കരുവാരകുണ്ട്: നേന്ത്രക്കാവില ഉയര്‍ന്ന നിലവാരത്തില്‍ തുടരുമ്പോഴും അനുഭവയോഗമില്ലാതെ കര്‍ഷകര്‍. പ്രതികൂല സാഹചര്യങ്ങളെ തരണം ചെയ്താണ് ഈ സീസണില്‍ നേന്ത്രവാഴ കൃഷിയുമായി മുന്നോട്ടു നീങ്ങിയത്. എന്നാല്‍ വാഴ കുലച്ചതോടെ വിലയുണ്ടങ്കിലും കര്‍ഷകരുടെ ആശങ്കയും വര്‍ധിച്ചു വരികയാണ്. ഒരു കിലോ നേന്ത്രക്കായക്ക് നാല്പത്തി അഞ്ചു രൂപക്കാണ് വ്യാപാരികള്‍ വാങ്ങുന്നത്. കഴിഞ്ഞ ഇതേ സീസണില്‍ ഇരുപത്തി അഞ്ചു രൂപ വരെയായിരുന്നു വില ലഭിച്ചു കൊണ്ടിരുന്നത്. വാഴക്കുലകുലകള് മൂപ്പെത്തുന്നതിനു മുമ്പേ കിളികളും വാനരപ്പടയും കായ്കള്‍ ഒന്നായി നാശം വരുത്തുന്നതാണ് കര്‍ഷകര്‍ നേരിടുന്ന പ്രധാന പ്രശ്നം. വാഴക്കുല പ്ലാസ്റ്റിക് ചാക്ക് ഉപയോഗിച്ച് മൂടി കിളി ശല്യത്തില്‍ നിന്നും രക്ഷപ്പെടുത്തിയാലും വാനരപ്പടയുടെ ആക്രമത്തെ ചെറുക്കാന്‍ ആവതു ശ്രമിച്ചിട്ടും ഫലം കാണുന്നില്ലന്നാണ് കര്‍ഷകര്‍ പറയുന്നത്. രാവും പകലും ഭേദമില്ലാതെ ഇവയുടെ ആക്രമം തുടരുകയാണ്. മൂപ്പെത്താത്ത കായ്കള്‍ ഇവ ഭക്ഷണമാക്കുന്നതിനു പുറമേ പട്ടകള് ഒടിച്ചും കായ്കള്‍ നാശം വരുത്തുന്നതും ഇവയുടെ വിനോദമാണ്. ഉറക്കമിളച്ചു കാവലിരുന്നാണ് കുരങ്ങിന്റെ ആക്രമണത്തില്‍ നിന്നും നേന്ത്രവാഴകളെ സംരക്ഷിച്ചു പോരുന്നത്. നേന്ത്രകായ്ക്ക് കഴിഞ്ഞ പത്തു വര്‍ഷത്തിനുള്ളിലെ ഏറ്റവും ഉയര്‍ന്ന വിലയാണ് കര്‍ഷകര്‍ക്കു ലഭിക്കുന്നത്. കഴിഞ്ഞ നാളുകളിലനുഭവപ്പെട്ട വിലത്തകര്‍ച്ചയും വന്യമൃഗശല്യവും മൂലം കര്‍ഷകരിലധികവും വാഴ കൃഷിയോട് വിട പറഞ്ഞതിനെ തുടര്‍ന്നാണ് ഇപ്പോഴനുഭവപ്പെടുന്ന വിലക്കയറ്റത്തിനു സാഹചര്യം സൃഷ്ടിച്ചതെന്നു കര്‍ഷകര്‍ പറയുന്നു. വന്യമൃഗങ്ങളുടെ ആക്രമണത്തെ തുടര്‍ന്ന് കര്‍ഷകര്‍ക്കുണ്ടാകുന്ന നഷ്ടം പരിഹരിക്കണമെന്നാവശ്യപ്പെട്ട് വനം വകുപ്പധികൃതരെ സമീപിച്ചാലും ഫലമില്ലന്നാണ് കര്‍ഷകര്‍ ചൂണ്ടി കാണിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: