍ ചിലവാക്കി മെഷീനുകള്‍ നല്‍കിയിരുന്നതാണ്.എന്നിട്ടും വലിയ പരിശോധനകള്‍ക്ക് പുറത്തേക്ക് അയക്കുന്ന രീതിയാണ് ഇവിടെ നടക്കുന്നത് . ഇവിടെ എത്തുന്ന സാധാരണക്കാരായ രോഗികളെ ചികിത്സയുടെ പേരില്‍ അമിത ചാര്‍ജ്ജാണ് ഈടാക്കുന്നത്.
ഇതിലും ഭേദം സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടുന്നതാണ് നല്ലതെന്ന അവസ്ഥയിലാണ്.വികസനത്തിന്റെ പേരില്‍ വലിയ കെട്ടിടങ്ങളും സൗകര്യങ്ങളുമായപ്പോള്‍ പാവപ്പെട്ട രോഗികളില്‍ നിന്ന് വലിയ തുകയാണ് ഈടാക്കുന്നത്. പുതിയ സൂപ്രണ്ട് വന്നതിന് ശേഷമാണ് ഇത്തരത്തിലുള്ള അമിത ഫീസ് ഈടുക്കുന്ന രീതി തുടങ്ങിയതെന്ന് പറയപ്പെടുന്നു.കാരുണ്യ ഫാര്‍മസി പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും വളരെ കുറച്ച് മരുന്നുകളെ ഇവിടെ കിട്ടുന്നുള്ളൂ.സ്വകാര്യ മെഡിക്കല്‍സിനെ സഹായിക്കുന്നതിനായി വില കൂടിയ മരുന്നുകള്‍ അധികം സ്റ്റോക്ക് ചെയ്യുന്നില്ല.സ്ഥിരമായി വേണ്ടി വരുന്ന മരുന്നുകള്‍ എത്തിച്ച് നല്കുവാന് രോഗികള്‍ ആവശ്യപ്പെട്ടാലും അതിനൊന്നും ഇവര്‍ തയ്യാറാകുന്നില്ല. ജീവനക്കാരില്ലെന്ന് പറഞ്ഞ് നാലു മണിക്ക് സ്റ്റോര്‍ അടച്ച് പോകുന്നതുമൂലം വൈകിയെത്തുന്ന രോഗികള്‍ പുറത്തെ സ്വകാര്യ മെഡിക്കല്‍സിനെ ആശ്രയിക്കേണ്ട അവസ്ഥയാണ്.ഇതിന് പുറമെ കാഷ്വാല്‍റ്റിയില്‍ ഡോക്ടറെ കാണുന്നതിന് പത്ത് രൂപയാണ് ഈടാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: