കാസര്‍കോട്: ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങാനായി നല്കിയ അവകാശങ്ങള്‍ ഇന്ന് കഴുത്തില്‍ ചുറ്റിയ പാമ്പായി മാറിയെന്ന് ഹിന്ദു ഐക്യ വേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി.ശശികല ടീച്ചര്‍ പറഞ്ഞു. ഹിന്ദു ഐക്യ വേദി കാസര്‍കോട് ജില്ലാ കമ്മറ്റി പൊയിനാച്ചി സെഞ്ച്വറി ദന്തല്‍ കോളേജിന് മുന്നില്‍ സംഘടിപ്പിച്ച രാഷ്ട്ര രക്ഷാ സംഗമത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അവര്‍.
ഇത്തരം പല വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഇന്ന് നടക്കുന്നത് പഠനത്തിന്റെ മറവിലുള്ള മത പരിവര്‍ത്തനങ്ങളാണ്. ദൈവത്തിന്റെ പേര് പറഞ്ഞ് നടക്കുന്ന ഇത്തരം ചെയ്തികള്‍ ദൈവത്തിന് പോലും മടുത്തിരിക്കുകയാണ്. കേരളത്തിലെ ഇടത് വലത് രാഷ്ട്രീയ പാര്‍ട്ടികള്‍ ചെയ്ത് കൊടുത്ത പിന്തുണയാണ് ഐഎസ് പോലുള്ള തീവ്രവാദ സംഘടനകള്‍ വളരാന്‍ കാരണം. പ്രണയിക്കുമ്പോള്‍ മതം പ്രശ്നമല്ലാത്ത ഇവര്‍ കല്യാണം കഴിക്കാനായി മതം മാറുന്നത് എന്തിനാണ്. പ്രണയം മതം മാറ്റത്തിനുള്ള വഴിയാണെന്ന് തിരിച്ചറിയണം.
ബംഗ്ലാദേശില്‍ നടക്കുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നില്‍ സക്കീര്‍ നായ്ക്കിന് പങ്കുണ്ടെന്ന് തുറന്ന് പറയാന്‍ അവിടുത്തെ സര്‍ക്കാര്‍ തയ്യാറായി. അത് കേട്ടപാതി കേള്‍ക്കാത്ത പാതി കേരളത്തിലെ മുസ്ലിം ലീഗ് കൂടിയിരുന്ന് സക്കീര്‍ നായ്ക് വിശുദ്ധനാനെന്ന് പ്രഖ്യാപിച്ചു. ലൗജിഹാദും, തീവ്രവാദവും ഇസ്ലാമിന് വിരുദ്ധമാണെന്ന് പറയുന്നവര്‍ അത് ചെയ്തവരെ മതത്തില്‍ നിന്ന് പുറത്താക്കാന്‍ തയ്യാറാകണം. കേരളത്തിലെ മതം മാറ്റം നിയമം മൂലം നിരോധിക്കണം. മതം മാറ്റാന്‍ നിയമപ്രകാരം കേരളത്തില്‍ രണ്ട് സ്ഥാപനങ്ങള്‍ക്കേ അധികാരമുള്ളു. അത് ഒഴിച്ച് സത്യസരണിയും, സലഫിയും പോലുള്ള അനധികൃത മതപരിവര്‍ത്തന കേന്ദ്രങ്ങള്‍ അടച്ച് പൂട്ടാന്‍ സര്‍ക്കാര്‍ തയ്യാറാകണം.
ഘര്‍വാപസിയെന്ന് പറഞ്ഞ് ദിവസങ്ങളോളം പാര്‍ലമെന്റ് സ്തംഭിപ്പിച്ചവര്‍ ഇന്ന് എവിടെ പോയി. കേരളത്തില്‍ നിന്ന നിരവധി ഹിന്ദുക്കളും, ക്രിസ്ത്യാനികളും മതം മാറ്റപ്പെട്ട് തീവ്രവാദ ഗ്രൂപ്പുകളിലെത്തിയിട്ടും ഇവര്‍ പ്രതികരിക്കാത്തതെന്ത്. ഇസ്ലാമില്‍ നിശബ്ദമായിരിക്കുന്ന സമൂഹം മുന്നോട്ട് വരികയും യഥാര്‍ത്ഥ ഇസ്ലാം മത തത്ത്വങ്ങള്‍ പഖിപ്പിച്ച് കൊടുക്കുകയും ചെയ്യണമെന്ന് ടീച്ചര്‍ കൂട്ടിച്ചേര്‍ത്തു.
ആര്‍എസ്എസ് കാഞ്ഞങ്ങാട് സംഘചാലക് പി. ഗോപാലകൃഷ്ണന് മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. വിശ്വ ഹിന്ദു പരിഷത്ത് സംസ്ഥാന ജോയിന്റെ സെക്രട്ടറി പി.ജെ. കണ്ണന്, ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എ. വേലായുധന്, ഹിന്ദു ഐക്യവേദി കാസര്‍കോട് ജില്ലാ രക്ഷാധികാരി സ്വാമി പ്രേമാനന്ദ, ജനറല്‍ സെക്രട്ടറി ഷിബിന്‍ തൃക്കരിപ്പൂര്‍, മഹിളാ ഐക്യവേദി സംസ്ഥാന സെക്രട്ടറി നിഷ ടീച്ചര്‍, ക്ഷേത്ര സംരക്ഷണ സമിതി ജില്ലാ പ്രസിഡണ്ട് പി. രമേശ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: