പെരിന്തല്‍മണ്ണ; അടുത്തകാലത്തൊന്നും പെരിന്തല്‍മണ്ണയിലെ ചെറുപ്പക്കാര്‍ ഇത്രയധികം ലൈക്കും ഷെയറും ചെയ്ത ഒരു ഫോട്ടോ ഉണ്ടാവില്ല. കാരണം, ആ ഫോട്ടോ നല്കിയ സന്ദേശം അത്രമാത്രം വലുതായിരുന്നു. തിരക്കേറിയ അങ്ങാടിപ്പുറം ടൗണില്‍ അന്ധനായ വൃദ്ധനെ ബസില്‍ കയറാന്‍ സഹായിക്കുന്ന ട്രാഫിക് പോലീസ്.
കണ്ണുകാണുന്നവര്ക്ക് പോലും ബുദ്ധിമുട്ടാണ് അങ്ങാടിപ്പുറം ജംഗ്ഷനില്‍ റോഡ് മുറിച്ചു കടക്കാനും ബസില്‍ കയറാനും. ഗതാഗതം നിയന്ത്രിക്കുന്നതിനിടയിലാണ് തപ്പിതടയുന്ന വൃദ്ധനെ ഈ പോലീസ് ഓഫീസര്‍ കാണുന്നത്. ഉടന്‍ കാരുണ്യഹസ്തവുമായി ഓടിയെത്തി. ഇത് കണ്ട അങ്ങാടിപ്പുറം പവിത്രം സ്റ്റുഡിയോ ഉടമ പവിത്രന് ആരും കാണാതെ ഒരു ഫോട്ടോയും എടുത്തു. പുതുതലമുറക്ക് ഒരു സന്ദേശം ആകട്ടെയെന്ന് കരുതി അദ്ദേഹം അത് ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തു. ഫോട്ടോയുടെ മഹത്വം മനസിലാക്കിയ ന്യൂജന്‍ തലമുറ സോഷ്യല്‍ മീഡിയ വഴി പരമാവധി പ്രചരിപ്പിക്കുകയും ചെയ്തു. ദിവസങ്ങള്‍ക്കുള്ളില്‍ പതിനായിരത്തിലധികം ഷെയറുകളാണ് ഈ ചിത്രം നേടിയത്. ചിത്രം കണ്ടവരൊക്കെ നന്മയുള്ള ആ പോലീസുകാരനെ തിരിച്ചറിയുകയും ചെയ്തു. പെരിന്തല്‍മണ്ണ ട്രാഫിക് ജംഗ്ഷനിലും ബൈപാസിലും അങ്ങാടിപ്പുറത്തും ഒക്കെ ചിട്ടയായി ഗതാഗതം നിയന്ത്രിക്കുന്ന അനില്‍ ചാക്കോയായിരുന്നു ആ പോലീസ് ഉദ്യോഗസ്ഥന്. മമ്മൂട്ടിയെ അനുകരിച്ച് കൂളിംഗ് ഗ്ലാസ് വെക്കുന്നത് അദ്ദേഹത്തിന് ഒരു വീക്ക്നെസ് ആണെങ്കിലും ചിത്രം കണ്ടവര്‍ക്ക് തിരിച്ചറിയാന്‍ അത് എളുപ്പമായി. ട്രാഫിക് പോലീസ് ഏറ്റവും അധികം ബുദ്ധിമുട്ട് അനുഭവിക്കുന്ന ജില്ലയിലെ സ്ഥലങ്ങളാണ് ആശുപത്രി നഗരിയായ പെരിന്തല്‍മണ്ണയും ക്ഷേത്ര നഗരിയായ അങ്ങാടിപ്പുറവും. പ്രത്യേകിച്ച് മേല്‍പ്പാലം പണി നടക്കുന്ന സമയത്ത് ഇവര്‍ അനുഭവിച്ച ബുദ്ധിമുട്ടിന് കൈയ്യും കണക്കുമില്ല. അന്നൊക്കെ ഏറ്റവും അധികം പഴി കേട്ടവരാണ് പെരിന്തല്‍മണ്ണയിലെ പോലീസുകാര്‍.
എന്നാല്‍ അനില്‍ ചാക്കോ എന്ന ഈ പോലീസ് ഓഫീസറുടെ ചെറിയൊരു പ്രവര്‍ത്തി കാരണം ഡിപ്പാര്‍ട്ട്മെന്റിനെ ഒന്നടക്കം പൊതുസമൂഹം പുകഴ്ത്തുകയാണ്. ആര്‍ക്കും ആരെയും ശ്രദ്ധിക്കാന്‍ സമയമില്ലാത്ത ഈ കാലത്ത് ഇത്തരം പ്രവര്‍ത്തികള്‍ നല്കുന്ന സന്ദേശം ഏറെ പ്രസക്തമാണ്. ഇങ്ങനെയാകുമ്പോഴാണ് പോലീസിനെ ജനമൈത്രി പോലീസ് എന്ന് ജനം വിളിക്കുന്നതും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: