പാലക്കാട്: ശുചീകരണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് സമീപ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരുടേയും കലക്ടര്‍, എംഎല്‍എ, എംപി, നഗരസഭാ അധികൃതര്‍ എന്നിവരുടെ യോഗം അടിയന്തിരമായി വിളിച്ചുചേര്‍ക്കാന്‍ പാലക്കാട് നഗരസഭാ കൗണ്‍സില്‍ തീരുമാനിച്ചു. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി ഒന്നരലക്ഷം രൂപ അടിയന്തിരമായി നീക്കിവെക്കാമെന്ന് ചെയര്‍പേഴ്സന്റെ പ്രഖ്യാപിച്ചു. തെരുവുനായയുടെ വന്ധീകരണത്തിനുള്ള മൃഗസംരക്ഷണ വകുപ്പിന്റെ പദ്ധതിയ്ക്ക് 50, 000 രൂപയുടെ മരുന്നുകള്‍ നല്‍കുമെന്നും 9.15 ലക്ഷം രൂപ ലഭ്യമാക്കുമെന്നും ചെയര്‍പെഴ്സണ്‍ അറിയിച്ചു.
നഗരസഭാ പരിധിയില്‍ 41 സ്ഥലങ്ങളിലായി 30 മീറ്ററോളം ദൂരത്തില്‍ 300 മാന്‍ഹോളുകള്‍ സ്ഥാപിക്കാനായി റോഡ് മുറിക്കാന്‍ റിലയന്‍സിന് മുന്‍കൂര്‍ അനുമതി നല്കിയ കഴിഞ്ഞ ഭരണസമിതി ചെയര്മാന് ഏകപക്ഷീയമായെടുത്ത തീരുമാനത്തെ കുറിച്ചുള്ള അജണ്ട മാറ്റി വെക്കാന്‍ യോഗം തീരുമാനിച്ചു.
ഇക്കാര്യത്തിലെ അഴിമതിയെ കുറിച്ച് വിജിലന്‍സ് അന്വേഷണം നടക്കുകയാണെന്ന് അംഗങ്ങള്‍ പറഞ്ഞു. സ്റ്റേഡിയം സ്റ്റാന്റ് പ്രദേശത്തെ നഗരസഭയുടെ 13 കടമുറികള്‍ ഒരു വ്യക്തി തന്നെ വിവിധ പേരുകളില്‍ കൈവശം വെയ്ക്കുന്നതും കടമുറികളുടെ മുന്‍ഭാഗം വ്യാപകമായി കൈയ്യേറിയതിനേക്കുറിച്ചും അന്വേഷിക്കണമെന്നും കടമുറികള്‍ റീ ടെണ്ടര്‍ ചെയ്യണമെന്നും ആവശ്യമുയര്‍ന്നു. തുടര്‍ന്ന് കടമുറികള്‍ റീ ടെണ്ടര്‍ ചെയ്യാന്‍ തീരുമാനമായി.
ജിബി റോഡില്‍ നിന്ന് മേലാമുറിയിലേക്ക് പോകുന്നയിടത്തെ റോഡരികിലെ അനധികൃത മതില് നിര്‍മ്മാണത്തിനെതിരെ ഉടമയ്ക്ക് ലഭിച്ച മൂന്നുമാസത്തെ സ്റ്റേ കാലാവധി കഴിഞ്ഞതിനാല്‍ മതില് ഉടന്‍ പൊളിച്ചുനീക്കാന്‍ തീരുമാനിച്ചു.
അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി പുന:സ്ഥാപിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയവും നഗരസഭാ നടപടികള്‍ക്കെതിരെ കോടതിയെ സമീപിക്കുന്നവരേയും കുടുംബാംഗങ്ങളേയും അടുത്ത നഗരസഭാ ടെണ്ടര്‍ നടപടികളില്‍ പങ്കെടുപ്പിക്കരുതെന്ന പ്രമേയവും യോഗം അംഗീകരിച്ചു. പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാന്റിന് സമീപത്തെ അഴുക്കുചാല്‍ സ്വകാര്യവ്യക്തികള്‍ മൂടിയതുമൂലം വെള്ളക്കെട്ടിനാല്‍ ദുരിതമനുഭവിക്കുന്ന എട്ട് കുടുംബങ്ങളുടെ അപേക്ഷ മാനിച്ച് പ്രദേശത്തെത്തി അഴുക്കുചാല്‍ എസ്കവേറ്റര്‍ ഉപയോഗിച്ച് ശരിപ്പെടുത്തുകയാണ് ചെയ്തതെന്നും ഡ്രൈനേജിന്റെ ഉദ്ഘാടനമല്ല നടന്നതെന്നും പ്രദേശവാസികള്‍ നല്കിയ സ്വീകരണത്തില്‍ പങ്കെടുക്കുകയാണുണ്ടായതെന്നും ചെയര്‍പെഴ്സണ്‍ യുഡിഎഫ് അംഗങ്ങളുടെ ആരോപണത്തിന് മറുപടി നല്കി.
നഗരസഭ പിടിച്ചുകെട്ടിയ കന്നുകാലികളെ തിരിച്ചുപിടിച്ചുകൊണ്ടുപോയവര്ക്കെതിരെ പോലിസില്‍ പരാതി നല്‍കിയതായും നിയമവുമായി മുന്നോട്ടുപോകുമെന്നും ചെയര്‍പേഴ്സണ്‍ പ്രമീളാ ശശീധരന് യോഗത്തെ അറിയിച്ചു.
കന്നുകാലി പിടുത്തത്തെ സംബന്ധിച്ച് പരാതികളോ നിര്‍ദ്ദേശങ്ങളോ ഉണ്ടെങ്കില്‍ നല്‍കാമെന്ന് വൈസ് ചെയര്മാന് സി കൃഷ്ണകുമാര്‍ പറഞ്ഞു. പിടികൂടുന്ന കന്നുകാലികള്‍ക്ക് ഭക്ഷണവും വെള്ളവും നല്‍കണമെന്ന ആവശ്യവും കന്നുകാലികളെ അഴിച്ചുവിടുന്നവര്‍ക്കെതിരെ പിഴ ചുമത്തുന്നത് കുറയ്ക്കണമെന്ന ആവശ്യവും ഉയര്‍ന്നു.
യോഗത്തില്‍ ചെയര്‍പേഴ്സണ്‍ പ്രമീളാ ശശീധരന് അധ്യക്ഷത വഹിച്ചു. ചെമ്പകം, കുമാരി, കെ മണി, വി നടേശന്, എന്‍ ശിവരാജന്, സി കൃഷ്ണകുമാര്‍, കെ സാബു, സെയ്തലവി ചര്‍ച്ചയില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: