പാലക്കാട്: മമഴ കുറഞ്ഞതോടെ ചിറ്റൂര്‍പ്പുഴ പദ്ധതി പ്രദേശത്ത് കൃഷിക്കാവശ്യമായ വെള്ളത്തിനു ക്ഷാമം നേരിട്ടുതുടങ്ങി. ഇത് പരിഹരിക്കാന്‍ ആളിയാറില്‍ നിന്ന് അധികജലം ലഭ്യമാക്കണമെന്ന് സംസ്ഥാന ജലവിഭവവകുപ്പ് തമിഴ്നാടിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ആളിയാര്‍ ഡാമില്‍ വെള്ളം കുറവായതിനാല്‍ ചോദിച്ച അളവില്‍ ജലം ലഭിക്കാന്‍ സാധ്യതയില്ലെന്നാണ് തമിഴ്നാടിന്റെ നിലപാട്. ഇത് ലഭിച്ചില്ലെങ്കില്‍ ചിറ്റൂര്‍ മേഖലയിലെ കൃഷിയും കുടിവെള്ളവും ഭീഷണിയിലാകും. ഏകദേശം 40,000 ഏക്കര്‍ പ്രദേശത്ത് ചിറ്റൂര്‍പുഴ പദ്ധതിയെ ആശ്രയിച്ച് നെല്‍ക്കൃഷി ചെയ്യുന്നുണ്ട്.
തമിഴ്നാടും കൃഷി ആവശ്യത്തിനായി ആളിയാര്‍ ഡാമില്‍ നിന്നുള്ള വെള്ളം ഉപയോഗിക്കുന്നുണ്ട്. മണ്‍സൂണ്‍ മഴ ലഭിക്കാതായതോടെയാണ് ഒന്നാം വിള കൃഷി ആവശ്യങ്ങള്‍ക്കായി ആളിയാറില്‍ നിന്ന് കേരളം കൂടുതല്‍ വെള്ളം ആവശ്യപ്പെത്. ഈ മാസം 15 വരെ 250 ദശലക്ഷം ഘനഅടി വെള്ളമാണ് കേരളം ചോദിച്ചിരിക്കുന്നത്. ആളിയാര്‍ ഡാമില്‍ വെള്ളം കുറവായതിനാല്‍ ചോദിച്ച അളവില്‍ ജലം ലഭിക്കാന്‍ സാധ്യതയില്ലെങ്കിലും സെക്കന്റില്‍ 150 ഘനഅടി തോതില്‍ വെള്ളം തുറന്നുവിടാമെന്ന് തമിഴ്നാട് അറിയിച്ചിട്ടുണ്ട്. 3.8 ടിഎംസി സംഭരണശേഷിയുള്ള ആളിയാറില്‍ 0.9 ടിഎംസിയാണു നിലവിലെ ജലനിരപ്പ്. ഈ മാസം 15 വരെ വെള്ളം ലഭിക്കാന്‍ ബുദ്ധിമുട്ടില്ലെങ്കിലും മഴ ലഭിച്ചില്ലെങ്കില്‍ അടുത്ത ദ്വൈവാരത്തില്‍ ജലവിതരണം പ്രതിസന്ധിയിലാകുമെന്ന് അധികൃതര്‍ മുന്നറിയിപ്പുനല്‍കിയിട്ടുണ്ട്.
പറമ്പിക്കുളം, ആളിയാര്‍ ഡാം മേഖലകളില്‍ മഴ തീരെയില്ലാത്ത സാഹചര്യത്തിലാണ് മുന്നറിയിപ്പ്. ഇതേ അവസ്ഥ തുടര്‍ന്നാല്‍ സെപ്റ്റംബര്‍ ഒന്നിന് കേരള ഷോളയാര്‍ ഡാം നിറയ്ക്കണമെന്ന കരാര്‍ വ്യവസ്ഥയും പാലിക്കാനാകില്ല.
കടുത്ത വരള്‍ച്ചയെത്തുടര്‍ന്ന് ഫെബ്രുവരിയും കരാര്‍ പാലിച്ചിരുന്നില്ല. ഫെബ്രുവരിക്കുശേഷം ഇതുവരെയായി കേരള ഷോളയാര്‍ ഡാം നിറയ്ക്കാനായിട്ടില്ലെന്നതും സംസ്ഥാനത്തെ സാരമായി ബാധിക്കും. പറമ്പിക്കുളം സിസ്റ്റം അണക്കെട്ടുകളിലും ജലനിരപ്പ് കുറവാണ്.
മഴയില്ലാത്തതിനാല്‍ ചുള്ളിയാര്‍, മീങ്കര, വാളയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ആശങ്കാജനകമാംവിധം താഴെയാണ്. 11.30ദശലക്ഷം ഘനമീറ്റര്‍ ശേഷിയുള്ള മീങ്കര അണക്കെട്ടില്‍ 1.67 ദശലക്ഷം ഘനമീറ്റര്‍ വെള്ളം മാത്രമാണുള്ളത്. കഴിഞ്ഞ വര്‍ഷം ഇത് 9.367ആയിരുന്നു. വാളയാര്‍ അണക്കെട്ടില്‍ 18.40 ദശലക്ഷം ഘനമീറ്റര്‍ പരമാവധി ശേഷിയായിരിക്കെ ഇപ്പോഴുള്ളത് 3.94 ദശലക്ഷം ഘനമീറ്റര്‍ മാത്രം. കഴിഞ്ഞ വര്‍ഷമിത് 13.633 ദശലക്ഷം ഘനമീറ്ററായിരുന്നു. ചുള്ളിയാറില്‍ 1.217ദശലക്ഷം ഘനമീറ്റര്‍ വെള്ളം മാത്രമാണുള്ളത്. 4.179 ദശലക്ഷം ഘനമീറ്ററായിരുന്നു കഴിഞ്ഞവര്‍ഷം. ആകെ ശേഷി 13.70 ദശലക്ഷം ഘനമീറ്ററാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: