ഭരണാധികാരികളുടെ അവഗണനമൂലം ദുരിതത്തിലായ രവീന്ദ്രനും തകര്‍ന്നു വീഴാറായ വീടും
ഇരിങ്ങാലക്കുട : കാലങ്ങളായി താമസിക്കുന്ന അരയേക്കറോളം സ്ഥലത്തിന് രേഖകളില്ലാത്തിനാല്‍ മനോരോഗിയായ യുവാവ് ദുരിതത്തില്‍. പടിയൂര്‍ പഞ്ചായത്തിലെ ചെട്ടിയാല്‍ സൗത്തിലാണ് തെക്കെത്തലക്കല്‍ രവീന്ദ്രനെന്ന അവിവാഹിതനായ യുവാവ് ദുരിതക്കയത്തില്‍ ദിനരാത്രങ്ങള്‍ തള്ളിനീക്കുന്നത്. മാതാപിതാക്കള്‍ നേരത്തെതന്നെ മരിച്ച രവീന്ദ്രന് സഹോദരിമാരുടെ വിവാഹം കൂടി കഴിഞ്ഞതോടെ പ്ലാസ്റ്റിക് ഷീറ്റും പനമ്പും കൊണ്ട് മറച്ച ചോര്‍ന്നൊലിക്കുന്ന വീടിനുള്ളില്‍ വര്‍ഷങ്ങളായി ഒറ്റയ്ക്കാണ് താമസം. കുറച്ചുകാലം മുന്‍പ് വരെ കൂലിപ്പണിക്ക് പോയി അന്നത്തിനുള്ള വക കണ്ടെത്തിയിരുന്ന രവീന്ദ്രന് രോഗങ്ങള്‍ വിട്ടൊഴിയാതായതോടെ പട്ടിണിയിലാണ്. ആശ്രയ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയതിനാല്‍ വീട്ടുചിലവിനുള്ള പലചരക്ക് സാധനങ്ങള്‍ പഞ്ചായത്തില്‍ നിന്നും ലഭിക്കുന്നുണ്ടെങ്കിലും ചോര്‍ന്നൊലിക്കുന്ന വീടിനുള്ളില്‍ അവ കേടാകാതെ സൂക്ഷിക്കാനുള്ള സംവിധാനങ്ങളോ പാചകം ചെയ്യാനുള്ള അടുക്കളയോ ഇല്ല. കുടിക്കാന്‍ ശുദ്ധവെള്ളമോ പ്രഥമികാവശ്യങ്ങള് നിര്‍വ്വഹിക്കാന്‍ കക്കൂസോ പോലുമില്ലാത്ത വീട് ഏതു നിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലാണ്. മൂന്ന് തലമുറകള്‍ക്ക് മുമ്പാണ് തെക്കെത്തലക്കല്‍ കുടുംബം രണ്ടേക്കറോളം വരുന്ന ഭൂമിയില്‍ താമസമാരംഭിച്ചത്. അന്നത്തെ സാമൂഹിക വ്യവസ്ഥയും കാരണവന്മാരുടെ അജ്ഞതയും കാരണം കൈവശ രേഖകളോ ആധാരമോ ലഭ്യമാക്കാന്‍ സാധിച്ചിരുന്നില്ല. രവീന്ദ്രന് മാത്രമല്ല സമീപവാസികളായ അഞ്ചോളം കുടുംബങ്ങള്‍ക്കും ഇതുവരെ കൈവശ രേഖയോ പട്ടയമോ നേടാന്‍ കഴിഞ്ഞിട്ടില്ല. മാത്രമല്ല സര്‍ക്കാര്‍ ആവശ്യപ്പെടുന്ന രേഖകള്‍ ഹാജരാക്കാന്‍ സാധിക്കാത്തതിനാല്‍ വീട് പുനര്നിര്മിക്കുന്നതിനടക്കമുള്ള യാതൊരു ധനസഹായങ്ങളും ഇവര്‍ക്ക് ലഭിക്കുന്നില്ല. പൂര്‍വ്വികരായി കൈമാറിക്കിട്ടിയ ഭൂമിക്ക് പട്ടയം കൊടുക്കാനും വാസയോഗ്യമായ വീട് നിര്‍മ്മിക്കാനായി സഹായധനം അനുവദിക്കാനും ബന്ധപ്പെട്ട അധികൃതര്‍ ദയ കാണിക്കാത്തതിനാല്‍ മഴക്കാലത്ത് ഇയാള്‍ക്ക് മുകളില്‍ പെയ്തിറങ്ങുന്നത് ദുരിതം തന്നെയാണ്. സുമനസുകളുടെ സഹായം മാത്രമാണ് ഇനി ഇയാളുടെ പ്രതീക്ഷ. രവീന്ദ്രന് സഹായം ചെയ്യാന്‍ താല്‍പ്പര്യമുള്ളവര്‍ താഴെ കാണുന്ന നമ്പറുകളില്‍ ബന്ധപ്പെടുക. 9061161555, 9745043009.
പ്രതികരിക്കാൻ ഇവിടെ എഴുതുക: